വിളവെടുപ്പിന്റെ ആഘോഷം

Posted on: August 28, 2015 6:00 am | Last updated: August 28, 2015 at 12:40 am
SHARE

onamഓരോ മഴക്കാലവും, ആര്‍ത്തു പെയ്യുന്ന കര്‍ക്കിടകത്തിനു ശേഷം ഇടയ്ക്കു ഒന്ന് മാറി നില്‍ക്കും. തെളിഞ്ഞ ആകാശം കണ്ട്, പാറി വീഴുന്ന വെയില്‍ ചൂടേറ്റ്, കൂട്ടം ചേര്‍ന്ന് തുള്ളുന്ന ഓണത്തുമ്പികളെ വരവേല്‍ക്കാന്‍, ഓരോ മഴക്കാലവും ഇടക്ക് ഒന്ന് മാറി നില്‍ക്കും .കേട്ടു പഴകിയ കഥകള്‍ മുതല്‍ കര്‍ക്കിടകത്തിന്റെ വറുതിയില്‍ നിന്ന് വിളവെടുപ്പിന്റെ സന്തോഷത്തിലേക്കുള്ള യാത്രയായിട്ടാണ് ഓണാഘോഷ ചരിത്രം എന്നും നമ്മുടെ കാതുകളിലേക്കെത്തിയിട്ടുള്ളത്. കാലാണ്ടിന്റെ ഇടവേള കഴിഞ്ഞ് ഇടവ, മിഥുന, കര്‍ക്കിടകങ്ങളിലെ കാറ്റിനും മഴക്കുമൊടുവില്‍ വൈദേശിക വണികരെത്തുന്ന ചിങ്ങമാസം ദക്ഷിണഭാരതത്തിലേക്ക് സമ്പത്തൊഴുക്കുന്ന കാലമായിരുന്നെന്നാണ് ചരിത്രരേഖകളിലെ പരാമര്‍ശം. അരിയും പൂവുമെറിഞ്ഞായിരുന്നത്രേ കച്ചവടത്തിനെത്തിയിരുന്ന നാവിക വണികരെ നാട്ടുകാര്‍ സ്വീകരിച്ചിരുന്നത്. സുഗന്ധദ്രവ്യങ്ങള്‍ക്കും ധാന്യങ്ങള്‍ക്കും പകരം പൊന്ന് നല്‍കുന്ന ഈ കച്ചവടമാണ് ചിങ്ങമാസത്തതിന് പൊന്നിന്‍ തിളക്കം നല്‍കിയതെന്ന് ഒരു കൂട്ടം ചരിത്ര കുതുകികള്‍ പറയുന്നു.
ഓരോ ഉത്സവവും സമൂഹത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ആവശ്യങ്ങളുടെ പ്രഖ്യാപനവും പിന്തുടര്‍ന്നു വരേണ്ട മൂല്യങ്ങളുടെ ഓര്‍മപ്പെടുത്തലും കൂടിയാണ്. സമാധാനം, സമൃദ്ധി, സമത്വം എന്നീ മൂന്ന് കാര്യങ്ങള്‍ക്കൊപ്പം മികച്ച ഭരണ നിര്‍വഹണത്തിന്റെ പ്രാധാന്യവും കൂടി ഓണം ഉയര്‍ത്തികാട്ടുന്നുണ്ട്. അടിസ്ഥാനപരമായി ജനങ്ങളുടെ ക്ഷേമമാണ് ഓണം നല്‍കുന്ന സന്ദേശം. സമൃദ്ധിയെ തുല്യമായി വീതം വെക്കാനുള്ള ആഹ്വാനമാണിത്. ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങള്‍ നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പ് അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു. ഓണം ഇന്ന് മലയാളികളുടെ ദേശീയോത്സവമാണ്. എന്നാല്‍ ഓണം മലയാളികളുടെ സ്വന്തമാണോയെന്നതിനെക്കുറിച്ച് ഇന്നും തര്‍ക്കങ്ങളുണ്ട്. മലയാളികളുടെ മാത്രം ഉത്സവമല്ലെന്നാണ് ചരിത്രപരമായ തെളിവുകള്‍ സൂചിപ്പിക്കുന്നത്. ഐതീഹ്യങ്ങളുടെയും പുരാണങ്ങളുടെയും ചുവടുപിടിച്ചു പോയാലും ഏതാണ്ട് ഇതേ നിഗമനത്തില്‍ എത്താം. ഓണം കേരളീയമോ ഭാരതീയമോ ആയ ആചാരമല്ല എന്നാണ് എന്‍ വി കൃഷ്ണവാരിയര്‍ പറഞ്ഞു വെച്ചിട്ടുള്ളത്. പുരാതന ഇറാഖിലെ അസീറിയയില്‍ നിന്നാണത്രെ ഓണാചാരങ്ങള്‍ തുടങ്ങുന്നത്. അവിടത്തെ സിഗുറായി എന്നറിയപ്പെടുന്ന ക്ഷേത്രങ്ങളോട് ബന്ധപ്പെട്ടായിരുന്നു ഈ ആചാരം. അസിറിയക്കാര്‍ ക്രിസ്തുവിന് ഏതാണ്ട് 2000 വര്‍ഷം മുമ്പ് ഭാരതത്തിലെത്തി തെക്കേ ഇന്ത്യയില്‍ സ്ഥാനമുറപ്പിച്ചതോടെയാണ് ഓണാചാരങ്ങള്‍ ഇന്ത്യയിലേക്ക് സംക്രമിച്ചത്. അസീറിയയില്‍ നിന്നും ഇന്ത്യയില്‍ എത്തിയവരാണ് അസുരന്മാര്‍. അസറിയ, അസുര എന്നീ വാക്കുകളുടെ സാമ്യം ഇത് സൂചിപ്പിക്കുന്നു. സിഗുറായി ക്ഷേത്രങ്ങളുടെ മാതൃകയിലാണ് തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ചതെന്നും എന്‍ വി ചൂണ്ടിക്കാട്ടുന്നുണ്ട്. മഹാബലി കേരളം ഭരിച്ചു എന്നാണ് ഐതിഹ്യ കഥ. കേരളമായിരുന്നു പാതാളമെങ്കില്‍ മാവേലി ഭരിച്ച നാടേതായിരുന്നു? മാവേലി ഇന്ത്യ പ്രത്യേകിച്ച് മധ്യ തെക്കന്‍ ഇന്ത്യ ഭരിച്ചിരുന്നു എന്നുവേണം അനുമാനിക്കാന്‍.
കേരളത്തില്‍ ഓണം തമിഴ്‌നാട്ടില്‍ നിന്നും സംക്രമിച്ചതാണെന്നും മറ്റൊരു അഭിപ്രായമുണ്ട്. എല്ലായിടത്തും അത് ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാര്‍ഹികോത്സവമായി മാറി. പണ്ട് കാലത്ത് തെക്കേ ഇന്ത്യ മുഴുവനും ഓണം ആഘോഷിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. പൂക്കളവും പൊങ്കാലയും മറ്റും ആദിമ ദ്രാവിഡ സംസ്‌കാരത്തിന്റെ ഭാഗമാണ്.തമിഴ്‌നാട്ടില്‍ മധുരയില്‍ വാമനന്റെ ഓര്‍മക്കായി ഏഴ് ദിവസത്തെ ആഘോഷം നടത്തിയിരുന്നു. അതിന് ഇന്നത്തെ ഓണാചാരങ്ങളുമായി വളരെ സാമ്യമുണ്ടായിരുന്നു. ശ്രാവണ പൗര്‍ണമി നാളിലായിരുന്നു ആഘോഷമെന്ന് മാത്രം. ഓണത്തല്ലിന്റെ പേരില്‍ ചേരിപ്പോര്‍ എന്നൊരു ആചാരവും മധുരയില്‍ ഉണ്ടായിരുന്നുവെന്ന് മാകുടി മരുതനാര്‍ എഴുതിയ മധുരൈ കാഞ്ചി എന്ന കാവ്യത്തില്‍ പരാമര്‍ശിക്കുന്നു. ഓണം തമിഴ്‌നാട്ടിലും കേരളത്തിലും ക്ഷേത്രാചാരമായിരുന്നു. സംഘകാലകൃതിയായ ‘മധുരൈകാഞ്ചി ‘യിലാണ് ഓണത്തെക്കുറിച്ചുളള (ഇന്ദ്രവിഴാ) ആദ്യപരാമര്‍ശങ്ങള്‍ കാണുന്നത്. കാലവര്‍ഷം കഴിഞ്ഞ് മാനം തെളിയുന്ന ഈ കാലത്താണ് വിദേശ കപ്പലുകള്‍ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തില്‍ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വര്‍ണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിന്‍ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമതാണ്.എന്നാല്‍ കേരളത്തില്‍ ഓണത്തെക്കുറിച്ച്്് ഒട്ടേറെ സങ്കല്‍പ്പങ്ങളും വിശ്വാസങ്ങളുമുണ്ട്. ഒരു ദിവസമെങ്കിലും എല്ലാവരും നന്നായി ഭക്ഷണം കഴിക്കണമെന്ന കണക്കുകൂട്ടല്‍. എല്ലാത്തിനുമുപരി ജാതി, മത, വര്‍ഗ വ്യത്യാസങ്ങള്‍ക്കതീതമായി ഒരു മലയാളി ദേശീയതക്കായുള്ള ശ്രമം. ലഭ്യമായ വിഭവങ്ങളെ എല്ലാവരുമായി പങ്കുവെക്കുന്ന ഉല്‍സവം. ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് കൃത്യമായി എല്ലാ വിഭാഗത്തില്‍ പെട്ടവരിലുമെത്തുന്നതില്‍ ഓണം പോലൊരു ഉല്‍സവം വഹിക്കുന്ന പങ്ക് ചെറുതല്ല. കേരളത്തില്‍ ഭൂരിഭാഗം പേരുടെയും ഉപജീവനമാര്‍ഗം കൃഷിയായതുകൊണ്ടു തന്നെ മറ്റ് ആവശ്യങ്ങള്‍ക്കായി അവര്‍ വിപണിയിലെത്തിക്കുന്നത് നെല്ലും തേങ്ങയും പച്ചക്കറികളും മറ്റുമായിരിക്കും. എല്ലാറ്റിലും വലുത് മാനുഷിക മൂല്യങ്ങളാണെന്ന പ്രഖ്യാപനമാണ് ഓണത്തിലൂടെ നടക്കുന്നത്. കുടുംബത്തിലെയും നാടിന്റെയും താളം നിയന്ത്രിക്കുന്നതിലും ഓണത്തിനു വലിയ പങ്കുണ്ട്. മലയാളികള്‍ ലോകത്തെവിടെയുണ്ടെങ്കിലും ഓണ ദിവസങ്ങളില്‍ ഒത്തുകൂടും. വീട്ടിലായാലും പുറത്തായാലും ജാതിമതഭേദമെന്യേ. ഈ കൂട്ടായ്മകളില്‍ മലയാളക്കര സൃഷ്ടിക്കുകയാണ്. ഓണപ്പാട്ടുകളും ഓണക്കളികളും ഓണസദ്യയും പൊടിപൊടിക്കുകയായി. മലയാണ്മ പുനര്‍ജനിക്കുകയായി. അമേരിക്കയിലോ കാനഡയിലോ ബ്രിട്ടനിലോ ജനിച്ചു വളരുന്ന മലയാളികളായ കുട്ടികള്‍ക്കുപോലും എന്തോ ഒരു മമത ഓണമെന്ന ആഘോഷത്തിലൂടെ ഉരുത്തിരിയാറുണ്ട്. അപ്പോള്‍ പിന്നെ കേരളത്തില്‍ ജനിച്ചുവളര്‍ന്നു, മറ്റ് നാടുകളില്‍ കഴിയുന്നവരുടെ കാര്യം പറയാനുണ്ടോ? ഒരു പക്ഷേ, ഓണം വളരെ തീവ്രമായി ആഘോഷിക്കുന്നതും മറുനാടന്‍ മലയാളികളാണെന്നു തോന്നിപ്പോയിട്ടുള്ള അവസരങ്ങള്‍ ധാരാളം.
