സമസ്ത ഡവലപ്‌മെന്റ് കൗണ്‍സില്‍ മേഖലാ സമ്മേളനങ്ങള്‍ സമാപിച്ചു

Posted on: August 27, 2015 3:32 pm | Last updated: August 27, 2015 at 3:32 pm
SHARE

കല്‍പ്പറ്റ: മദ്‌റസാ പ്രസ്ഥാനത്തെ പരിപോഷിപ്പിക്കുന്നതിനും ഗുണ നിലവാരം മെച്ചുപ്പെടുത്തുന്നതിനും മറ്റുമായി സമസ്ത കോരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴിലായി രൂപവത്കരിച്ച സമസ്ത ഡവലപ്‌മെന്റ് കൗണ്‍സിലി(എസ് ഡി സി)ന്റെ ജില്ലയിലെ മേഖലാ സമ്മേളനങ്ങള്‍ സമാപിച്ചു. എസ് ഡി സി യുടെ പ്രഥമ മേഖാലാ സമ്മേളനങ്ങളാണ് മൂന്നു കേന്ദ്രങ്ങളിലായി സംഘടിപ്പിച്ചത്. മദ്‌റസ പഠനത്തിന് സൗകര്യം ലഭിക്കാത്ത ഇടങ്ങളില്‍ പുതിയ മദ്‌റസകള്‍ സ്ഥാപിക്കുക, ഹോളിഡേ മദ്‌റസകള്‍ക്ക് രൂപം നല്‍കുക, സാമ്പത്തികമായി വിഷമതയനുഭവിക്കുന്ന മദ്‌റസാ കമ്മിറ്റികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുക തുടങ്ങിയ പദ്ധതികള്‍ എസ് ഡി സി ലക്ഷ്യമിടുന്നു.
ദ്വാരകയില്‍ നടന്ന വെള്ളമുണ്ട, മാനന്തവാടി മേഖലാ സമ്മേളനം സമസ്ത ജില്ലാ സെക്രട്ടറി കൈപാണി അബൂബക്കര്‍ ഫൈസിയും സുല്‍ത്താന്‍ ബത്തേരി മര്‍കസുദ്ദഅ്‌വയില്‍ നടന്ന സമ്മേളനം സമസ്ത വര്‍ക്കിംഗ് സെക്രട്ടറി ഹംസ അഹ്‌സനിയും കല്‍പ്പറ്റ അല്‍ഫലാഹ് കോംപ്ല്കിസില്‍ നടന്ന മേപ്പാടി, കല്‍പ്പറ്റ മേഖലാ സമ്മേളനം സമസ്ത ജില്ലാ വൈസ് പ്രസിഡന്റ് എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരും ഉദ്ഘാടനം ചെയ്തു. യൂനിറ്റുകളില്‍ഡ നിന്ന് സമാഹരിച്ച എസ് ഡി സി ഫണ്ട് എസ് എം എ സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍ മേഖലാ കണ്‍വീനര്‍മാരില്‍ നിന്നും ഏറ്റു വാങ്ങി. മദ്‌റസ സ്ഥാപനങ്ങള്‍ നിലനിന്നാലെ രാജ്യത്ത് മത സൗഹാര്‍ദ്ദവും ഐക്യവും നില്‍ക്കുകയുള്ളവൂവെന്നും സമസ്തയുടെ പണ്ഡിത മഹത്തുക്കള്‍ കാണിച്ചു തന്ന മൂല്യങ്ങള്‍ ചോരാതെ ആദര്‍ശം കാത്ത് സൂക്ഷിക്കാനും മദ്‌റസകള്‍ അനിവാര്യമാണെന്നും ജമലുല്ലൈലി തങ്ങള്‍ പറഞ്ഞു.
സംസ്ഥാന നേതാക്കളായ യഅ്ക്കൂബ് ഫൈസി, ബഷീര്‍ മുസ്‌ലിയാര്‍ ചെറൂപ്പ എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ മുഖ്യപ്രഭാഷണം നടത്തി. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കെ ഒ അഹമ്മദ്കുട്ടി ബാഖവി, എസ് എം എ ജില്ലാ പ്രസിഡന്റ് കെ കെ മുഹമ്മദലി ഫൈസി, എസ് ഡി സി ജില്ലാ കണ്‍വീനര്‍ കെ എസ് മുഹമ്മദ് സഖാഫി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി ടി പി അബ്ദുസ്സലാം മുസ്‌ലിയാര്‍, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ശമീര്‍ ബാഖവി, എസ് വൈ എസ് ജില്ലാ സെക്രട്ടറി പി സി അബൂശദ്ദാദ്, റസാഖ് കാക്കവയല്‍, മുഹമ്മദ് സഖാഫി ചെറുവേരി, പി ബീരാന്‍കുട്ടി, അലവി സഅദി, കെ വി ഇബ്‌റാഹീം സഖാഫി, ലത്തീഫ് കാക്കവയല്‍, പി ടി റസാഖ് മുസ്‌ലിയാര്‍, സൈദ് ബാഖവി, മൊയ്തു മുസ്‌ലിയാര്‍ തരുവണ, ഹനീഫ കൈതക്കല്‍, കെ എം ബഷീര്‍ മാണ്ടാട്, മൊയ്തു സഖാഫി, റഷീദ് സഖാഫി കല്ലൂര്‍ തുടങ്ങിയവര്‍ വിവിധ സമ്മേളന കേന്ദ്രങ്ങളില്‍ സംസാരിച്ചു.