Connect with us

Articles

'ഈ നിരായുധ സമരം വെടിയുണ്ടകളെ തോല്‍പ്പിക്കും'

Published

|

Last Updated

ഖാദിര്‍ അദ്‌നാന്‍. ജൂത അധിനിവേശത്തിനെതിരെ ചങ്കുറപ്പോടെ പോരാടുന്ന ഓരോ ഫലസ്തീനിക്കും ഈ പേര് ഇന്നൊരാവേശമാണ്. ഫലസ്തീനികളുടെ മണ്ണ് കുടില തന്ത്രങ്ങളിലൂടെ വേലികെട്ടിത്തിരിച്ച് ആ മണ്ണിന്റെ അവകാശികള്‍ക്കെതിരെ തോക്കുകൊണ്ടും യുദ്ധവിമാനങ്ങള്‍ കൊണ്ടും സംസാരിക്കുന്ന ഇസ്‌റാഈലിന്റെ അനീതികള്‍ക്കെതിരെ പോരാടുന്ന ഖാദിര്‍ അദ്‌നാന്‍ ഇന്ന് ഫലസ്തീനിലെ ജനതക്ക് ഒരു പ്രതിരോധത്തിന്റെ സിംബലായി കഴിഞ്ഞിരിക്കുന്നു. അഡ്മിനിസ്‌ട്രേറ്റീവ് ഡിറ്റന്‍ഷന്‍ (ഭരണപരമായ തുറുങ്കില്‍വെക്കല്‍) എന്ന നിയമത്തിന്റെ മറവില്‍ പത്ത് തവണ ഇദ്ദേഹത്തെ ഇസ്‌റാഈല്‍ പോലീസ് പിടികൂടി തുറുങ്കിലടച്ചു. ചെയ്ത കുറ്റം എന്താണെന്നു പോലും ബോധ്യപ്പെടുത്താതെ ആറ് മാസം വരെ ഫലസ്തീനികളെ ജയിലിലടക്കാന്‍ ജൂത പോലീസ് നിര്‍മിച്ചുണ്ടാക്കിയതാണ് കിരാതമായ ഈ അഡ്മിനിസ്‌ട്രേറ്റീവ് ഡിറ്റന്‍ഷന്‍ എന്ന നിയമം.
എന്നാല്‍ 2012ല്‍, ഈ നിയമത്തിന്റെ മറവില്‍, തന്നെ ഇസ്‌റാഈല്‍ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ ഇതിനെതിരെ 66 ദിവസം നിരാഹാരമിരുന്ന് പ്രതിഷേധിച്ചതോടെയാണ് ഖാദിര്‍ അദ്‌നാന്‍ പോരാടുന്ന ഫലസ്തീനികളുടെ ആവേശവും ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രവുമായി മാറുന്നത്. ഇതിന് ശേഷം 2014ല്‍ വീണ്ടും ഇദ്ദേഹത്തെ ഇസ്‌റാഈല്‍ പോലീസ് അറസ്റ്റ് ചെയ്തു. പക്ഷേ, അദ്ദേഹം തളര്‍ന്നില്ല. അനീതിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ജയില്‍ വാസത്തിനിടെ 56 ദിവസം നീണ്ടുനിന്ന നിരാഹാര സമരം നടത്തി ഇസ്‌റാഈല്‍ അധികൃതരുടെ ഉറക്കം കെടുത്തി. അവസാനം ഇസ്‌റാഈല്‍ പോലീസ് ആ മനോവീര്യത്തിന് മുമ്പില്‍ മുട്ടുമടക്കി ഈ മാസം 12ന് അദ്ദേഹത്തെ ജയിലില്‍ നിന്ന് മോചിപ്പിച്ചു. ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹവുമായി അല്‍ജസീറ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.
ചോദ്യം: ജയില്‍ ജീവിതത്തിലെ നിരാഹാര സമരത്തിന് ശേഷമുള്ള ഇപ്പോഴത്തെ ആരോഗ്യ സ്ഥിതി?
