പോള്‍ മുത്തൂറ്റ് വധം: വിധി ദിനത്തിലും അവ്യക്തത ബാക്കി

Posted on: September 1, 2015 10:24 pm | Last updated: September 1, 2015 at 10:24 pm

paul muthootതിരുവനന്തപുരം: യുവ വ്യവസായി മുത്തൂറ്റ് പോള്‍ ജോര്‍ജ് വധക്കേസില്‍ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം കോടതി വിധി വരുമ്പോഴും ആശയക്കുഴപ്പങ്ങള്‍ ബാക്കിയാണ്. 2009 ആഗസ്റ്റ് 21 ന് അര്‍ധരാത്രി ആലപ്പുഴ ജ്യോതി ജംഗ്ഷനില്‍ നടന്ന കൊലപാതകം മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.
മറ്റൊരു ക്വട്ടേഷന്‍ ആക്രമണത്തിനായി ആലപ്പുഴക്ക് പോകും വഴി ബൈക്കപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ പോള്‍ ജോര്‍ജിനെ കൊലപ്പെടുത്തിയെന്നാണ് കേസ് അന്വേഷിച്ച സി ബി ഐയുടെ കണ്ടെത്തല്‍. പെട്ടെന്നുണ്ടായ പ്രകോപനം കൊണ്ട് ഒരു കൂട്ടം ഗുണ്ടകള്‍ സംസ്ഥാനത്തെ വ്യവസായ പ്രമുഖന്റെ മകനെ കുത്തി കൊലപ്പെടുത്തുകയോയെന്ന സംശയം ഈ കണ്ടെത്തല്‍ വന്ന നാള്‍ മുതല്‍ വിധി ദിനത്തിലും അവശേഷിക്കുന്ന ചോദ്യമാകുകയാണ്.
പോള്‍ മുത്തൂറ്റ് വധക്കേസിനെ ആസ്പദമാക്കി ചിത്രീകരിച്ച ‘ത്രില്ലര്‍’ എന്ന സിനിമയില്‍ ഉന്നയിച്ച അതേ സംശയങ്ങള്‍ തന്നെയാണ് കേസന്വേഷണത്തിലുടനീളം മുഴച്ചു നിന്നത്. കാരി സതീശും കൂട്ടരുമാണ് ആലപ്പുഴ പൊങ്ങയില്‍ വെച്ച് പോള്‍ ജോര്‍ജിനെ കുത്തി കൊലപ്പെടുത്തിയത് എന്നായിരുന്നു സംസ്ഥാന പോലീസിന്റെ കണ്ടെത്തല്‍. കൃത്യത്തിനുപയോഗിച്ച എസ് കത്തി കാരി സതീശിന്റെ വീട്ടിലെ കട്ടിലിനടയില്‍ നിന്ന് കണ്ടെടുത്തെങ്കിലും ഇതൊരു നാടകമാണെന്ന് തെളിയുന്ന തരത്തില്‍ കത്തി കട്ടിലിനടിയില്‍ കൊണ്ടിടുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതം തെളിവുകള്‍ പുറത്തു വന്നു. എറണാകുളം റേഞ്ച് ഐ ജിയായിരുന്ന വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തില്‍ ആദ്യം അന്വേഷണം നടത്തി 25 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍, എസ് കത്തിയുള്‍പ്പെടെ അന്വേഷണത്തില്‍ അപാകതയുണ്ടെന്ന് ചൂണ്ടികാട്ടി പോള്‍ ജോര്‍ജിന്റെ അച്ഛന്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് അന്വേഷണം സി ബി ഐക്ക് കൈമാറിയത്. ഇതോടെയാണ് മുത്തൂറ്റ് കുടുംബം സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ എത്തിയത്.
2012 നവംബര്‍ 19 ന് ആരംഭിച്ച വിചാരണയില്‍ പോള്‍ ജോര്‍ജിന്റെ ഡ്രൈവര്‍ ഷിബു തോമസ് അടക്കം 123 സാക്ഷികളുടെ മൊഴികളാണ് കോടതി രേഖപ്പെടുത്തിയത്. പോള്‍ ജോര്‍ജിനെ കൊലപ്പെടുത്തിയതിനും മറ്റൊരു ക്വട്ടേഷന് പോയതിനും ചങ്ങനാശ്ശേരി സംഘത്തിനെതിരെ രണ്ട് കുറ്റപത്രങ്ങള്‍ സി ബി ഐ സമര്‍പ്പിച്ചെങ്കിലും ഇവ ഒന്നിച്ചാക്കി വിചാരണ നടത്തുകയായിരുന്നു.
കുത്തേല്‍ക്കുന്ന സമയത്ത് പോളിനൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്ന കുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും പിന്നീട് ഒളിവില്‍ പോയി. ഏതെങ്കിലും വ്യവസായ വൈരാഗ്യമാണോ പോള്‍ ജോര്‍ജിന്റെ കൊലപാതകത്തിനു പിന്നിലെന്നായിരുന്നു നിഴലിച്ചത്. സംസ്ഥാന പോലീസ് ഇരുവരെയും പ്രതിപ്പട്ടികയില്‍പ്പെടുത്തിയെങ്കിലും സി ബി ഐ ഇവരെ മാപ്പുസാക്ഷികളാക്കുകയായിരുന്നു. എന്നാല്‍ വ്യവസായ പ്രമുഖനായ പോള്‍ ജോര്‍ജിനൊപ്പം കുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും എങ്ങനെയെത്തി എന്ന സംശയം അവശേഷിക്കുന്നു.
കൊലക്ക് ഉപയോഗിച്ചുവെന്നു പറഞ്ഞ് പോലീസ് കണ്ടെത്തിയ എസ് ആകൃതിയിലുള്ള കത്തിയും ഈ കേസിനെ വിവാദത്തിലാക്കിയിരുന്നു. കേസില്‍ പോലീസ് ആദ്യം കണ്ടെടുത്ത എസ് ആകൃതിയുളള കത്തിയല്ല കൊലക്ക് ഉപയോഗിച്ചതെന്ന് പിന്നീട് സി ബി ഐ കണ്ടെത്തി.
തുടര്‍ന്ന് കൊലക്കുപയോഗിച്ച യഥാര്‍ഥ കത്തി കണ്ടെത്തി കോടതിയില്‍ ഹാജരാക്കിയിരുന്നു. എല്ലാ സംശയങ്ങള്‍ക്കും മറുപടിയായി ഇഴപൊട്ടാത്ത ഒരു കഥ സി ബി ഐ പറയുന്നുണ്ടെങ്കിലും മുന്‍പരിചയമില്ലാത്തെ ആദ്യമായി നേരില്‍ക്കാണുന്ന പോളിനെ വാഹനത്തില്‍ വലിച്ചിറക്കി കുത്തികൊലപ്പെടുത്താന്‍ എന്തായിരുന്നു ഇത്ര പ്രകോപനം എന്ന സംശയം ബാക്കി നില്‍ക്കുന്നു.