കേരളത്തിന്റെ തനതായ കലകളുടെ പോഷണത്തിനും ഓണത്തിനുള്ള പങ്ക് വലുതാണ്. ഓണപ്പാട്ടുകളും, കൈകൊട്ടിക്കളിയും, തിരുവാതിരക്കളിയും, വള്ളം കളിയും നാടന്‍പാട്ടുകളും ഒക്കെ ഈ ആഘോഷത്തോടൊത്തു വളര്‍ന്നതാണ്. വള്ളം കളി മത്സര ശക്തിയുടെ സൗന്ദര്യത്തിന്റെ ഏറ്റവും ഉജ്ജ്വലമായ പ്രകടനമാണ്. ഇത് ഓണനിറവിന്റെ പ്രത്യക്ഷവത്കരണമാണ്. മനസ്സിനും ശരീരത്തിനും നിറവിന്റെ ഊര്‍ജ്ജം നല്‍കുന്ന മലയാളിയുടെ സൗഭാഗ്യമാണ് തിരുവോണം. മറ്റൊരു ജനതക്കും ഇത്തരമൊരുത്സവത്തെ അവകാശപ്പെടാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. കേരളത്തിന്റെ കാര്‍ഷിക വ്യവസ്ഥയിലുള്ള മാറ്റം, വേഷവിധാനങ്ങളിലും ആഹാര രീതിയിലും ഉള്ള മാറ്റം, സാമ്പത്തിക ക്രമത്തിലുള്ള മാറ്റം സാമൂഹിക ഘടനയിലുള്ള മാറ്റം ഇവയെല്ലാം ഓണത്തിന്റെ ചടങ്ങുകളിലും ആഘോഷങ്ങളിലും പ്രതിഫലിക്കുന്നു. ജന്മിത്വ വ്യവസ്ഥയിലും മുതലാളിത്ത സമൂഹത്തിലും സോഷ്യലിസ്റ്റ് പരിസരത്തും ഓണം അതിന്റേതായ ചിഹ്നങ്ങളെ സ്വീകരിക്കുന്നു. ഫ്യൂഡലിസത്തിന്റെ ഉയര്‍ച്ച താഴ്ചകളെ ഓണത്തിന്റെ സൂക്ഷ്മവായനയിലൂടെ കൃത്യമായി രേഖപ്പെടുത്താന്‍ കഴിയുന്നു. മലയാളി തന്റെ സുഖദു:ഖങ്ങളുടെ മാനദണ്ഡമായി ഓണത്തെ കാണുന്നു. മലയാളിക്ക് ഓണം സ്വപ്‌നങ്ങളുടെ പൂവണിയല്‍ ആണ്. ഓണമെന്നാല്‍ തിരുവോണ ദിവസം എന്നതിലപ്പുറത്തേക്ക് ഒരു വലിയ കൂട്ടായ്മയുടെ ദിവസം എന്ന് മലയാളിയുടെ മനസ്സ് വായിച്ചെടുക്കുന്നു.
മനുഷ്യന്‍ തിരിച്ചറിയപ്പെടുന്നത് സംസ്‌കാരങ്ങളിലൂടെയും സാമൂഹിക പെരുമാറ്റങ്ങളിലൂടെയുമാണ്. ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, ഭക്ഷണം, ഉത്സവങ്ങള്‍ തുടങ്ങിയവയെപ്പോലെതന്നെ കളികള്‍ക്കും വിനോദങ്ങള്‍ക്കും സവിശേഷ സ്ഥാനമുണ്ട്. ക്രീഡാ വിനോദങ്ങള്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ജീവിതത്തിന്റെ നാനാരംഗങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. ജനങ്ങളുടെ സ്വഭാവം മിക്കപ്പോഴും അവരുടെ വിനോദങ്ങളില്‍ നിന്നും മനസ്സിലാക്കാനാകുമെന്ന് വാഷിംങ്ടണ്‍ ഇര്‍വിംഗിനെ പോലുള്ള സാമൂഹ്യശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മനുഷ്യന്റെ കായികവും മാനസികവുമായ ശേഷിയും പ്രവര്‍ത്തനരീതിയും അവരുടെ കളികളുടെയും