സ്ഥലപരിമിധിയിലും കാര്‍ തിരിക്കാവുന്ന സാങ്കേതിക വിദ്യയുമായി ഷമീബ്‌

Posted on: September 1, 2015 12:13 pm | Last updated: September 1, 2015 at 12:13 pm

മണ്ണാര്‍ക്കാട്: സ്ഥലപരിമിതിയിലും വാഹനങ്ങള്‍ ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ തിരിക്കാന്‍ കഴിയുന്ന പുതിയ സംവിധാനവുമായി ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥി ശ്രദ്ധേയമാവുന്നു. കര്‍ക്കിടാംകുന്ന് പാലക്കടവിലെ വടക്കന്‍ വീട്ടില്‍ ഷൗക്കത്തലിയുടെ മകന്‍ ഷമീബ് (21) ആണ് ന്യൂതന സാങ്കേതിക വിദ്യകണ്ടെത്തിയത്.
കാര്‍ നിര്‍ത്താന്‍ മാത്രം സ്ഥലമുളള നഗര പ്രദേശങ്ങളിലെ വീടുകളില്‍ ആയാസ രഹിതമായി വാഹനങ്ങള്‍ തിരിച്ചിടുന്നതിനുളള ലളിതമായ സംവിധാനമായ ഓട്ടോമാറ്റിക് കാര്‍ റൊട്ടേറ്റിങ് പ്ലാറ്റ് ഫോം ഷമീബ് കണ്ടെത്തിയിരിക്കുന്നത്. വീട്ടുമുറ്റത്ത് പ്ലാറ്റ് ഫോമില്‍ നിര്‍ത്തിയിട്ട കാറിനെ പ്ലാറ്റ് ഫോമോടെ തന്നെ തിരിക്കാവുന്ന സാങ്കേതികതയാണ് തയ്യാറാക്കിയിരിക്കുന്നത്. മലപ്പുറം തിരൂര്‍ക്കാട് അന്‍വര്‍ ഐ ടി ഐയില്‍ നിന്നും ഈ മാസമാണ് ഇലക്ട്രിക് എഞ്ചിനീയറിങ് കോഴ്‌സ് പൂര്‍ത്തിയാക്കിയത്. വീട്ടിലെ സ്വന്തമായുളള കാറ് തിരിക്കാനുളള പ്രയാസം നേരിട്ട ഷമീബിന്റെ ചിന്തയാണ് പുതിയ കണ്ടെത്തലിന് ഇടയാക്കിയത്. മുറ്റത്തെ വൃത്താകൃതിയിലുളള പ്ലാറ്റ് ഫോം തിരിച്ച് അതിനുമുകളിലുളള കാര്‍ റോഡിലിറക്കുന്ന വിദ്യയാണിത്. കാര്‍ നിര്‍ത്തുന്ന വൃത്താകൃതിയിലുളള പ്ലാറ്റ് ഫോമിനടിയില്‍ പ്രത്യേകം മോട്ടോര്‍ ഘടിപ്പിച്ച് പ്ലാറ്റ് ഫോം തിരിക്കുന്ന വിദ്യയാണ് ഷമീബ് കണ്ടെത്തിയിരിക്കുന്നത്. പ്ലാറ്റ് ഫോം റോഡിന് അഭിമുഖമായാല്‍ സ്വയം തന്നെ കറക്കം നില്‍ക്കും. സ്വിച്ചിന്റെയൊ റിമോട്ട് കണ്‍ട്രോളിലൂടെയും മേട്ടോര്‍ അനായാസം പ്രവര്‍ത്തിക്കാവുന്നതാണ്. ഏകദേശം 20000 മുതല്‍ 25000 രൂപവരെ നിര്‍മ്മാണ ചെലവാണ് പ്രതീക്ഷിക്കുന്നത്. നഗരങ്ങളിലെ വീടുകളിലും ഫഌറ്റുകളിലും ഏറെ പ്രയാസം നേരിടുന്ന സഹചര്യമാണ് നിലവിലുളളത്. ഇതിന് ചെവല് കുറഞ്ഞ രീതിയില്‍ നിര്‍മ്മിക്കാവുന്ന സാങ്കേതിക വിദ്യയാണ് ഷമീബ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. വാഹനത്തിന്റെ വലിപ്പത്തിനനുസരിച്ചുളള വിസ്തീര്‍ണ്ണം വൃത്താകൃതിയില്‍ ലഭ്യമാവുന്ന സ്ഥലത്ത് ഒരുക്കാവുന്ന തരത്തിലാണ് ഈ സംവിധാനം. ഇപ്പോള്‍ ഈവനിങ് ബാച്ചില്‍ പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്തെ ഗവ. പോളിടെക്‌നിക്കില്‍ ഡിപ്ലോമ ഇന്‍ എഞ്ചിനീയറിങ് പഠിച്ചുകൊണ്ടിരിക്കുകയാണ്.
കാല്‍ നടത്തതോടൊപ്പം നവീന സാങ്കേതിക വിദ്യ ഉപയോഗിച്ചുളള ചെറിയ മെഷീന്‍ ഘടിപ്പിച്ച് നടത്തതിന്റെ തോതനുസരിച്ച് മൊബൈല്‍ ബാറ്ററി ചാര്‍ജ്ജ് ചെയ്യാനുളള സംവിധാനമുണ്ടാക്കാനുളള ഒരുക്കത്തിലാണ് ഷമീബ്. പ്രീഡിഗ്രി വരെ പഠിച്ചിട്ടുണ്ടെങ്കിലും സാങ്കേതികമായി ഒന്നും തന്നെ പഠിക്കാത്ത പിതാവ് ഷൗക്കത്തില്‍ നിന്നാണ് ചെറുപ്പം മുതലെ ഇത്തരത്തിലുളള സാങ്കേതിക കഴിവ് വളര്‍ത്തിയെടുത്തത്.—പിതാവ് ഷൗക്കത്താവട്ടെ സ്വന്തമായി പമ്പ് സെറ്റുകളും മറ്റ് മെക്കാനിക്കല്‍ പ്രവര്‍ത്തികളും അനായാസം ചെയ്തിരുന്ന പ്രദേശത്തെ അറിയപ്പെടുന്ന മെക്കാനിക്കാണ്. പിതാവ് ഷൗക്കത്തലി സഊദിയില്‍ ജോലി ചെയ്തുവരുകയാണ്. മാതാവ്: സാറ ഏപ്പിക്കാട്. ഏകസഹോദരി ഷറീന.—