Connect with us

Kozhikode

എസ് എസ് എഫ് സാഹിത്യോത്സവ് അവാര്‍ഡ് എം എ റഹ്മാന്‌

Published

|

Last Updated

കോഴിക്കോട്: ഈ വര്‍ഷത്തെ എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് അവാര്‍ഡ് പ്രമുഖ എഴുത്തുകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനും ഡോക്യുമെന്ററി സംവിധായകനുമായ എം എ റഹ്മാന്. എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയാണ് സംസ്ഥാന സാഹിത്യോത്സവിനോടനുബന്ധിച്ച് ഓരോ വര്‍ഷവും ഈ അവാര്‍ഡ് നല്‍കുന്നത്. തോപ്പില്‍ മീരാന്‍ , കാസിം ഇരിക്കൂര്‍, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, എസ് ശറഫുദ്ദീന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 33333 രൂപയും പ്രശസ്തി ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. അനന്യമായ സര്‍ഗ ശേഷി സാമൂഹിക ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് പ്രധാനമായും എം എ റഹ്മാനെ ശ്രദ്ധേയനാക്കുന്നതെന്ന് ജൂറി ചെയര്‍മാന്‍ തോപ്പില്‍ മുഹമ്മദ് മീരാന്‍ പറഞ്ഞു. കാസര്‍കോട്ടെ ഭീകരത തുറന്ന് കാണിക്കുന്ന ഡോക്യുമെന്ററി “അരജീവിതങ്ങള്‍ക്കൊരു സ്വര്‍ഗം” എടുത്തു പറയേണ്ട സര്‍ഗ സംഭാവനയാണ്. 1987 ലെ ദേശീയ അവാര്‍ഡ് ഡോക്യുമെന്ററി കോവിലന്‍ എന്റെ അച്ഛന്‍ എന്നിവ ശ്രദ്ധേയമായ കാല്‍വെപ്പുകളായി. കാലിക്കറ്റ് സര്‍വകലാശാല അവാര്‍ഡ് (തള-നോവല്‍), മാമന്‍ മാപ്പിള അവാര്‍ഡ് (മഹല്ല് – നോവല്‍) എന്നീ പുരസ്‌കാരങ്ങള്‍ നേടിയ റഹ്മാന്‍ ബശീര്‍ കാലം സ്വത്വം ദേശം, ചാലിയാര്‍ ചില അതിജീവന പാഠങ്ങള്‍ എന്നീ സാമൂഹിക പ്രാധാന്യമുള്ള സമാഹാരങ്ങളുടെ എഡിറ്റിംഗും നിര്‍വഹിച്ചിട്ടുണ്ട്. എം ടിയുടെ കുമരനെല്ലൂരിലെ കുളങ്ങള്‍ , ഇശല്‍ ഗ്രാമം വിളിക്കുന്നു എന്നിവയടക്കം പതിനാല് ഡോക്യുമെന്ററികള്‍ റഹ്മാന്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ മാസം 28 ന് കാരന്തൂര്‍ മര്‍കസില്‍ നടക്കുന്ന സംസ്ഥാന സാഹിത്യോത്സവ് ഉദ്ഘാടന വേദിയില്‍ ഇന്ത്യന്‍ ദളിത് സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരന്‍ ശരണ കുമാര്‍ ലിംബാളെ അവാര്‍ഡ് സമ്മാനിക്കുമെന്ന് എസ് ശറഫുദ്ദീന്‍ അറിയിച്ചു.