ജി സാറ്റ്- ആറ് വിക്ഷേപണം വിജയം

Posted on: August 27, 2015 5:09 pm | Last updated: August 28, 2015 at 9:18 am

g sat d6

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പുതിയ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജി സാറ്റ്- ആറ് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ഇന്നലെ വൈകുന്നേരം 4.52നാണ് ജി എസ് എല്‍ വി ഡി- ആറ് റോക്കറ്റ് ജിസാറ്റ്- ആറിനെ ഭ്രമണപഥത്തില്‍ എത്തിച്ചത്. ജി സാറ്റ് പരമ്പരയിലെ പന്ത്രണ്ടാമത്തെ വിക്ഷേപണവും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചുള്ള മൂന്നാമത്തെ വിക്ഷേപണവുമാണിത്. ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ച് 2010ല്‍ നടത്തിയ ആദ്യ വിക്ഷേപണം പരാജയപ്പെട്ടെങ്കിലും കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വിക്ഷേപണം വിജയകരമായിരുന്നു. ദ്രവീകൃത ഓക്‌സിജനും ഹൈഡ്രജനുമാണ് ക്രയോജനിക് എന്‍ജിനിലെ ഇന്ധനം.
ബുധനാഴ്ച രാവിലെ 11.52ന് ആരംഭിച്ച 29 മണിക്കൂര്‍ കൗണ്ട്ഡൗണിന് ശേഷമാണ് വിക്ഷേപണം. ഐ എസ് ആര്‍ ഒയുടെ ഇരുപത്തഞ്ചാമത് ഭൂസ്ഥിര ഉപഗ്രഹമാണ് ജിസാറ്റ്- ആറ്. 2,177 കിലോഗ്രാം ഭാരം വരുന്ന ജിസാറ്റ്- ആറിന്റെ വിക്ഷേപണത്തോടെ ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി നല്ല ഭാരമുള്ള ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിക്കുന്നതിന് ഐ എസ് ആര്‍ ഒക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്. എസ് ബാന്‍ഡ് ആശയവിനിമയ സൗകര്യമാണ് ഉപഗ്രഹം നല്‍കുക. ആറ് മീറ്റര്‍ വ്യാസമുള്ള ആന്റിനയാണ് ഉപഗ്രഹത്തിന്റെ പ്രധാന സവിശേഷത. ഉപഗ്രഹത്തിനായി ഐ എസ് ആര്‍ ഒ നിര്‍മിക്കുന്ന ഏറ്റവും വലിയ ആന്റിനയാണിത്. വിക്ഷേപണം വിജയകരമായിരുന്നുവെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എ എസ് കിരണ്‍ കുമാര്‍ പറഞ്ഞു. വിക്ഷേപണം രാജ്യത്തിനുള്ള ഓണസമ്മാനമാണെന്ന് മിഷന്‍ ഡയറക്ടര്‍ ഉമാമഹേശ്വരന്‍ പറഞ്ഞു.