ഇരു മേഖലകളുടെയും സുരക്ഷിതത്വത്തിന് ഊന്നല്‍

Posted on: August 13, 2015 9:55 pm | Last updated: August 13, 2015 at 9:55 pm
SHARE
kannadi
യു എ ഇ വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ (ഫയല്‍)

പ്രധാനമന്ത്രി നരേന്ദ്രമോദിയും യു എ ഇ ഭരണാധികാരികളും നടത്തുന്ന ചര്‍ച്ചയില്‍ രണ്ടു മേഖലകളുടെ സുരക്ഷിതത്വം പ്രധാന വിഷയമാകുമെന്നാണ് കരുതുന്നത്. ദായിഷ് (ഇസ്‌ലാമിക് സ്റ്റേറ്റ്) ഭീകരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്ന രാജ്യമാണ് യു എ ഇ. മധ്യപൗരസ്ത്യദേശമേഖലയില്‍ രക്തച്ചൊരിച്ചില്‍ നടത്തുന്ന അവര്‍ക്കെതിരെ ഒരു വിട്ടു വീഴ്ചക്കും യു എ ഇ തയ്യാറല്ല. സ്വദേശികളാണെങ്കില്‍ പോലും വെറുതെ വിടുന്നില്ല. അബുദാബി റീം ഐലന്റില്‍ പാശ്ചാത്യവനിതയെ കുത്തിക്കൊലപ്പെടുത്തിയ സ്വദേശി വനിതയെ മാസങ്ങള്‍ക്കകം വധശിക്ഷക്ക് വിധേയമാക്കിയത് ഓര്‍ക്കുക.
മുസ്‌ലിം ബ്രദര്‍ഹുഡിന്റെയടക്കം പ്രവര്‍ത്തകരെ വിചാരണ ചെയ്തുവരുന്നു. വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള യു എ ഇ നീക്കങ്ങള്‍ ലോകത്തിന്റെ ആദരവ് പിടിച്ചുപറ്റിയതാണ്.
ദായിഷ് പോലുള്ള നിഗൂഡ ശക്തികള്‍ ഇന്ത്യയെയും ലക്ഷ്യമിട്ടുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി യു എ ഇ സന്ദര്‍ശിക്കുന്നത്. രാഷ്ട്രീയം എന്തുമായിക്കൊള്ളട്ടെ, ആഗോള സമാധാനത്തിനുള്ള നീക്കത്തില്‍ പരസ്പരം ഏറ്റവും വിശ്വസിക്കാവുന്ന രാജ്യങ്ങളാണ് ഇന്ത്യയും യു എ ഇയും.
ഗള്‍ഫ്, സംശയത്തോടെ വീക്ഷിക്കുന്ന രാജ്യങ്ങളാണ് ഇറാനും ഇസ്‌റാഈലും. രണ്ടും ആണവ സമ്പുഷ്ടീകരണം നേടിയ രാജ്യങ്ങള്‍. മധ്യപൗരസ്ത്യമേഖലയില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന ആരോപണങ്ങള്‍ അവര്‍ നേരിടുന്നുണ്ട്. യമനില്‍ ഹൂത്തി തീവ്രവാദികള്‍ക്കു പിന്നില്‍ ഇറാനുണ്ട്. ഇസ്‌റാഈലും ‘ഭീകരത’കയറ്റിയയക്കുന്ന രാജ്യമാണ്. അറബ് മേഖലയിലെ സംഘര്‍ഷത്തിന്റെ മൂലകാരണക്കാര്‍ ഇസ്‌റാഈലാണ്. ഫലസ്തീന്‍ സ്വതന്ത്രരാജ്യമായാല്‍ മിക്ക പ്രശ്‌നങ്ങളും തീരും. അതിന് ഇസ്‌റാഈല്‍ അനുവദിക്കുന്നില്ല. ആ ഇസ്‌റാഈലുമായി ചങ്ങാത്തത്തിന് ഇന്ത്യന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്, മേഖലക്കോ ഇന്ത്യക്കോ ഗുണകരമാകുമെന്ന് തോന്നുന്നില്ല. ഇന്ത്യയുടെ സ്വാഭാവിക സുഹൃത്തുക്കളായ അറബ് രാജ്യങ്ങളെ വിഷമിപ്പിക്കുന്ന നടപടിയായി ഇസ്‌റാഈല്‍ ബാന്ധവം മാറും.
അതേ സമയം, ഇസ്‌റാഈല്‍ ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യ മുന്‍കൈയെടുക്കുകയാണെങ്കില്‍ സ്വാഗതാര്‍ഹവുമായ കാര്യവുമാണ്. അമേരിക്കയുടെ മേല്‍നോട്ടത്തിലുള്ള ചര്‍ച്ചകള്‍ എവിടെയും എത്താത്ത സാഹചര്യത്തില്‍ ഇന്ത്യയാണ് പ്രതീക്ഷ.
പ്രതിരോധ രംഗത്ത് ഇന്ത്യയും യു എ ഇയും കൊടുക്കല്‍ വാങ്ങല്‍ നേരത്തെയുള്ളതാണ്. സംയുക്ത നാവിക പരിശീലനമാണ് അതിലൊന്ന്. മറ്റൊന്ന്, ഇരു രാജ്യങ്ങളിലെയും ആഭ്യന്തര മന്ത്രാലയങ്ങള്‍ പരസ്പരം സഹകരിക്കുന്നുവെന്നതാണ്. പി ചിദംബരം ഇന്ത്യന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ യു എ ഇ ആഭ്യന്തര മന്ത്രി ലെഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. സുരക്ഷാ സഹകരണ കരാറില്‍ ഇരുവരും ഒപ്പുവെച്ചു. എല്ലാ വിധത്തിലുള്ള ഭീകരരെയും സംയുക്തമായി നേരിടാമെന്നതാണ് കരാറിന്റെ കാതല്‍.
തടവുകാരുടെ സ്ഥലംമാറ്റം സംബന്ധിച്ചും കരാറിലേര്‍പ്പെട്ടു. യു എ ഇയില്‍ വിവിധ ജയിലുകളില്‍ 1,200 ഓളം ഇന്ത്യക്കാരുണ്ട്. അവര്‍ക്ക് ഇന്ത്യയിലെ ജയിലിലേക്ക് മാറാന്‍ അവസരം നല്‍കുന്ന കരാറാണ്. പക്ഷേ, പ്രാവര്‍ത്തികമായില്ല. ഇന്ത്യയിലെ ജയിലുകളില്‍ സൗകര്യങ്ങള്‍ കുറവാണെന്നതാണ് പ്രധാന കാരണം.
അതെക്കുറിച്ച് പ്രധാനമന്ത്രിയും യു എ ഇ ഭരണാധികാരികളും ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്.