Connect with us

Malappuram

നിലമ്പൂരിന്റെ നന്മയായി സ്‌നേഹപ്പത്തായം; ഉദ്ഘാടനം മൂന്നിന്

Published

|

Last Updated

നിലമ്പൂര്‍: നിലമ്പൂരിലെ പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും വസ്ത്രവും ക്യാന്‍സര്‍ രോഗികള്‍ക്ക് മരുന്നും നല്‍കുന്ന സ്‌നേഹപത്തായം പദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മൂന്നിന് വൈകുന്നേരം മൂന്നരക്ക് ഉദ്ഘാടനം ചെയ്യും.
പൊതുജനങ്ങളില്‍ നിന്നും വിഭവങ്ങള്‍ സമാഹരിച്ച് അര്‍ഹരായവരെ കണ്ടെത്തി സഹായമെത്തിക്കുന്ന പദ്ധതിയാണ് സ്‌നേഹപത്തായം. ഓണാഘോഷം നടത്തിയാണ് നഗരസഭ സ്‌നേഹപത്തായത്തിലേക്ക് വിഭവങ്ങള്‍ സമാഹരിച്ചത്. അളക്കന്‍ കോളനി മൂപ്പന്‍ ചാത്തനും ഭാര്യ ചന്ദ്രികയും കാട്ടില്‍ നിന്നും ശേഖരിച്ച തേനും കുടമ്പുളിയും നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തിനു കൈമാറിയാണ് സ്‌നേഹപത്തായത്തിലേക്കുള്ള വിഭവസമാഹരണം ഉദ്ഘാടനം ചെയ്തത്.
ആശാ വര്‍ക്കര്‍മാരും കൗണ്‍സിലര്‍മാരുമെല്ലാം കണ്ടെത്തി ഗ്രാമസഭ അംഗീകരിച്ചാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തിരിക്കുന്നത്. ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവര്‍ക്ക് ഒരു മാസത്തേക്ക് അരി അടക്കം 14 പലവ്യഞ്ജനങ്ങളാണ് ഓരോ മാസവും നല്‍കുക. വസ്ത്രത്തിനു ബുദ്ധിമുട്ടുന്ന കുടുംബങ്ങളിലെ അഞ്ചു പേര്‍ക്ക് രണ്ടു ജോഡി വീതം വസ്ത്രങ്ങള്‍ നല്‍കും. ഭീമമായ വിലയുള്ള ക്യാന്‍സര്‍ മരുന്നുകള്‍ ആവശ്യമായ പാവപ്പെട്ട രോഗികള്‍ക്ക് ജില്ലാ ആശുപത്രിയിലെ സൗഖ്യം പ്രത്യേക മരുന്നുവിതരണ കൗണ്ടര്‍ വഴി സൗജന്യമായി മരുന്നെത്തിച്ചു നല്‍കും. ആറു മാസത്തേക്ക് 25 ലക്ഷത്തിന്റെ പദ്ധതിക്ക് അഞ്ചു ലക്ഷം രൂപയാണ് നഗരസഭ വകയിരുത്തിയിരിക്കുന്നത്. ബാക്കി 20 ലക്ഷം രൂപയുടെ വിഭവങ്ങള്‍ പൊതുജനങ്ങളില്‍ നിന്നും സമാഹരിക്കും.
പണമായി സ്വീകരിക്കാതെ വിഭവങ്ങളായാണ് സ്വീകരിക്കുന്നത്. ഭക്ഷണം, മരുന്ന്, വസ്ത്രം എന്നിവക്ക് ചെലവുവരുന്ന തുക സൊസൈറ്റിയില്‍ അടച്ച് അവിടെനിന്നും വിഭവങ്ങള്‍ വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങില്‍ നിലമ്പൂരുകാരനായ പ്രഗല്‍ഭ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് വിസ്മയപ്പെടുത്തുന്ന ഇന്ദ്രജാലത്തിലൂടെ സ്‌നേഹപത്തായത്തിന്റെ സന്ദേശം കൈമാറും.

---- facebook comment plugin here -----

Latest