ചെകുത്താന്‍ കയറിയ ക്യാമ്പസ്

Posted on: September 1, 2015 6:00 am | Last updated: September 1, 2015 at 12:39 am

ssssssssssssssssssssssകറുത്ത ഷര്‍ട്ടും കസവ് മുണ്ടുമുടുത്തു റോഡ് റോളറിലും ഫയര്‍ എന്‍ജിന് മുകളിലും കയറി ഓണം ആഘോഷിക്കുന്ന പുതുതലമുറ. അത്യാപത്തുകള്‍ സംഭവിക്കുമെന്ന ഭീതിയില്ലാതെ തിരക്കേറിയ റോഡുകളിലും ക്യാമ്പസിനകത്തുമെല്ലാം ബൈക്ക് റേസിംഗും കാര്‍ റേസിംഗും നടത്തുന്നവര്‍. അവകാശപോരാട്ട ഗോദയില്‍ മുഷ്ടി ചുരുട്ടിയിരുന്ന വിദ്യാര്‍ഥി യൂണിയനുകള്‍ക്ക് പകരം അരാഷ്ട്രീയവത്കൃത ഗ്യാംഗും കറക്കുകമ്പനികളുമായി രൂപമാറ്റം സംഭവിച്ചതിന്റെ ദുരന്തഫലമാണ് രണ്ടാഴ്ച്ച മുമ്പ് തിരുവനന്തപുരത്തെ പ്രസിദ്ധമായ സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളജിലെ ഒരു വിദ്യാര്‍ഥിയുടെ ജീവനെടുത്തത്. നമ്മുടെ ക്യാമ്പസുകള്‍ക്ക് സംഭവിച്ച രൂപമാറ്റത്തിന്റെ ദുരന്ത പ്രതിഫലനം വിശേഷിപ്പിക്കാവുന്ന സംഭവം. ആഘോഷങ്ങളിലെ സര്‍ഗാത്മകതയെ ക്യാമ്പസുകള്‍ പടിക്കുപുറത്ത് നിര്‍ത്തിയപ്പോള്‍ കയറിക്കൂടിയ ആഭാസങ്ങളുടെ ദുരന്തഫലം. കേരളത്തിലെ ക്യാമ്പസുകളിലെ സംഘടനാപ്രവര്‍ത്തനത്തിന് പോലും കൂടുതല്‍ നിയന്ത്രണം വേണമെന്ന നിലയിലേക്ക് ചര്‍ച്ചകളെ കൊണ്ടെത്തിച്ചിരിക്കുകയാണ് ഈ സംഭവം.
എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിച്ചുവെന്ന് ആഴത്തില്‍ ചര്‍ച്ച ചെയ്യേണ്ട സന്ദര്‍ഭമാണിത്. പലരും പല കാരണങ്ങളാണ് പറയുന്നത്. സര്‍ഗാത്മകമായിരുന്ന ക്യാമ്പസുകള്‍ തട്ടുപൊളിപ്പന്‍ സ്റ്റൈലിലേക്ക് മാറിയതിന്റെ പരിണിതിയെന്ന് വിലയിരുത്തുന്നവര്‍. ക്യാമ്പസ് രാഷ്ട്രീയത്തിന് വന്ന നിയന്ത്രണങ്ങളാണ് കാരണമെന്ന് വാദിക്കുന്നവര്‍, സമീപകാല ന്യൂജനറേഷന്‍ സിനിമകളെ അനുകരിച്ചതാണ് പ്രശ്‌നമെന്ന് പറയുന്നവര്‍, രക്ഷിതാക്കള്‍ നല്‍കുന്ന അമിതസ്വാതന്ത്ര്യവും സാമ്പത്തിക പിന്തുണയുമാണെന്ന് ചൂണ്ടിക്കാട്ടുന്നവര്‍, സി ഇ ടി എന്‍ജിനീയറിംഗ് കോളജിലെ തസ്‌നിബഷറീന്റെ ദാരുണാന്ത്യം വഴി തുറന്നിരിക്കുന്നത് പല തലങ്ങളിലുള്ള ചര്‍ച്ചകള്‍ക്കാണ്. കാരണങ്ങള്‍ എന്തായാലും ഒരു കാര്യത്തില്‍ എല്ലാവര്‍ക്കും യോജിക്കാം. എവിടെയൊക്കൊയോ പിഴച്ചിട്ടുണ്ട്. അത് കണ്ടെത്തിയുള്ള പരിഹാരം നിര്‍ദേശിക്കപ്പെടണം. രോഗം തിരിച്ചറിഞ്ഞുള്ള ചികിത്സ വേണം. കൂടുതല്‍ തസ്‌നി ബഷീറുമാര്‍ സൃഷ്ടിക്കപ്പെടാതിരിക്കണമെങ്കില്‍ വേണ്ടത് അനിവാര്യമായ തിരുത്തലുകളാണ്.