ഖാദിര്‍ അദ്‌നാന്‍: ദീര്‍ഘമായ ദിവസങ്ങളിലെ പട്ടിണി മൂലം വയറിന് ഇപ്പോഴും സുഖമില്ല. പക്ഷേ അസുഖങ്ങളെല്ലാം ഭേദമായിക്കൊണ്ടിരിക്കുന്നു. ഡോക്ടര്‍മാരുടെ നല്ല പരിചരണം ലഭിക്കുന്നുണ്ട്. വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും ഏറെ പ്രയാസം നേരിടുന്നു. എന്തായാലും ദൈവത്തില്‍ ഉറച്ച വിശ്വാസമുള്ളതു കൊണ്ട് എല്ലാ അസുഖവും സുഖപ്പെടുമെന്ന് വിശ്വസിക്കുന്നു.
2012ലെ 66 ദിവസം നീണ്ടുനിന്ന നിരാഹാര സമരത്തിനിടെ അപൂര്‍വമായെങ്കിലും ചില ഭക്ഷണ പദാര്‍ഥങ്ങള്‍ താങ്കള്‍ കഴിച്ചിരുന്നു. പക്ഷേ, തൊട്ടുമുമ്പ് കഴിഞ്ഞ 56 ദിവസം നീണ്ടുനിന്ന നിരാഹാര സമരത്തില്‍ വെള്ളമല്ലാതെ ഒന്നും തൊട്ടുനോക്കിയിരുന്നില്ലല്ലോ?
ഖാദിര്‍ അദ്‌നാന്‍: അതെ. ഈ നിരാഹാര സമരത്തിനിടെ ഭക്ഷണ പദാര്‍ഥങ്ങള്‍ എന്ന് പറയുന്ന ഒന്നും ഞാന്‍ കഴിച്ചിട്ടില്ല. ജയില്‍ അധികൃതര്‍ നല്‍കിയതെല്ലാം ഞാന്‍ ധൈര്യപൂര്‍വം നിരസിച്ചു. ജീവന്‍ പിടിച്ചുനിര്‍ത്തിയത് പച്ചവെള്ളം കൊണ്ടുമാത്രമാണ്. വൈറ്റമിന്‍ ഉള്‍പ്പെട്ട ഒരു ഭക്ഷണവും ഞാന്‍ കഴിച്ചിട്ടില്ല. റെഡ് ക്രസന്റ് സ്റ്റാന്‍ഡേര്‍ഡ് പ്രകാരം വൈറ്റമിന്‍ ഉള്‍പ്പെട്ട ഭക്ഷണം കഴിക്കുന്നത് നിരാഹാര സമരത്തിനെതിരല്ല. എന്നാലും അതും വേണ്ടെന്നു വെച്ചു. 2012ലെ നിരാഹാരസമരത്തിനിടെ 43ാം ദിവസവും 44ാം ദിവസവും അല്‍പം ഭക്ഷണം കഴിച്ചിരുന്നു. അതുപോലെ 54ാം ദിവസം മെഡിക്കല്‍ ചെക്കപ്പിനും വിധേയനായിരുന്നു. എന്നാല്‍ തൊട്ടുമുമ്പ് നടന്ന നിരാഹാര സമരത്തിനിടെ ഇതിലൊന്നിനു പോലും വഴങ്ങിക്കൊടുത്തില്ല. ഒരു ഭക്ഷണത്തിന്റെയും രുചി അറിഞ്ഞിട്ടുമില്ല.
ജയില്‍ മോചിതനായി ഒരു ദിവസം കഴിഞ്ഞപ്പോള്‍ താങ്കള്‍ ജറൂസലം സന്ദര്‍ശിക്കുകയും വീണ്ടും അറസ്റ്റ് വരിക്കുകയുമുണ്ടായി. എന്താണ് ജറൂസലം സന്ദര്‍ശനത്തിനുള്ള പ്രചോദനം?
ഖാദിര്‍ അദ്‌നാന്‍: എല്ലാവരോടും നന്ദി പറയാനാണ് ഞാന്‍ ജറൂസലമിലേക്ക് പോയത്. പ്രവാചകന്‍ മുഹമ്മദ് നബി(സ)ക്ക് പരിശുദ്ധ ഖുര്‍ആന്‍ ഇറക്കപ്പെട്ട റമസാന്‍ മാസത്തിലെ, 27-ാം രാവില്‍ തന്നെ എന്നെ മോചിപ്പിക്കണമെന്നാണ് ഞാന്‍ ഇസ്‌റാഈല്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നത്. കാരണം ആ ദിവസം ലോക മുസ്‌ലിംകള്‍ മുഴുവന്‍ ആദരിക്കുന്ന ഒരു ദിനമാണ്. അതേദിവസം തന്നെ പരിശുദ്ധ മസ്ജിദുല്‍ അഖ്‌സയില്‍ എത്തണമെന്നും ഞാന്‍ ആഗ്രഹിച്ചു. എന്നെ ജയിലില്‍ നിന്ന് മോചിപ്പിക്കുന്നത് രാത്രി ഒരു മണിക്കാണ്. വളരെ അപൂര്‍വമാണിത്. ഇസ്‌റാഈല്‍ ജയില്‍ ചരിത്രത്തില്‍ ഒരിക്കലും സംഭവിക്കാത്ത കാര്യം. സാധാരണ രാവിലെ പത്ത് മണിക്കോ വൈകുന്നേരമോ ആണ് ജയിലിലുള്ളവരെ ഇസ്‌റാഈല്‍ മോചിപ്പിക്കാറുള്ളത്. അര്‍ധരാത്രി ഒരു മണിക്ക് എന്നെ മോചിപ്പിക്കുന്നതില്‍ അവര്‍ക്ക് ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. എന്റെ കുടുംബാംഗങ്ങളുടെയോ ഫലസ്തീന്‍ ജനതയുടെയോ സ്വീകരണം എനിക്ക് ലഭിക്കരുത് എന്നായിരുന്നു ഇതിന്റെ കാരണം. വമ്പിച്ച സ്വീകരണം ലഭിക്കുന്നത് ഇസ്‌റാഈലിനെ അസ്വസ്ഥമാക്കുമെന്ന കാര്യം ഉറപ്പാണ്. അര്‍ധരാത്രിയിലുള്ള ഈ മോചനം കാരണം കൊണ്ടുതന്നെ ജനകീയമായ ഒരു സ്വീകരണ പരിപാടി നടന്നില്ല. ആ രാത്രി എന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ് ഞാന്‍ കഴിഞ്ഞത്. പിറ്റേദിവസം രാവിലെ ജനീനില്‍ നിന്ന് ജറൂസലമിലേക്ക് ഞാന്‍ യാത്ര തിരിച്ചു. ജറൂസലമില്‍ താങ്കളെ കണ്ടാല്‍ വീണ്ടും അറസ്റ്റ് ചെയ്യുമെന്ന് ജറൂസലമില്‍ എത്തുന്നതിന് മുമ്പുതന്നെ ചില ഇസ്‌റാഈല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നെ രഹസ്യമായി വിവരം അറിയിച്ചിരുന്നു. പക്ഷേ അതെല്ലാം അവഗണിച്ച് ഞാന്‍ ജറൂസലമിലെത്തി. അഭിഭാഷകര്‍, ജയില്‍വാസികള്‍, ട്രേഡ് യൂനിയന്‍ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ജറൂസലമിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ചെന്ന് വേണ്ടപ്പെട്ടവരുമായി കൂടിക്കാഴ്ച നടത്തി. കാരണം, പൊരുതുന്ന ഫലസ്തീനികളെ കുറിച്ച് അവര്‍ക്കെല്ലാം ചില സന്ദേശങ്ങള്‍ നല്‍കാനുണ്ടായിരുന്നു. ഇതിന് ശേഷമാണ് മസ്ജിദുല്‍ അഖ്‌സയിലേക്ക് പ്രവേശിക്കാനുള്ള ശ്രമം നടത്തിയത്. വേഷത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി വടി കുത്തിപ്പിടിച്ച് പള്ളിക്കുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും അവിടെയുണ്ടായിരുന്ന ചില ഇസ്‌റാഈല്‍ പോലീസുകാര്‍ എന്നെ തിരിച്ചറിഞ്ഞു. മസ്ജിദുല്‍ അഖ്‌സക്ക് ചുറ്റും എന്നെക്കുറിച്ചുള്ള ചില പോസ്റ്ററുകള്‍ ഇസ്‌റാഈല്‍ പോലീസ് പതിച്ചുവെച്ചിരുന്നു. പള്ളി അതിര്‍ത്തിയില്‍ കാവല്‍ നിന്ന ചില പോലീസുകാരുടെ കൈവശം എന്റെ മുഖചിത്രമുള്ള പോസ്റ്ററുകള്‍ വരെ ഉണ്ടായിരുന്നു. അങ്ങനെ എന്നെ പിടികൂടി ജാഫ ഗേറ്റിലുള്ള ഖുര്‍ഷി ജയിലില്‍ തടവില്‍വെച്ചു. അവിടെ നാലര മണിക്കൂറിലധികം കഴിയേണ്ടിവന്നു. അവിടെവെച്ച് ഇസ്‌റാഈല്‍ പോലീസ് എന്നോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ഒരക്ഷരം മറുപടി പറയാതെ ഞാന്‍ പ്രതിഷേധിച്ചു. ഇതിന് പുറമെ എനിക്ക് തന്ന വെള്ളവും ഭക്ഷണവും നിരസിക്കുകയും ചെയ്തു.
