Connect with us

National

ഷീന ബോറ ജീവിച്ചിരിക്കുന്നുവെന്ന് മാതാവിന്റെ മൊഴി

Published

|

Last Updated

മുംബൈ: ഷീന ബോറ കൊല്ലപ്പെട്ടിട്ടില്ലെന്നും യു എസില്‍ ജീവിച്ചിരിപ്പുണ്ടെന്നും മാതാവ് ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴി. ഷീന ബോറയെ കൊലപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ ഇന്ദ്രാണി മുഖര്‍ജിയെ ചോദ്യം ചെയ്യലിനിടെ പോലീസിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മകള്‍ക്ക് തന്നോട് വെറുപ്പാണെന്നും അതിനാലാണ് അവളെ കൊലപ്പെടുത്തിയെന്ന പേരില്‍ താന്‍ ജയിലിലടക്കപ്പെട്ടിട്ടും അവള്‍ വരാത്തതെന്നും ഇന്ദ്രാണി മുഖര്‍ജി വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇന്ദ്രാണിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അവര്‍ പറയുന്ന സമയത്ത് യു എസിലേക്ക് പോയ യാത്രക്കാരുടെ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചുതുടങ്ങി.

അതിനിടെ, കൊല്ലപ്പെടുമ്പോള്‍ ഷീന ഗര്‍ഭിണിയായിരുന്നുവെന്ന വെളിപ്പെടുത്തലുകളും പുറത്തുവന്നു. ഇന്ദ്രാണിയുടെ ഭര്‍ത്താവും സ്റ്റാര്‍ ടി വി മുന്‍ സി ഇ ഒയുമായ പീറ്റര്‍ മുഖര്‍ജിയുടെ അടുത്ത സുഹൃത്തുക്കളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ദ്രാണിയുമായി വളരെ അടുപ്പമുള്ള വ്യക്തിയാണ് ഷീനയെ ഗര്‍ഭിണിയാക്കിയതെന്നും സുഹൃത്തുക്കളെ ഉദ്ദരിച്ച് ദി ക്യുന്റ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഷീന ബോറയുടെ നമ്പറില്‍ നിന്ന് അയച്ച ചില എസ് എസ് എം എസുകളും ഇന്ന് പുറത്തുവന്നിട്ടുണ്ട്. പീറ്റര്‍ മുഖര്‍ജിയുടെ ആദ്യ ഭാര്യയിലുള്ള മകന്‍ രാഹുലിന്റെ നമ്പറിലേക്കാണ് എസ് എം എസുകള്‍ വന്നതെന്ന് മിഡ് ഡേ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
1) ഞാന്‍ യു എസിലേക്ക് പോകുന്നു, എന്നെ പിന്തുടരരുത് 2) നിങ്ങളുമായുള്ള ബന്ധത്തിന് എനിക്ക് താല്‍പര്യമില്ല, എന്നെ വിളിക്കരുത്, സന്ദേശങ്ങള്‍ അയക്കരുത്. ഞാനിവിടെ സന്തുഷ്ടയാണ്. 3) എനിക്ക് നിങ്ങളില്‍ താല്‍പര്യമില്ലെന്ന് പറഞ്ഞുകഴിഞ്ഞു, മനസ്സിലാകുന്നില്ലേ 4) ഞാന്‍ അമേരിക്കയിലാണ് 5) എനിക്ക് പുതിയൊരാളെ കണ്ടെത്താനായി.. അദ്ദേഹത്തിനൊപ്പം ഞാന്‍ സന്തുഷ്ടയാണ്, നിങ്ങളില്‍ താല്‍പര്യമില്ല. അദ്ദേഹത്തോടൊപ്പം യു.എസ്.എയില്‍ സ്ഥിരതാമസമാക്കാന്‍ ആഗ്രഹിക്കുന്നു…. എന്നിവയാണ് സന്ദേശങ്ങള്‍.

എന്നാല്‍ ഈ സന്ദേശങ്ങള്‍ ഷീന തന്നെ അയച്ചതാണോ എന്നതില്‍ സംശയമുണ്ട്. ഇന്ദ്രാണിയുടെ നിര്‍ദേശപ്രകാരം മകന്‍ മിഖായേല്‍ ആണ് ഈ സന്ദേശങ്ങള്‍ അയച്ചതെന്നും സംശയമുണ്ട്.

2012 ഏപ്രില്‍ 24ന് ഷീനയെ മാതാവും രണ്ടാനച്ഛനും ഡ്രൈവറും ചേരന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. ശേഷം മൃതദേഹം സ്യൂട്ട് കേസിലാക്കി വനത്തില്‍ തള്ളുകയും കത്തിക്കുകയുമായിരുന്നു. മൃതദേഹം കൊണ്ടുപോകാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന സ്യൂട്ട് കേസുകളും ഷീനയുടെതെന്ന് കരുതുന്ന തലയോട്ടിയും പോലീസ് കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു.