ദുബൈ ഒപേറ അടുത്ത വര്‍ഷം മാര്‍ച്ചില്‍ പൂര്‍ത്തിയാവും

Posted on: August 21, 2015 7:23 pm | Last updated: August 21, 2015 at 7:23 pm
SHARE

1ദുബൈ: സിഡ്‌നി ഒപേറ ഹൗസിന്റെ മാതൃകയില്‍ നിര്‍മിക്കുന്ന ദുബൈ ഒപേറ അടുത്ത വര്‍ഷം മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കുമെന്ന് നിര്‍മാതാക്കളായ ഇമാര്‍ പ്രോപര്‍ട്ടീസ് അറിയിച്ചു. ഡൗണ്‍ടൗണിലെ ഒപേറ ഡിസ്ട്രിക്ടിലാണ് നഗരത്തിന്റെ അഭിമാനസ്തംഭങ്ങളില്‍ ഇടംനേടാന്‍ ഒപേറ ഹൗസ് ഒരുങ്ങുന്നത്. നിര്‍മാണത്തിന്റെ ഭാഗമായ കോണ്‍ക്രീറ്റ് ജോലികളും ഉരുക്ക് സ്‌ട്രെക്ച്ചറും ബ്ലോക്ക് വര്‍ക്കും ഇലട്രോമെക്കാനിക്കല്‍ പണികളും നടന്നുവരികയാണ്. ഇമാറിന് കീഴില്‍ കോണ്‍ട്രാക്ടിംഗ് കമ്പനിയായ അറ്റികിന്റെ നിര്‍മാണ യൂണിറ്റായ കണ്‍സോളിഡേറ്റഡ് കോണ്‍ട്രാക്ടേഴ്‌സ് കമ്പനിയാണ് നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത്. മുഹമ്മദ് ബിന്‍ റാശിദ് ബോളിവാര്‍ഡില്‍ നിന്ന് പ്രവേശിക്കാവുന്ന രീതിയിലാണ് ഒപേറ ഡിസ്ട്രിക് രൂപകല്‍പന ചെയ്തിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയോട് അഭിമുഖമായാണ് ഒപേറ ഹൗസ് പണിയുന്നത്. ഇവക്ക് സമീപമായി ബുര്‍ജ് പാര്‍ക്കും ദ ദുബൈ ഫൗണ്ടയിനുമുണ്ട്. സിഡ്‌നിയിലെ ഒപേറ ഹൗസ് പോലെ ദുബൈ ഒപേറയും പ്രസിദ്ധമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നിര്‍മാതാക്കള്‍ പ്രത്യാശ പ്രകടപിച്ചു. 1973 ഒക്ടോബര്‍ 20ന് ഉദ്ഘാടനം ചെയ്ത സിഡ്‌നി ഒപേറ ലോകത്തിലെ തന്നെ ഏറ്റവും വലിയ രംഗകലയുടെ വേദിയാണ്. എല്ലായിപ്പോഴും തിരക്കുപിടിച്ച ഇടമാണിത്. ഓരോ വര്‍ഷവും 1,500 ഓളം പരിപാടികളാണ് ഇവിടെ അരങ്ങേറുന്നത്. 12 ലക്ഷം ആളുകളാണ് കാണികളായി എത്തുന്നത്. മൊത്തത്തില്‍ 70 ലക്ഷം സന്ദര്‍ശകരാണ് ഒപേറ ഹൗസില്‍ എത്തുന്നത്. അറേബ്യന്‍ ബോട്ടിന്റെ മാതൃകയിലാണ് ദുബൈ ഒപേറ നിര്‍മിക്കുന്നത്.
2,000 കാണികള്‍ക്ക് ഇരിക്കാന്‍ സൗകര്യമുണ്ടാവും. തിയറ്ററായും ബാന്‍ക്വറ്റ് ഹാളായും ഫഌറ്റ് ഫ്‌ളോറായും രൂപാന്തരപ്പെടുത്താവുന്നതാണിത്. ഒപേറ, സംഗീത പരിപാടി, നൃത്തം, നാടകം എന്നിവക്കൊപ്പം പ്രഭാഷണങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കുമെല്ലാമുള്ള നഗരത്തിലെ മുഖ്യ കേന്ദ്രമായി ഇത് മാറും. പരിപാടിയുടെ വൈവിധ്യത്തിനനുസരിച്ച് ഇവിടെ 1,940 മുതല്‍ 2,040 വരെ കാണികളെയാവും ഉള്‍കൊള്ളുക. വിവാഹം, പ്രദര്‍ശനം, ഷോ, റിസപ്ഷന്‍ പാര്‍ട്ടി തുടങ്ങിയവക്കും ഒപേറ ഹൗസ് ഉപയോഗപ്പെടുത്താനാവും. മെയ് മാസത്തില്‍ ഇമാര്‍ ഒപേറ ഡിസ്ട്രിക്ടിലെ രണ്ടാമത്തെ ടവറിന്റെ നിര്‍മാണം ആരംഭിച്ചിരുന്നു. ഫോര്‍ട്ടെ എന്ന പേരിട്ട ടവറില്‍ വാണിജ്യത്തിനും താമസത്തിനുമായാണ് ലക്ഷ്യമിടുന്നത്. 2,700 ദിര്‍ഹമാണ് ചതുരശ്രയടിക്ക് ഈടാക്കുന്നത്. ഒപേറ ഹൗസിലെ മുഖ്യ വേദിയില്‍ നിരവധി ഗോപുരങ്ങളും ഒരുക്കുന്നുണ്ട്. ഓര്‍ക്കസ്ട്രയുടെ ശബ്ദം പ്രതിധ്വനിക്കുന്ന രീതിയിലാണ് ഇവ സജ്ജമാക്കുന്നതെന്നും നിര്‍മാതാക്കള്‍ വെളിപ്പെടുത്തി.