ഓര്‍ക്കാന്‍ വയ്യ, ആ നിമിഷങ്ങള്‍

Posted on: July 29, 2015 8:58 am | Last updated: July 29, 2015 at 6:20 pm
ശ്രീജന്‍ പാല്‍ സിംഗ് കലാമിനൊപ്പം
ശ്രീജന്‍ പാല്‍ സിംഗ് കലാമിനൊപ്പം

ഷില്ലോംഗിലേക്കുള്ള എ പി ജെ അബ്ദുല്‍ കലാമിന്റെ യാത്രയില്‍ ഒപ്പമുണ്ടായിരുന്ന ശിഷ്യന്‍ ശ്രീജന്‍ പാല്‍ സിംഗ് പ്രിയ ഗുരുനാഥനെ സ്മരിക്കുന്നു.
ഞാനിത് എഴുതുമ്പോള്‍ അദ്ദേഹവുമായി അവസാനമായി സംസാരിച്ചിട്ട് എട്ട് മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. ഉറക്കം എന്നില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ്. ഓര്‍മകളുടെ കുത്തൊഴുക്കാണ്. ചിലപ്പോഴത് കണ്ണീരായും. ഗുവാഹത്തിയിലേക്കുള്ള യാത്ര ഒരുമിച്ചായിരുന്നു. ഇരുണ്ട നിറത്തിലുള്ള ‘കലാം സ്യൂട്ട്’ ആണ് അദ്ദേഹം ധരിച്ചിരുന്നത്. നല്ല നിറമാണെന്ന് പറഞ്ഞുകൊണ്ടാണ് ഇത്തവണ ഞാന്‍ സംഭാഷണം ആരംഭിച്ചത്.
മഴയുള്ള ദിവസം രണ്ട് മണിക്കൂര്‍ വിമാനത്തില്‍ പറന്നു. ഇതിന് ശേഷം രണ്ടര മണിക്കൂര്‍ ഐ ഐ എം ഷില്ലോംഗിലേക്കും. ഈ അഞ്ച് മണിക്കൂറും ഞങ്ങള്‍ സംസാരിച്ചു. ചര്‍ച്ചകളും സംവാദങ്ങളും നടത്തി. ഒരുമിച്ചുള്ള ആറ് വര്‍ഷത്തിനിടെ നടത്തിയ യാത്രകളിലെ നൂറുകണക്കിന് സംഭാഷണങ്ങളില്‍ ഒന്നു മാത്രമായിരുന്നു അതും. പ്രഭാഷണം ഒരിക്കല്‍ പോലും വൈകിപ്പിക്കുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല.
പ്രഭാഷണത്തിനായി ഞാന്‍ മൈക്ക് നേരെയാക്കിക്കൊടുത്തു. ‘ഫണ്ണി ഗേ, താങ്കള്‍ ഇതു നന്നാക്കി വെച്ചു അല്ലേ?’ ഇതായിരുന്നു അദ്ദേഹം അവസാനമായി എന്നോട് പറഞ്ഞ വാക്കുകള്‍.
രണ്ട് മിനുട്ട് നേരത്തെ പ്രസംഗത്തിനിടെ ഒരു വാക്യം പറഞ്ഞ ശേഷം ദീര്‍ഘനിശ്വാസം എടുക്കുന്നതാണ് ഞാന്‍ കേട്ടത്. നോക്കുമ്പോള്‍ അദ്ദേഹം വീഴുന്നതാണ് കണ്ടത്. ഞങ്ങള്‍ അദ്ദേഹത്തെ താങ്ങിയെടുത്തു. ഡോക്ടറെത്തുന്നതിന് മുമ്പ് തന്നെ ഞങ്ങള്‍ ചെയ്യാവുന്നതെല്ലാം ചെയ്തു. മുക്കാല്‍ ഭാഗം അടഞ്ഞ കണ്ണുകള്‍ എനിക്കൊരിക്കലും മറക്കാനാകില്ല. ഞാന്‍ അദ്ദേഹത്തിന്റെ ശിരസ്സ് കൈകളാല്‍ താങ്ങി. എന്റെ വിരലുകള്‍ അദ്ദേഹം മുറുകെ പിടിച്ചു. പിന്നീട് അദ്ദേഹം ഒരു വാക്ക് പോലും പറഞ്ഞില്ല. അദ്ദേഹം വേദന കാണിച്ചില്ല.
അഞ്ച് മിനുട്ടിനകം തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. അതുവരെ നമുക്കിടയില്‍ ഉണ്ടായിരുന്ന മിസൈല്‍ മനുഷ്യന്‍ എന്നെന്നേക്കുമായി വിടപറഞ്ഞകന്നിരിക്കുന്നു. അവസാനമായി ഞാന്‍ ആ കാല്‍പാദങ്ങളില്‍ ഒന്നുകൂടി തൊട്ടു. വന്ദ്യവയോധികനായ സുഹൃത്തെ, രക്ഷിതാവേ, ഞാന്‍ എന്റെ ഓര്‍മകളിലൂടെ താങ്കളെ കാണും.