പാരമ്പര്യസമൃദ്ധമായ നമ്മുടെ കലാലയ സംസ്‌കാരത്തിനേറ്റ തീരാക്കളങ്കം തന്നെയാണിതെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. കേരളത്തിലെ ആദ്യത്തെ എന്‍ജിനീയറിംഗ് കോളജ് എന്ന ചരിത്രവിശേഷണം പേറുന്ന ക്യാമ്പസാണ് സി ഇ ടി. മികച്ച പഠനനിലവാരത്തിന്റെ പെരുമയാണ് വിദ്യാര്‍ഥികളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നതും. ഇതേ സി ഇ ടി ക്യാമ്പസില്‍ അമിത വേഗത്തിലോടിച്ച ബൈക്കിടിച്ച് അമിത ശങ്കര്‍ എന്ന വിദ്യാര്‍ഥിനി മരിച്ചതു പതിമൂന്നു വര്‍ഷം മുമ്പാണ്. 2002 ജനുവരി 24ന് അലക്ഷ്യമായി വാഹനം ഓടിച്ച് അമിത ശങ്കറിന്റെ മരണത്തിനിടയാക്കിയ സംഭവത്തിന്റെ കറുത്ത ഓര്‍മകളിലേക്കാണ് രണ്ടാഴ്ച്ച മുമ്പ് ലക്കുംലഗാനുമില്ലാത്ത ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ജീപ്പിടിച്ച് കയറ്റിയത്.
അമിത് ശങ്കറിന്റെ മരണത്തെ തുടര്‍ന്ന് സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുടെ പേരില്‍ കേസെടുത്തിരുന്നു. തുടര്‍ന്നു പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ ക്യാമ്പസിനകത്തു കയറ്റുന്നതു നിരോധിക്കുകയും ചെയ്തു. ആ ഉത്തരവ് നിലനില്‍ക്കെയാണു കഴിഞ്ഞ ദിവസത്തെ അപകടം. മുമ്പത്തെ അപകടമരണക്കേസില്‍ തെളിവുകളുടെ അഭാവത്തില്‍ പ്രതിയെ കോടതി 2008ല്‍ വിട്ടയച്ചു. കേസിലെ പ്രധാന സാക്ഷികള്‍ കൂറുമാറിയതും പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കി.
സി ഇ ടി മെന്‍സ് ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് ഓണാഘോഷത്തിനു വ്യവസ്ഥകളോടെയാണ് കോളജ് അധികൃതര്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍, ‘ചെകുത്താന്‍’ എന്ന ലോറിയിലും ജീപ്പിലും ഒട്ടേറെ ബൈക്കുകളിലുമായി വിദ്യാര്‍ഥികളുടെ വന്‍ സംഘം കോളജിനകത്തേക്ക് ഇരമ്പിയെത്തിയതോടെ അത്യാഹിതം സംഭവിക്കുകയായിരുന്നു. വാഹനങ്ങള്‍ ഉള്ളില്‍ കയറുന്നതു ഗേറ്റില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ തടഞ്ഞെങ്കിലും അദ്ദേഹത്തെ തള്ളിമാറ്റിയാണ് അകത്തു പ്രവേശിച്ചത്. ആരവങ്ങളില്‍ നിന്ന് മാറി ക്യാമ്പസിലൂടെ നടന്നുപോകുകയായിരുന്ന തസ്‌നിയെ ഇതിനിടെയാണ് ജീപ്പ് ഇടിച്ചിടുന്നത്. എന്താഘോഷത്തിന്റെ പേരിലായാലും ഇത്തരം വിളയാട്ടങ്ങള്‍ വെച്ച് പൊറുപ്പിക്കരുത്.
സി ഇ ടിയിലെ അതിരുകടന്ന ഓണാഘോഷത്തിന്റെ ഓര്‍മ മായും മുമ്പ് അടൂര്‍ മണക്കാല ഐ എച്ച് ആര്‍ ഡി എന്‍ജിനീയറിംഗ് കോളജിലും അപകടകരമായ ഓണാഘോഷം നടന്നു. അഗ്‌നിശമനസേനയുടെ ഫയര്‍ എന്‍ജിനും കെ എസ് ആര്‍ ടി സി ബസും ക്രെയിനും ട്രാക്ടറുമൊക്കെ വാടകക്കെടുത്ത് അതിന്മേല്‍ കയറിനിന്നായിരുന്നു ആഘോഷം.