വിനോദങ്ങളുടെയും അപഗ്രഥനത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. അതുകൊണ്ടുതന്നെ നാടോടി വിജ്ഞാനീയത്തില്‍ നാടന്‍കളികളെ സംബന്ധിച്ച പഠനങ്ങളും അവയുടെ ക്രോഡീകരണവും പ്രസക്തമാണ്. ആദ്യകാലങ്ങളില്‍ ഇവക്ക് അര്‍ഹമായ പ്രാധാന്യം ലഭിച്ചിരുന്നില്ല. എന്നാല്‍, മനുഷ്യന്റെ പ്രവര്‍ത്തന മണ്ഡലങ്ങളിലൊക്കെയും നാടോടി വിജ്ഞാനീയത്തിന് ബന്ധങ്ങളുണ്ടെന്ന ധാരണ നിലവില്‍ വന്നതോടെ ഫോക്ലോറിന്റെ പരിധിയില്‍ കളികളും വിനോദങ്ങളുമെല്ലാം ഉള്‍പ്പെട്ടു. ഓണം കലാ കായിക സാംസ്‌കാരിക കൂട്ടായ്മകള്‍ക്കുള്ള ഇടമൊരുക്കുന്നു. പ്രാദേശികതയുടെ അടയാളപ്പെടുത്തലുകള്‍ സജീവമായി നിലനിര്‍ത്തിപ്പോരുന്നു ഓണം. മലയാളിയെന്നതില്‍ അഭിമാനിക്കുന്ന ഓരോരുത്തര്‍ക്കും സന്തോഷത്തിന്റെ കാലമാണ് . പെയ്തു തകര്‍ത്ത ഇടവപ്പാതി കര്‍ക്കിടകത്തോടെ മടങ്ങുമ്പോള്‍ അവന് സന്തോഷമായിരുന്നു. വറുതിയുടെ ചൂടില്‍ മുണ്ടു മുറുക്കിയുടുക്കേണ്ടി വന്ന നാളുകളെ താത്കാലികമായിട്ടെങ്കിലും വിസ്മൃതിയിലേക്കാഴ്ത്താന്‍ പോന്ന സന്തോഷമാണ് ഓണനാളുകള്‍ അവന് സമ്മാനിച്ചത്. കമ്പോളവത്കരിക്കപ്പെട്ടെങ്കിലും ഇന്നും ബഹുഭൂരിപക്ഷത്തിനും ഓണം സന്തോഷത്തിന്റെ നാളുകള്‍ തന്നെ. വ്യവസായത്തിന്റെയും വിവരസാങ്കേതിക വിദ്യയുടെയും അനന്തവിഹായസ്സിലേക്ക് ചിറകുവച്ച് പറന്നുയരുന്ന ന്യൂജനറേഷന്‍ മലയാളികള്‍ക്ക് ഗൃഹാതുരത്വത്തിന്റെ ആമാടപെട്ടിയില്‍ ഓണത്തെകുറിച്ച് ആ നല്ല ഇന്നലെയെക്കുറിച്ച് ഓര്‍ക്കാന്‍ ഒരേടെങ്കിലും അവശേഷിക്കുന്നുണ്ടോ? ഒരുപിടി സന്തോഷത്തിന്റെയും സങ്കടത്തിന്റെയും കുറേ നല്ല ഓര്‍മകളുടെതു കൂടിയാണ് ഓണം. ഓര്‍മകളുടെ വേലിയേറ്റവും വേലിയിറക്കവുമാണ്. ആ ഓര്‍മകളെ തിരിഞ്ഞുനോക്കി കൈയ്യെത്തിപ്പിടിക്കാനുള്ള ഒരുദിവസം അതൊരുപക്ഷേ ദാരിദ്ര്യത്തിന്റെയോ ഇല്ലയ്മയുടെയോ സമ്പന്നതയുടെതോ ആകാം. രണ്ടായാലും അതിനു പ്രകൃതിയുടെ ഗന്ധമുണ്ടായിരിക്കും പൂക്കളുടെ വര്‍ണങ്ങളും ഗൃഹാതുരത്വത്തിന്റെ ഗതകാലസ്മരണകള്‍ അലയടിച്ചുകൊണ്ടിരിക്കും.

വാല്‍ക്കഷ്ണം: ഇന്നത്തെ ഓണം ഇങ്ങനെയാണ്. കലണ്ടറിലെ കുറേ ചുവന്ന അക്കങ്ങള്‍ക്കപ്പുറത്ത്, ഒരു ഷോപ്പിംഗിന്റെ ആഹ്ലാദത്തിനപ്പുറത്ത്, എക്‌സ്‌ചേഞ്ച് ഓഫറുകളുടെ പെരുമഴക്കലത്തിനപ്പുറം ഓണം ഒന്നുമല്ലാതായിരിക്കുന്നു.