ഇപ്പോള്‍ താങ്കള്‍ ഇവിടെ ജറൂസലമിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. എന്താണ് വീണ്ടും ചികിത്സ തേടാന്‍ കാരണം?
ഖാദിര്‍ അദ്‌നാന്‍: എന്നെ അറസ്റ്റ് ചെയ്ത് മോചിപ്പിച്ചതിന്റെ ശേഷമുള്ള ആദ്യ ദിവസം ഞാന്‍ ചെലവഴിച്ചത് എന്റെ മാതാപിതാക്കളോടൊപ്പമായിരുന്നു. പക്ഷേ പിറ്റേദിവസം ആയപ്പോഴേക്കും വയറിനുള്ളില്‍ ശക്തമായ വേദന. അങ്ങനെ ജനീന്‍ ഹോസ്പിറ്റലില്‍ ചികിത്സ തേടി. പക്ഷേ, ഈ രോഗത്തിന് പര്യാപ്തമായ ചികിത്സ ഇവിടെയില്ലെന്നും ജറൂസലമിലെ ആശുപത്രിയില്‍ ചികിത്സ തേടണമെന്നും അവര്‍ നിര്‍ദേശിച്ചു. അങ്ങനെയാണ് ജറൂസലമിലെ അല്‍മഖ്‌സദ് ആശുപത്രിയില്‍ എത്തുന്നത്. ഞാന്‍ ആദ്യം വന്നത് വേഷം മാറി. രണ്ടാമത്തെ വരവ് ആംബുലന്‍സിലും. ആദ്യ തവണ ജറൂസലമിലേക്ക് വരുമ്പോള്‍ പിടിക്കപ്പെടുമോ എന്ന ആശങ്കയുണ്ടായിരുന്നു. പക്ഷേ, രണ്ടാമത്തെ വരവില്‍ എന്നെ എല്ലാവരും ബഹുമാനിക്കുന്നു. എല്ലാം ആശ്ചര്യമായിരിക്കുന്നു. പക്ഷേ, ജറൂസലമിലേക്ക് വരുമ്പോഴെല്ലാം എനിക്ക് വല്ലാത്ത ആത്മവിശ്വാസമുണ്ടായിരുന്നു. കാരണം എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഫലസ്തീന്‍ ജനതയുടെ പ്രതികാരം നേരിടേണ്ടിവരുമെന്ന് ഇസ്‌റാഈലിന് നന്നായി അറിയാം.
മൊത്തത്തില്‍ ഫലസ്തീന്‍ വിമോചനത്തിന് ജയില്‍ സമരങ്ങള്‍ എത്രത്തോളം നിര്‍ണായകമാണ്?