ഇത്തരം പശ്ചാത്തലത്തില്‍ ക്യാമ്പസുകളിലെ ആഘോഷങ്ങള്‍ക്ക് മാര്‍ഗരേഖ നിര്‍ണയിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ കോളജുകളിലെ വിദ്യാര്‍ഥി യൂനിയന്‍ പ്രവര്‍ത്തനങ്ങള്‍ തന്നെ നിയന്ത്രിക്കാനാണ് തീരുമാനം. കടുത്ത അച്ചടക്ക നടപടികള്‍ക്കുള്ള ശിപാര്‍ശകളാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. നാളെ വിദ്യാര്‍ഥി സംഘടനകളുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്താനിരിക്കുകയാണ്.
യൂനിയനുകളെ കുറിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ കോളജ് ക്യാമ്പസുകളില്‍ അധികൃതരുടെ അനുമതി കൂടാതെ പോലീസിന് പരിശോധനക്ക് അനുമതി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ക്യാമ്പസുകളില്‍ വാഹനങ്ങള്‍ കയറ്റാന്‍ അനുവദിക്കില്ല. ക്യാമ്പസില്‍ പ്രവേശിക്കുന്നതിന് വിദ്യാര്‍ഥികള്‍ ഐഡന്ററ്റി കാര്‍ഡ് ധരിക്കണം. കാര്‍ഡ് ഇല്ലാത്ത വിദ്യാര്‍ഥിക്ക് 500 രൂപ പിഴ ചുമത്തണം. മൂന്ന് തവണ ടാഗ് ധരിക്കാതെ പിടികൂടിയാല്‍ ഈ വിദ്യാര്‍ഥിയെ പുറത്താക്കണം. പ്രിന്‍സിപ്പലിന്റെ അധ്യക്ഷതയില്‍ കോളജില്‍ അച്ചടക്ക സമിതി രൂപവത്കരിക്കണം. ഈ സമിതി ആഴ്ചയില്‍ ഒരിക്കല്‍ വിദ്യാര്‍ഥികളുടെ ഹോസ്റ്റലുകളിലും യൂനിയന്‍ ഓഫീസിലും പരിശോധന നടത്തണം. കോളജിന്റെയും ഹോസ്റ്റലിന്റെയും സുരക്ഷ വിമുക്ത ഭടന്‍മാരെ ഏല്‍പ്പിക്കണം, ഹോസ്റ്റല്‍ മേല്‍നോട്ടം വഹിക്കാന്‍ പ്രിന്‍സിപ്പല്‍മാരുടെ നേതൃത്വത്തിലുള്ള ഒരു സമിതിയെ നിയോഗിക്കണം. പൂര്‍വ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് ന്യായമായ ആവശ്യങ്ങള്‍ക്ക് മാത്രമെ ക്യാമ്പസില്‍ പ്രവേശനം അനുവദിക്കൂ.
ആഘോഷങ്ങള്‍ക്ക് പ്രിന്‍സിപ്പലിന്റെ അനുമതി വാങ്ങണം. നിയമലംഘനം നടത്തുന്ന വിദ്യാര്‍ഥികളില്‍ നിന്ന് പിഴ ഈടാക്കണം. തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍. ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ചാണ് അച്ചടക്കലംഘനം കൂടുതലും നടക്കുന്നതെന്ന വിലയിരുത്തലിനെത്തുടര്‍ന്ന് ഹോസ്റ്റല്‍ പ്രവേശത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനും ആലോചനയുണ്ട്. മാര്‍ഗരേഖക്ക് അന്തിമരൂപം നല്‍കാന്‍ ഉന്നതതല സമിതിയെയും നിയോഗിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ അഡീഷനല്‍ ചീഫ്‌സെക്രട്ടറി ഡോ. കെ എം എബ്രഹാം, ആഭ്യന്തര അഡീഷനല്‍ ചീഫ്‌സെക്രട്ടറി നളിനിനെറ്റോ, കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍, കാലിക്കറ്റ്, കേരള, എം ജി, കണ്ണൂര്‍, സാങ്കേതിക സര്‍വകലാശാല വൈസ്ചാന്‍സിലര്‍മാര്‍ എന്നിവരാണ് അംഗങ്ങള്‍.
