മദ്രസയിലേക്ക് പോകുന്നതിനിടെ കാറിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

Posted on: September 1, 2015 9:24 am | Last updated: September 1, 2015 at 10:11 pm

accidentപെരിന്തല്‍മണ്ണ:’നിയന്ത്രണം വിട്ട കാറിടിച്ച് മദ്‌റസയിലേക്ക് പോകുകയായിരുന്ന രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. ആക്കപ്പറമ്പ് സ്വദേശികളും സഹോദര പുത്രന്മാരുമായ ചേരിയില്‍ ഹമീദിന്റെ മകന്‍ മുഹമ്മദ് ഡാനിഷ് (12), ചേരിയില്‍ സുലൈമാന്റെ മകന്‍ മുഹമ്മദ് ഷിബിലി (12) എന്നിവരാണ് മരിച്ചത്. പൂന്താവനം ആക്കപ്പറമ്പില്‍ ഇന്നലെ രാവിലെ ആറ് മണിയോടെയായിരുന്നു അപകടം.
കൊണ്ടിപ്പറമ്പ് മുതിരക്കുളം ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയിലേക്ക് പോകുകയായിരുന്ന കുട്ടികളെ വീടിന്റെ സമീപത്തുവെച്ച് തന്നെയാണ് കാറിടിച്ചത്. കൊച്ചിയില്‍ നിന്ന് എടക്കര ഭാഗത്തേക്കു പോകുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് വിദ്യാര്‍ഥികളെ ഇടിച്ചത്. ഇരുവരെയും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇടിച്ച ശേഷം മുഹമ്മദ് ഡാനിഷിനെ പത്ത് മീറ്ററോളം കാര്‍ വലിച്ചിഴച്ചതായി നാട്ടുകാര്‍ പറയുന്നു. വീണ്ടും മുന്നോട്ട് നീങ്ങിയ കാര്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ഒരു ഭാഗത്തേക്ക് മറിയുകയായിരുന്നു.
കാറിലുണ്ടായിരുന്ന എടക്കര മുത്തേടം പിടാരക്കുഴിയില്‍ ജോസിന്റെ ഭാര്യ റോഷന്‍ (55), മകന്‍ ഫിലിപ്പ് (25) എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മരിച്ച ഡാനിഷിന്റെ പിതാവ് അബ്ദുല്‍ ഹമീദ് ജിദ്ദയിലാണ്. മങ്കട കൂട്ടില്‍ പുഴക്കല്‍ സബിതയാണ് മാതാവ്. സഹോദരങ്ങള്‍: ഷാഹിദ്, ഷാദിയ, അനീന്‍, ഷന്‍ഹ, നീലാഞ്ചേരി സക്കീനയാണ് ഷിബിലിന്റെ മാതാവ്. സഹോദരങ്ങള്‍: ഷബാന, ഷഹ്മിന്‍. ഡാനിഷ് തച്ചിങ്ങനാടം കൃഷ്ണ യു പി സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയും മുഹമ്മദ് ശിബിലി അതേ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്നലെ ഉച്ചക്ക് 2.30ഓടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കൊണ്ടിപറമ്പ് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.