ഖാദിര്‍ അദ്‌നാന്‍: ഇസ്‌റാഈല്‍ അന്യായമായി തുറുങ്കിലടച്ച ഫലസ്തീന്‍ തടവുകാരുടെ പോരാട്ടവും ഇത്തരത്തിലുള്ള നിരാഹാര സമരങ്ങളും ഫലസ്തീനിന് നീതി വേണമെന്ന് ആവശ്യപ്പെടുന്നു. തടവുകാരുടെ പോരാട്ടവും നിരാഹാര സമരവും രണ്ടും സാധ്യമാണ്. ഇസ്‌റാഈല്‍ അധിനിവേശത്തിന് അറുതിവരുത്താന്‍ അനിവാര്യവുമാണ്. മനഃസ്ഥൈര്യത്തോടെ തങ്ങളുടെ അവകാശങ്ങള്‍ ചോദിച്ചുവാങ്ങാനും നിഷേധിക്കപ്പെട്ട നീതി ലഭ്യമാക്കാനും ഫലസ്തീന്‍ തടവുകാര്‍ക്ക് സാധിക്കുന്നു. എന്റെ നിരാഹാര സമരം നമുക്കെന്തെല്ലാം ചെയ്യാന്‍ കഴിയുമെന്നതിന്റെ ഒരു സിംബലാണ്. ഫലസ്തീന്‍ നേതൃത്വം ഇതില്‍ നിന്ന് കുറെ പാഠങ്ങള്‍ പഠിക്കാനുണ്ട്. എല്ലാ സുരക്ഷാ സംവിധാനങ്ങളും ആധുനിക സാങ്കേതിക വിദ്യകളും ആയുധങ്ങളും ഉള്ള ഇസ്‌റാഈലിനെ ധൈര്യമായി നേരിടാനും അവരുടെ അധിനിവേശം അവസാനിപ്പിക്കാനും ഫലസ്തീന്‍ തടവുകാര്‍ മുന്നോട്ടുവരുന്നു. നിരായുധമായ ഈ പോരാട്ടത്തിന് ബുള്ളറ്റുകളെ തോല്‍പ്പിക്കാനുള്ള ശക്തിയുണ്ട്. അതാണ് എന്റെ നിരാഹാര സമരം തെളിയിക്കുന്നത്. പക്ഷേ, ഫലസ്തീന്‍ ദേശീയ മുന്നേറ്റത്തിന് ഐക്യത്തോടെ മുന്നോട്ടുപോകണം. നേതൃത്വത്തിലും ഔദ്യോഗിക സംഘടനകളിലും പ്രതിരോധത്തിലും ഫലസ്തീനികള്‍ക്ക് ഉറച്ച വിശ്വാസം ഉണ്ടാകണം. ജറൂസലം, ഗാസ, വെസ്റ്റ്‌ബേങ്ക് ഉള്‍പ്പെടെയുള്ള എല്ലാ ശക്തിയും ഒരുമിച്ച് ചേര്‍ത്ത് മുന്നോട്ടുപോകേണ്ട സമയമാണിത്. ഫലസ്തീനികളുടെ സ്വാതന്ത്ര്യത്തിനും അവരുടെ പ്രതിരോധത്തിനും ആഗ്രഹിക്കുന്ന ലോകത്തെ മറ്റു ജനതകളോടൊപ്പം ഐക്യപ്പെട്ട് മുന്നേറാനും സാധിക്കണം. മുറിവേറ്റ ഫലസ്തീനികള്‍ മുമ്പിലുണ്ട് എന്ന കാര്യം ആരും മറക്കാന്‍ പാടില്ല.
ജയിലിലാകുന്ന സമയത്ത് താങ്കളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിപാടികളെ കുറിച്ച് താങ്കള്‍ അറിഞ്ഞിരുന്നോ?
ഖാദിര്‍ അദ്‌നാന്‍: അല്‍മഖ്‌സദിലെ ഈ ആശുപത്രിയില്‍ കിടന്ന്, എന്നെ പിന്തുണച്ച എല്ലാ ജനവിഭാഗങ്ങളോടും ഞാന്‍ നന്ദി അറിയിച്ചിരുന്നു. ഈ ആശുപത്രി വലിയൊരു മാതൃകയാണ്. മസ്ജിദുല്‍ അഖ്‌സ പള്ളിയില്‍ വെച്ച് രക്തസാക്ഷിത്വം വരിച്ചവരെയും പരിക്കേറ്റവരെയും സ്വീകരിച്ചത് ഈ ആശുപത്രിയാണ്. ഞാന്‍ കിടക്കുന്ന ഈ കട്ടില്‍ എനിക്ക് മുമ്പ് ഏതെങ്കിലും ഒരു രക്തസാക്ഷി കിടന്നതാകാം. അല്ലെങ്കില്‍ ചോരപുരണ്ട ഏതെങ്കിലും ഒരു ഫലസ്തീനി കിടന്നതാകാം. അതുകൊണ്ട് തന്നെ ഈ കട്ടിലില്‍ കിടക്കുകയെന്നത് അഭിമാനമാണ്; ആനന്ദമാണ്. ഫലസ്തീനികളെ വിഭജിക്കാന്‍ കൂട്ടുനിന്ന ജനങ്ങളേക്കാള്‍ എത്രയോ വലുതാണ് ഞങ്ങളെ ചേര്‍ത്തുപിടിക്കുന്ന ലോക ജനത. അവര്‍ ചെയ്തതിന് നന്ദി അറിയിക്കുന്നു. എന്റെ സ്‌നേഹം ആ ജനതക്ക് ഞാന്‍ കൈമാറുന്നു.
