സവാള വില കുതിച്ചുയരുന്നു

Posted on: August 21, 2015 9:42 am | Last updated: August 21, 2015 at 9:42 am
SHARE

onionന്യൂഡല്‍ഹി: സവാളയുടെ വില ക്വിന്റലിന് 4,900 രൂപയായി ഉയര്‍ന്നു. ഇന്നലെ മാത്രം ക്വിന്റലിന് 400 രൂപയാണ് നാസികിലെ ലസല്‍ഗാവ് മൊത്ത വിപണിയില്‍ വര്‍ധിച്ചത്. രണ്ട് വര്‍ഷത്തിനിടയില്‍ സവാളയുടെ ഉയര്‍ന്ന വിലയാണിത്. ഡല്‍ഹിയില്‍ ഉള്ളിവില കിലോഗ്രാമിന് 80 രൂപയാണ്. ജനരോഷത്തെ തുടര്‍ന്ന് സബ്‌സിഡിയോടെ 30 രൂപ നിരക്കിലാണ് ഡല്‍ഹിയില്‍ ഇപ്പോള്‍ സവാള വിതരണം ചെയ്യുന്നത്.
വിളവെടുപ്പ് വൈകിയതിനാല്‍ മൊത്ത വിപണിയില്‍ സവാളയുടെ വരവ് കുറഞ്ഞതും ഖാരിഫ് സീസണില്‍ ഉത്പാദനം ഇടിഞ്ഞതും വിലകൂടുന്നതിന് കാരണമായെന്ന് നാഷനല്‍ ഹോട്ടികള്‍ച്ചര്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ആര്‍ പി ഗുപ്ത അറിയിച്ചു. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ മഴക്കുറവും വരള്‍ച്ചയും കാരണം ഖാരിഫ് സവാളയുടെ ഉത്പാദനം ഗണ്യമായി കുറഞ്ഞതിനാല്‍ വിലകൂടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഗുപ്ത പറഞ്ഞു. ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ വിളവെടുപ്പ് വൈകിയിട്ടുമുണ്ട്. റാബി സവാളയുടെ കരുതല്‍ സ്റ്റോക്ക് കഴിഞ്ഞ ജൂലൈയില്‍ 28 ലക്ഷം ടണ്‍ ഉണ്ടായിരുന്നത് 14 ലക്ഷം ടണ്ണായി കുറഞ്ഞു. 2014-15 വിളവെടുപ്പ് വര്‍ഷത്തി ല്‍ (ജൂലൈ, ജൂണ്‍)രാജ്യത്ത് 189 ലക്ഷം ടണ്‍ സവാളയുടെ ഉത്പാദനമാണ് പ്രതീക്ഷിച്ചത്. മുന്‍ വര്‍ഷം ഇത് 194 ലക്ഷം ടണ്ണായിരുന്നു.
സവാളക്ക് ക്ഷാമം ഉണ്ടായേക്കാമെന്നതിനാല്‍, ലഭ്യത ഉറപ്പുവരുത്താനും വിലക്കയറ്റം നിയന്ത്രിക്കാനും 10,000 ടണ്‍ സവാള ഇറക്കുമതി ചെയ്യാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. പഞ്ചാബിലെ വ്യാപാരികള്‍ അട്ടാരി- വാഗ കരമാര്‍ഗം അഫ്ഗാനിസ്ഥാനില്‍ നിന്ന് കുറഞ്ഞ അളവിലാണെങ്കിലും സവാള ഇറക്കുമതി ചെയ്യുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here