അഭിഭാഷകനെ വെക്കാന്‍ പി സി ജോര്‍ജിന് സ്പീക്കറുടെ അനുമതി

Posted on: September 1, 2015 10:33 pm | Last updated: September 1, 2015 at 10:33 pm

pc georgeതിരുവനന്തപുരം: കൂറുമാറ്റ നിരോധന നിയമപ്രകാരം പി സി ജോര്‍ജിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതിയില്‍ അഭിഭാഷകനെ വെക്കാന്‍ ജോര്‍ജിന് സ്പീക്കറുടെ അനുമതി. പരാതിയില്‍ തെളിവു നല്‍കാന്‍ ഹാജരായപ്പോഴാണ് അഭിഭാഷകനെ വെക്കാന്‍ ജോര്‍ജ് അനുമതി തേടിയത്. പരാതി വീണ്ടും പരിഗണിക്കുന്ന 15ന് ജോര്‍ജിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. കെ രാംകുമാര്‍ ഹാജരാകും. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനാണ് ജോര്‍ജിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. ഉണ്ണിയാടനോടും ഇന്നലെ ഹാജരാകാന്‍ ആശ്യപ്പെട്ടിരുന്നെങ്കിലും അസൗകര്യം അറിയിച്ചതിനാല്‍ 15ന് ഹാജരാകാന്‍ നിര്‍ദേശിച്ചു. അയോഗ്യനാക്കാന്‍ നല്‍കിയ കത്ത് നിയമപരമല്ലെന്നാണ് പി സി ജോര്‍ജിന്റെ വാദം.
ഉണ്ണിയാടന്റെ പരാതിയില്‍ സര്‍ക്കാറില്‍ ഉന്നത പദവി വഹിക്കുന്ന കെ എം മാണിയെ ഉള്‍പ്പെടുത്തിയത് സ്പീക്കറുടെ തീരുമാനത്തെ സ്വാധീനിക്കാനാണെന്ന് ജോര്‍ജ് ആരോപിച്ചു. നിയമ വിദഗ്ധനായ നിയമമന്ത്രി തന്നെ തനിക്കെതിരെ കക്ഷിയായി രംഗത്തുണ്ട്. അതിനാല്‍, ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സ്പീക്കറെ ബോധ്യപ്പെടുത്താന്‍ തനിക്ക് അഭിഭാഷകന്റെ സഹായം ആവശ്യമാണ്. പരാതിക്കാരനായ തോമസ് ഉണ്ണിയാടനോടുകൂടി ഫോണില്‍ സംസാരിച്ച ശേഷമാണ് ഈ മാസം 15ന് കൂടുതല്‍ വാദത്തിനായി അഭിഭാഷകനുമായി എത്താന്‍ സ്പീക്കര്‍ എന്‍ ശക്തന്‍ പി സി ജോര്‍ജിന് നിര്‍ദേശം നല്‍കിയത്. രാംകുമാറുമൊത്ത് ഈ മാസം 15ന് സ്പീക്കര്‍ക്ക് മുമ്പാകെ വീണ്ടും ഹാജരാകുമെന്ന് ജോര്‍ജ് പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. താന്‍ സ്പീക്കര്‍ക്ക് നല്‍കിയ കത്താണ് തനിക്ക് ഏറ്റവും സഹായകരമായിട്ടുള്ളത്. തന്നെ മാണി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അതോടെ താന്‍ ഒരുപാര്‍ട്ടിയിലും അംഗമല്ലെന്നാണ് പറഞ്ഞിരിക്കുന്നത്. മറ്റൊരു പാര്‍ട്ടിയിലും താന്‍ അംഗത്വം എടുത്തിട്ടില്ലെന്ന് ജോര്‍ജ് പറഞ്ഞു.
പരാതി നിലനില്‍ക്കുന്നതല്ലെന്ന് കണ്ട് സ്പീക്കര്‍ തള്ളിയാല്‍ പ്രശ്‌നം തീരും. പരാതിയുമായി മുന്നോട്ടുപോയാല്‍ നിയമപോരാട്ടം തുടരും. ഇക്കാര്യത്തില്‍ സുപ്രീംകോടതിവരെ പോകണമെന്നാണ് തന്റെ നിലപാട്. ഒരാള്‍ എം എല്‍ എയായിക്കഴിഞ്ഞാല്‍ പിന്നെ അവകാശമേയുള്ളൂ കടമയില്ലെന്നു പറയുന്നത് അംഗീകരിക്കാനാകില്ല. പാര്‍ട്ടി പറയുന്ന എന്തും ചെയ്യണമെന്നത് ശരിയല്ല. മാത്രമല്ല, വിവിധ നിയമസഭകളില്‍ വ്യത്യസ്തമായ ചട്ടങ്ങളും നടപടിക്രമങ്ങളുമാണുള്ളത്. ഇതിലൊക്കെ വ്യക്തത വരണം. അതിനു സുപ്രീംകോടതി വരെ പോകുമെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
പരാതിയില്‍ രണ്ടാം കക്ഷിയായ മന്ത്രി കെ എം മാണി നടത്തിയ ചില പ്രസ്താവനകളുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ വിശദീകരണം ചോദിച്ചത് നിയമപ്രകാരമല്ലെന്ന് സ്പീക്കര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ ജോര്‍ജ് വ്യക്തമാക്കി. ഈ പരാതിയില്‍ രണ്ടാം കക്ഷിയില്ല. പരാതിക്കാരനായ തോമസ് ഉണ്ണിയാടന്‍ മാത്രമാണുള്ളത്. നിയമസഭയുടെ നിയമങ്ങളും ചട്ടങ്ങളും പ്രകാരം ഒരു അംഗം സമര്‍പ്പിക്കുന്ന പരാതിയില്‍ യാതൊരു ബന്ധവുമില്ലാത്ത വ്യക്തികളുടെ അഭിപ്രായങ്ങളോ നിര്‍ദേശങ്ങളോ സ്വീകരിക്കാന്‍ നിയമം അനുവദിക്കുന്നില്ല. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ സ്പീക്കര്‍ സ്വീകരിക്കാനും പാടില്ല. അതിനാല്‍ ഉണ്ണിയാടന്റെ പരാതി തീര്‍ത്തും നിയമവിരുദ്ധവും മുന്‍ധാരണയുടെ അടിസ്ഥാനത്തിലുള്ളതുമാണെന്നാണ് ജോര്‍ജിന്റെ വാദം.