നിക്ഷേപ സാധ്യതകളിലേക്ക് യാത്ര

Posted on: September 1, 2015 5:21 pm | Last updated: September 1, 2015 at 5:21 pm

kannadiഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ യു എ ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാനും സംഘവും നാളെ ഡല്‍ഹിയിലെത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി യു എ ഇ സന്ദര്‍ശിച്ചതിന്റെ തുടര്‍ച്ചയാണിത്. പരസ്പരം നിക്ഷേപം വര്‍ധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. ശൈഖ് അബ്ദുല്ലയും സംഘവും രണ്ടു ദിവസമാണ് ഇന്ത്യയിലുണ്ടാവുക. താമസിയാതെ ഇന്ത്യന്‍ വാണിജ്യ മന്ത്രി യു എ ഇയിലെത്തുകയും ചെയ്യും.
ഇന്ത്യ-യു എ ഇ സംയുക്ത സമിതി (ജോയിന്റ് കമ്മീഷന്‍) ഡല്‍ഹിയില്‍ യോഗം ചേരുമ്പോള്‍ ശൈഖ് അബ്ദുല്ലയുടെയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെയും സാന്നിധ്യം വലിയ ഗുണം ചെയ്യും. സാങ്കേതികവും സാമ്പത്തികവുമായ കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയക്ക് ഊര്‍ജം പകരും. സഹ മന്ത്രി റീം ഇബ്‌റാഹീം അല്‍ ഹാശിമി, വാണിജ്യ കാര്യ സഹമന്ത്രി ഖാലിദ് ഗാനിം അല്‍ ഗൈത്ത്, അബുദാബി ചേംബര്‍ ഡയറക്ടര്‍ എം എ യൂസുഫലി, ഡി പി വേള്‍ഡ് ചെയര്‍മാന്‍ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായം തുടങ്ങിയവര്‍ സംഘത്തിലുണ്ട്. യു എ ഇ ഇന്ത്യന്‍ സ്ഥാനപതിയും ചര്‍ച്ചകളില്‍ പങ്കെടുക്കും.
കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ നടത്തിപ്പ് ഉള്‍പ്പടെ പല പദ്ധതികളും ഇന്ത്യയില്‍ ഡി പി വേള്‍ഡിനുണ്ട്. കൂടുതല്‍ നിക്ഷേപാവസരം ലഭ്യമാക്കാന്‍ ഡി പി വേള്‍ഡ് ശ്രമിക്കും. എമിറേറ്റ്‌സ് എയര്‍ലൈന്‍സ്, ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി തുടങ്ങിയവയുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്നതും നിക്ഷേപ സാധ്യതകള്‍ തേടിയാണ്. ഇന്ത്യയില്‍ ലക്ഷം കോടി ഡോളറിന്റെ നിക്ഷേപാവസരം ഉണ്ടെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യു എ ഇ ഭരണാധികാരികളെ അറിയിച്ചിരിക്കുന്നത്.
യു എ ഇയുടെ ബഹിരാകാശ ഗവേഷണ പദ്ധതികളില്‍ ഇന്ത്യക്ക് നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയും. സാങ്കേതികമായ സഹായമാണ് യു എ ഇ പ്രതീക്ഷിക്കുന്നത്. എന്തു തന്നെയായാലും ഇന്ത്യ-യു എ ഇ ബന്ധം ചലനാത്മകമാണ്. ഇത് യു എ ഇയിലുള്ള 24 ലക്ഷം ഇന്ത്യക്കാര്‍ക്ക് ഗുണകരമാണ്.
ഇതിനിടയില്‍ ഇന്ത്യക്കും യു എ ഇക്കുമിടയില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ സാധാരണക്കാര്‍ ആഗ്രഹിച്ചു പോവുകയാണ്. കേരളത്തിനും ഗള്‍ഫ് മേഖലക്കുമിടയില്‍ വിമാനങ്ങളില്‍ തിരക്കൊഴിഞ്ഞ നേരമില്ല. ദുബൈ-കോഴിക്കോട്-ദുബൈ പോലുള്ള റൂട്ടുകളില്‍ വേനലവധിക്കാലത്ത് വന്‍തുകയാണ് വിമാനക്കമ്പനികള്‍ ഈടാക്കുന്നത്. എമിറേറ്റ്‌സിന് കീഴിലുള്ള ഫ്‌ളൈ ദുബൈയും അബുദാബിയിലെ ഇത്തിഹാദും കൂടുതല്‍ സര്‍വീസുകള്‍ക്ക് അനുമതി ചോദിച്ചിട്ടുണ്ട്. കൂടുതല്‍ വിമാനങ്ങള്‍ വരുന്നതോടെ നിരക്ക് കുറയാന്‍ സാധ്യതയുണ്ട്. പോരാത്തതിന് ഇന്ത്യയുടെ വിമാനക്കമ്പനികളില്‍ നിക്ഷേപം നടത്താന്‍ ഇത്തിഹാദും എമിറേറ്റ്‌സും തയ്യാറായി നില്‍ക്കുന്നു. ഇത്തിഹാദ് ഇതിനകം തന്നെ ജെറ്റ് എയര്‍വേസിന്റെ 20 ശതമാനം ഓഹരി കൈക്കലാക്കിയിട്ടുണ്ട്.
ഇടത്തരക്കാരുടെ നിക്ഷേപത്തിന്റെ സുരക്ഷിതത്വത്തിന് ധാരണയുണ്ടാകണമെന്നും പലരും ആഗ്രഹിക്കുന്നു. യു എ ഇയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ധാരാളം ഇന്ത്യക്കാര്‍ പണമിറക്കുന്ന പശ്ചാത്തലത്തില്‍ ഇത് അനിവാര്യം.
കെ എം എ