നിലവിലെ നിയമം അനുസരിച്ച് പ്രിന്‍സിപ്പലിന്റെ അനുമതിയോടെയേ പോലീസിന് ക്യാമ്പസിനകത്ത് പ്രവേശിക്കാന്‍ കഴിയുകയുള്ളൂ. ഇത് മാറ്റണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്നുള്ള പരാതിയായാലും നാട്ടുകാരുടെ ഭാഗത്തു നിന്നുള്ള പരാതിയായാലും പോലീസിന് ക്യാമ്പസില്‍ കയറാനുള്ള അനുമതി നല്‍കണമെന്ന ആവശ്യവും ആഭ്യന്തരവകുപ്പ് മുന്നോട്ടുവെച്ചിട്ടുണ്ട്.
കര്‍ക്കശമായ നിയന്ത്രണങ്ങള്‍ക്കൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. സാമൂഹിക ശാസ്ത്രപരവും മനഃശാസ്ത്രപരവും രാഷ്ട്രീയപരവുമായി വിലയിരുത്തപ്പെടണം ഈ സംഭവം. റോഡുകളിലൂടെ വാഹനങ്ങളെയും വഴിയാത്രക്കാരെയും അമ്പരപ്പിച്ചുകൊണ്ട് അതിവേഗം ബൈക്കും കാറുമൊക്കെ ഓടിച്ചുപോകുന്ന ന്യൂജന്‍ സംസ്‌കാരത്തിന്റെ തുടര്‍ച്ചയാണിത്. അമിത ശങ്കറും തെസ്‌നി ബഷീറുമൊക്കെ ഇത്തരം സംസ്‌കാരങ്ങളുടെ ഇരകളാകുകയാണ്. മുഴുവന്‍ വിദ്യാര്‍ഥികളുടെയും പൊതു ഇടമായാണ് ക്യാമ്പസുകള്‍ മാറേണ്ടത്. അവിടെ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ശക്തിപ്രകടനങ്ങളും ആഘോഷങ്ങളും നടത്താന്‍ ഒരു കാരണവശാലും കോളേജധികൃതര്‍ അനുവദിക്കരുത്. നിലവിലുള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ത്തന്നെ ഇത്തരം ദുരന്തങ്ങള്‍ തടയാന്‍ കഴിയും. ദുരന്തമുണ്ടാകുമ്പോള്‍ നരഹത്യക്കു കേസെടുത്തതു കൊണ്ടുമാത്രമായില്ല. എന്തു സംസ്‌കാരമാണ് നാം നമ്മുടെ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതെന്നതില്‍ തന്നെയാണ് പ്രശ്‌നങ്ങളുടെ കാതല്‍. തിരുത്തല്‍ തുടങ്ങേണ്ടത് അവിടെയാണ്.
തസ്‌നിയുടെ മരണം നമ്മുടെ യുവതലമുറയെ പറ്റിയും അച്ഛനമ്മമാര്‍ അവരെ വളര്‍ത്തുന്ന രീതിയെ പറ്റിയും പല ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ‘പ്രേമം’പോലുള്ള സിനിമകള്‍ വിദ്യാര്‍ഥികളില്‍ ചെലുത്തിയ സ്വാധീനമാണ് ദുരന്തത്തിനു പിന്നില്‍ എന്നാണ് സംസ്ഥാന പോലീസ് മേധാവി തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
ധാര്‍മികമോ മൂല്യപരമോ ആയ സംസ്‌കാരം പകര്‍ന്നു നല്‍കാതെ വളരുന്ന കുട്ടികള്‍ സ്വാഭാവികമായി ഇത്തരം സാഹചര്യങ്ങളിലേക്ക് എത്തിപ്പെടുകയാണ്. കുട്ടികളുടെ ഏത് ആവശ്യവും ലോണെടുത്താണെങ്കിലും നിരവേറ്റിക്കൊടുക്കുന്ന രക്ഷിതാക്കള്‍ കൂടിയാണ് ഇങ്ങിനെയൊരു സാഹചര്യം സൃഷ്ടിച്ചതെന്ന് വിലയിരുത്തേണ്ടി വരും. പഠിക്കുന്ന കോഴ്‌സില്‍ തുടങ്ങി ഓടിക്കുന്ന ബൈക്കില്‍ വരെ പ്രതിഫലിക്കുന്നത് ഈ സാമ്പത്തിക ശാസ്ത്രമാണ്. അതിനാല്‍ ഇക്കാര്യത്തിലും പ്രത്യേക ശ്രദ്ധപതിയേണ്ടതുണ്ട്.