പാരസെറ്റമോള്‍ സിറപ്പില്‍ 95 ശതമാനം ആല്‍ക്കഹോള്‍

Posted on: August 6, 2015 7:27 pm | Last updated: August 6, 2015 at 7:27 pm

parasetamol syrapതിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ കുട്ടികള്‍ക്ക് നല്‍കുന്ന പാരസെറ്റമോള്‍ സിറപ്പില്‍ 95 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയതായി കണ്ടെത്തി. മഞ്ചേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ടാണ് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്.

125 മില്ലിഗ്രാം സിറപ്പില്‍ 95 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നാഗ്പൂര്‍ ആസ്ഥാനമായുള്ള കമ്പനിയാണ് മരുന്ന് നിര്‍മിച്ച് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് എത്തിക്കുന്നത്. പനിയുള്ള അഞ്ചു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നാണിത്.

ആല്‍ക്കഹോള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മരുന്ന് വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. എന്നാല്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി മൂന്നര ലക്ഷം ബോട്ടിലുകള്‍ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. ഇതു മുഴുവന്‍ പിന്‍വലിക്കുന്നത് എത്രത്തോളം പ്രായോഗികമാണെന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.