ഫലസ്തീന്‍ നേതൃത്വത്തില്‍ നിന്ന് താങ്കള്‍ക്ക് എത്രത്തോളം പിന്തുണ ലഭിച്ചു?
ഖാദിര്‍ അദ്‌നാന്‍: എനിക്കും ജയില്‍ വകുപ്പ് മന്ത്രാലയത്തിനും ഇടയില്‍ ചില ആശയവിനിമയങ്ങള്‍ നടന്നിരുന്നു. ഔദ്യോഗിക മേഖലകളില്‍ നിന്നുള്ള പിന്തുണ വളരെ കുറവായിരുന്നു. ഈ സാഹചര്യത്തിലേക്ക് ചേര്‍ത്തുനോക്കുമ്പോള്‍ തീരെ കുറവായിരുന്നുവെന്ന് പറയാം. എനിക്ക് പിന്തുണ അറിയിച്ചെത്തിയത് തെരുവിലെ ജനങ്ങളായിരുന്നു. എന്നാല്‍ 2012ല്‍ നടന്ന പ്രതിഷേധങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ പ്രാവശ്യം പ്രതിഷേധങ്ങള്‍ കുറവാണെന്ന് പറയേണ്ടിവരും.
ഏകദേശം എല്ലാ അറബ് രാജ്യങ്ങളും സംഘര്‍ഷത്തിലും കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലുമാണ്. ഈ രാജ്യങ്ങളിലെ യുവാക്കള്‍ക്ക് താങ്കള്‍ക്ക് നല്‍കാനുള്ള സന്ദേശം?
ഖാദിര്‍ അദ്‌നാന്‍: അതെ, സംഘര്‍ഷത്തിലാണ്ടുപോയ യെമന്‍, ഇറാഖ്, സിറിയ, സിനായ്, ലിബിയ എന്നീ അറബ് രാജ്യങ്ങള്‍ക്കും ഇവിടങ്ങളിലെ മുസ്‌ലിം യുവാക്കള്‍ക്കും എനിക്ക് ഒരു സന്ദേശം നല്‍കാനുണ്ട്. ലോകത്തിന്റെ നാനാഭാഗത്തുനിന്നും യുവാക്കള്‍ മരിക്കാനും കൊല്ലാനും കടന്നുവരുന്നു. പക്ഷേ, നമുക്കാവശ്യം നിങ്ങളുടെ ജീവനാണ്. നിങ്ങള്‍ ജീവിച്ചിരിക്കണം. ഫലസ്തീന്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളുടെ അവകാശങ്ങള്‍ മുറുകെ പിടിക്കാന്‍ നിങ്ങള്‍ ജീവിച്ചിരുന്നേ മതിയാകൂ. നിങ്ങളുടെ മുമ്പില്‍ ചോരയൊലിക്കുന്ന ഫലസ്തീനികളുണ്ട്. അവരെ നിങ്ങള്‍ ഓര്‍ക്കണം. പതിറ്റാണ്ടുകളായി നിങ്ങളുടെ സഹോദരിമാരും സഹോദരന്‍മാരും ഇസ്‌റാഈല്‍ ഒരുക്കിയ അധിനിവേശ ഫലസ്തീനിലെ ജയിലുകളില്‍ നരകയാതന അനുഭവിക്കുന്നവരാണ്. പുണ്യഗേഹമായ മസ്ജിദുല്‍ അഖ്‌സക്ക് നേരെ ഭീഷണി ഉയരുന്നു, ആക്രമണങ്ങള്‍ പതിവായിരിക്കുന്നു. ഫലസ്തീനികള്‍ അധിനിവേശപ്പെട്ടുപോയിരിക്കുന്നു. നിങ്ങള്‍ ഫലസ്തീനികള്‍ക്കൊപ്പം ഉണ്ടാകണം. അതിന് നിങ്ങള്‍ ജീവിച്ചിരിക്കണം.
(വിവര്‍ത്തനം: മൂസ ബുഖാരി ചേലക്കര)