നിലവിളക്ക് വിവാദം: ചേളാരി വിഭാഗത്തില്‍ കടുത്ത ഭിന്നത

Posted on: August 6, 2015 12:26 pm | Last updated: August 6, 2015 at 12:26 pm
SHARE

mp>>പാടില്ലെന്ന് ഫത്‌വ; ബിസ്മി ചൊല്ലി കത്തിക്കാമെന്ന് വാദം
കോഴിക്കോട്: നിലവിളക്ക് വിഷയത്തില്‍ ചേളാരി വിഭാഗത്തില്‍ ഭിന്നത ഉടലെടുക്കുന്നു. നിലവിളക്കു കത്തിക്കുന്നതുമായി ബന്ധപ്പെട്ട് ലീഗിലുണ്ടായ വിവാദത്തില്‍ കക്ഷി ചേര്‍ന്ന് ലീഗ് എം എല്‍ എമാരെ ഉപദേശിക്കാനിറങ്ങിയ ചേളാരി വിഭാഗത്തില്‍ തന്നെ ഭിന്നസ്വരമുണ്ടായത് അണികള്‍ക്കിടയിലും അങ്കലാപ്പുണ്ടാക്കിയിട്ടുണ്ട്. നല്ല കാര്യങ്ങള്‍ തുടങ്ങുന്നതിന് നിലവിളക്ക് കൊളുത്തുന്നത് തെറ്റല്ലെന്ന വാദവുമായി ചേളാരി വിഭാഗം യുവജന സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് മുസ്തഫല്‍ ഫൈസി തന്നെ രംഗത്തെത്തിയതാണ് ഇവരെ വെട്ടിലാക്കിയത്.
വിദ്യാഭ്യാസ മന്ത്രിയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ നിലവിളക്കു കത്തിക്കല്‍ ഇസ്‌ലാമിക വിരുദ്ധമാണെന്നു ചേളാരി വിഭാഗം പ്രസിഡന്റ് ആനക്കര സി കോയക്കുട്ടി മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി ചെറുശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ എന്നിവര്‍ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി യുവജന വിഭാഗത്തിന്റെ മറ്റൊരു നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് നിലവിളക്കു വിവാദവുമായി ബന്ധപ്പെട്ട് ഈ വിഷയത്തില്‍ വ്യത്യസ്ത നിലപാടു സ്വീകരിച്ച ലീഗ് എം എല്‍ എമാരെ രൂക്ഷമായി അധിക്ഷേപിച്ചും അവരെ താക്കീതു ചെയ്തും ലേഖനമെഴുതുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ലീഗ് എം എല്‍ എമാരെ മതം പഠിപ്പിക്കാനിറങ്ങിയ ചേളാരി വിഭാഗത്തില്‍ നിന്ന് തന്നെയുള്ള ഭിന്നസ്വരം ഇവരെ തിരിഞ്ഞു കുത്തുകയാണ്. ‘നിലവിളക്കില്‍ നില തെറ്റരുത്’ എന്ന ദീര്‍ഘമായ ഫേസ് ബുക്ക് കുറിപ്പിലാണ് എം പി മുസ്തഫല്‍ ഫൈസി തന്റെ നിലപാട് തുറന്നടിച്ചിരിക്കുന്നത്.
നല്ല കാര്യങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായി നാട മുറിക്കുക, ബട്ടണമര്‍ത്തി ബോര്‍ഡ് പ്രകാശിപ്പിക്കുക, ബോര്‍ഡിനു മുകളിലെ കവര്‍ശീല മാറ്റുക എന്നിവയോ ഇവക്കു പകരം ഇതേ ലക്ഷ്യത്തിനു മാത്രം നിലവിളക്കോ മറ്റോ കത്തിക്കുന്നതോ തെറ്റല്ല എന്നാണ് ഫൈസിയുടെ നിലപാട്.
എന്നാല്‍ ഇതു ചെയ്യുമ്പോള്‍ ബിസ്മി’ചൊല്ലണമെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. മഹാത്മാക്കളുടെ ജാറങ്ങള്‍ തുടങ്ങിയ പരിശുദ്ധവും അനുഗ്രഹീതവുമായ സന്നിധാനങ്ങളില്‍ നിലവിളക്കോ മറ്റോ കത്തിക്കലും അവയുടെ പ്രകാശത്തിലും എണ്ണയിലും അനുഗ്രഹം ആസ്വദിക്കലും തെറ്റല്ല. പകലോ രാത്രിയോ എന്ന വ്യത്യാസം ഇവിടെയില്ല. ഇത് പൂര്‍വ്വകാല സാദാത്തുക്കളും സുന്നത്ത് ജമാഅത്തിന്റെ മഹാന്മാരായ പണ്ഡിതന്മാരും ചെയ്തതും അംഗീകരിച്ചതും മുസ്‌ലിം ലോകത്ത് ഇന്നുവരെ തുടര്‍ന്നു പോരുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു വെക്കുന്നുണ്ട്.
വരും ദിവസങ്ങളില്‍ ഏറെ ചര്‍ച്ചക്ക് വഴിവെക്കുന്ന കുറിപ്പാണ് മുസ്തഫല്‍ ഫൈസിയുടേത്. പണ്ഡിതന്മാരും നേതാക്കളും നല്ലവണ്ണം ശ്രദ്ധിക്കുക; ചാടി വീഴരുത്. പിന്നിലുള്ളവര്‍ക്ക് രക്ഷിക്കാനാകില്ല. എന്ന മുനയുള്ള സൂചനയോടെയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്. ഇരു നിലപാടുകാര്‍ക്കൊപ്പവും ചേളാരി വിഭാഗത്തിലെ നേതാക്കള്‍ ചേരിതിരിഞ്ഞതായാണ് അറിയുന്നത്.
സ്വന്തം സംഘടനയിലും നേതാക്കള്‍ക്കുമിടയില്‍ ഒരേ അഭിപ്രായത്തിലെത്താന്‍ കഴിയാതെ തങ്ങള്‍ക്കെതിരെ ഫത്‌വ ഇറക്കാനിറങ്ങിയവര്‍ തന്നെ അപഹാസ്യരാവുകയാണ് ചെയ്തതെന്ന് ഒരു ലീഗ് എം എല്‍ എ പറഞ്ഞു. മതപരമായ വിഷയങ്ങളില്‍ സൂക്ഷ്മതയും ആലോചനയും ഇല്ലാതെ പബ്ലിസിറ്റിക്ക് വേണ്ടി ജീവിക്കുന്നവരാണ് എല്ലാ വിവാദങ്ങള്‍ക്കും പിന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു നിലപാടെടുക്കാന്‍ കഴിയാത്തതിന്റെ പേരില്‍ സ്വന്തം സംഘടനക്കകത്ത് നിന്ന് തന്നെ തിരിച്ചടി നേരിടുന്ന സാഹചര്യത്തില്‍ വിഷയം വരും ദിവസങ്ങളില്‍ ചേളാരി വിഭാഗത്തില്‍ വലിയ വിവാദത്തിന് തിരികൊളുത്തും.