Connect with us

Kerala

ചീഫ് സെക്രട്ടറിക്കെതിരെ രൂക്ഷ വിമര്‍ശവുമായി യൂത്ത് ലീഗ്

Published

|

Last Updated

കോഴിക്കോട്: അറബിക് സര്‍വകലാശാല വിഷയത്തില്‍ ചീഫ് സെക്രട്ടറിക്കെതിരെ മുസ്‌ലിം യൂത്ത് ലീഗിന്റെ രൂക്ഷ വിമര്‍ശം. അറബിക് സര്‍വകലാശാല സ്ഥാപിക്കുന്നതിനെ എതിര്‍ത്ത് ചീഫ് സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടിനെതിരെയാണ് സര്‍ക്കാറിലെ പ്രമുഖ പാര്‍ട്ടിയുടെ യുവജന വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയത്. അനാവശ്യ വിഷയങ്ങളില്‍ ചീഫ് സെക്രട്ടറി തലയിടേണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലി പറഞ്ഞു. സര്‍ക്കാര്‍ നയങ്ങളില്‍ അഭിപ്രായം പറയേണ്ടത് ഗുമസ്തന്മാരല്ല. ഗുമസ്തന്മാര്‍ അവരുടെ പണി നോക്കിയാല്‍ മതി.
നയപരമായ വിഷയങ്ങളില്‍ അഭിപ്രായം പറയാന്‍ ആരാണ് ചീഫ്‌സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. ഐ എ എസിന്റെ വില കളയും വിധമാണ് ചീഫ് സെക്രട്ടറി പെരുമാറുന്നത്. പ്രായോഗിക പരിജ്ഞാനവും സാമാന്യ ബോധവും ഇല്ലാതെയാണ് അദ്ദേഹം സംസാരിക്കുന്നത്. അറബിക് സര്‍വകലാശാലയെ എതിര്‍ക്കാന്‍ സംസ്‌കൃത സര്‍വകലാശാല ഒട്ടും ഗുണം ചെയ്തില്ലെന്ന ചീഫ് സെക്രട്ടറിയുടെ വാദം എന്തിന്റെ അടിസ്ഥാനത്തിലാണ്. നാടിന്റെ സംസ്‌കാരവും പൈതൃകവും തൊട്ടറിയാതെ പാശ്ചാത്യ സങ്കല്‍പ്പങ്ങള്‍ക്ക് മാത്രം അടിമപ്പെടുന്നവരുടെ മനോഭാവമാണ് ചീഫ് സെക്രട്ടറിക്കുള്ളത്. വേദ ഭാഷയായ സംസ്‌കൃതത്തിന് ഇന്ത്യയില്‍ അല്ലാതെ എവിടെയാണ് സര്‍വകലാശാല ഉണ്ടാക്കുക. അറബിയെ കേവലം ഒരു വൈദേശിക ഭാഷയായി കാണുന്ന ചീഫ് സെക്രട്ടറിക്ക് ആ ഭാഷയും നമ്മുടെ ചരിത്രാതീത കാലവും സംസ്‌കാരവും തമ്മിലുള്ള പൊക്കിള്‍കൊടി ബന്ധത്തെക്കുറിച്ച് ഒരു ചുക്കും അറിയില്ല.
കേരളത്തില്‍ മലയാളം കഴിഞ്ഞാല്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷയോടൊപ്പം തന്നെ എഴുതുകയും വായിക്കപ്പെടുകയും ചെയ്യുന്ന ഭാഷയാണ് അറബി. ഇവിടെ ചൈനീസ് ഭാഷക്കും പ്രാമുഖ്യം വേണമെന്ന് ചീഫ് സെക്രട്ടറി പറയുമ്പോള്‍ ആരും ഒന്ന് ചിരിച്ച് പോകും. നിരന്തരം മാധ്യമങ്ങളില്‍ വന്ന് നിരുത്തരവാദപരമായ പ്രസ്താവനയാണ് ചീഫ് സെക്രട്ടറി നടത്തുന്നത്. അദ്ദേഹത്തെ തളക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും യൂത്ത്‌ലീഗ് ആവശ്യപ്പെട്ടു.