Connect with us

Articles

കുട്ടികളെയും യുവാക്കളെയും ഇഷ്ടപ്പെട്ട എ പി ജെ

Published

|

Last Updated

യുവാക്കളും കുട്ടികളും എന്നും എ പി ജെക്ക് ഹരമായിരുന്നു. അവരോട് സംവദിക്കാനായിരുന്നു അദ്ദേഹത്തിന് താത്പര്യം.
അവസാനം നിമിഷത്തിലും എ പി ജെ അബ്ദുല്‍ കലാം ഒരു അധ്യാപകനെപ്പോലെ വിദ്യാര്‍ഥികളോട് സംവദിച്ചു. യുവതലമുറക്ക് വ്യക്തമായ ദിശാബോധം നല്‍കുന്നതിലൂടെ ഒരു രാജ്യത്തെ വികസനത്തിന്റെ പാതയിലേക്ക് വേഗം വഴിനടത്താനാകുമെന്ന് ദിശണാഷാലിയായ കലാം കാലങ്ങള്‍ക്ക് മുമ്പേ തിരിച്ചറിഞ്ഞിരുന്നു.
എന്നും പോസിറ്റീവായി ചിന്തിക്കാന്‍ വിദ്യാര്‍ഥികളോട് പറയാനായിരുന്നു അദ്ദേഹം സദസ്സുകളിലേക്ക് ഓടിക്കയറിയിരുന്നത്. പരാജയങ്ങളില്‍ തളരാനുള്ളതല്ല ജീവിതം, മറിച്ച് പാഠമുള്‍ക്കൊണ്ട് മുന്നേറാനുള്ളതാണെന്ന് കലാം തന്റെ ജീവിതാനുഭവങ്ങള്‍ നിരത്തി വിവരിച്ചു. അതുകൊണ്ടായിരിക്കണം വിദ്യാര്‍ഥികളെയും യുവാക്കളെയും സാധാരണക്കാരെയും ഒരുപോലെ സ്വാധീനിച്ച ജനകീയനായ രാഷ്ട്രപതി ആരെന്ന ചോദ്യത്തിന് പുതുതലമുറക്ക് ഒട്ടും ആലോചിക്കാതെ നല്‍കാവുന്ന ഉത്തരം എ പി ജെ അബ്ദുല്‍ കലാമില്‍ ചെന്നു നില്‍ക്കുന്നത്. വിദ്യാര്‍ഥികളോടും യുവാക്കളോടും സംവദിക്കുന്നതിന് എ പി ജെക്ക് സ്വതസിദ്ധമായ ശൈലിതന്നെയുണ്ടായിരുന്നു. എല്ലാവരെയും പോലെ തനിക്ക് പറയാനുള്ളത് മാത്രം വേദികളില്‍ വന്ന് പറഞ്ഞ് പോകുകയായിരുന്നില്ല എ പി ജെ ചെയ്തിരുന്നത്. പ്രോട്ടോക്കോളുകളുടെയും പദവികളുടെയും ഭാരം ഇറക്കിവെച്ച് സദസ്സിലുള്ളവരിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കലാമിന് യാതൊരു മടിയുമില്ലായിരുന്നു.
ചോദ്യങ്ങള്‍ ചോദിച്ചും ചോദിപ്പിച്ചും അദ്ദേഹം ആശയങ്ങള്‍ പങ്കുവെച്ചു. കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോള്‍ കലാമിന്റെ മുഖത്ത് നിറയുന്ന പുഞ്ചിരി വിദ്യാര്‍ഥികളുടെ ഹൃദയം കവരുന്നതായിരുന്നു. നല്ല സ്വപ്‌നങ്ങള്‍ കാണാന്‍ യുവാക്കളെയും വിദ്യാര്‍ഥികളെയും അദ്ദേഹം നിരന്തരം ഉണര്‍ത്തി. മനുഷ്യ മനസ്സില്‍ നന്മയുടെ വിത്ത് പാകുന്നവരായിരിക്കണം അധ്യാപകര്‍ എന്നാതായിരുന്ന കലാമിലെ അധ്യാപകന്‍ ആഗ്രഹിച്ചിരുന്നത്. കഠിനപ്രയത്‌നവും നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ ജീവിതവിജയം സുനിശ്ചിതമാണെന്ന് അദ്ദേഹം നിരന്തരം പറഞ്ഞുകൊണ്ടിരുന്നു.

 

ഒരു പത്രവിതരണക്കാരനില്‍ നിന്ന് രാഷ്ട്രപതി പദവിയിലേക്ക് എത്തിയ സാധാരണക്കാരനായ കലാം ഹൃദയം ഹൃദയത്തോടു സംവദിക്കുന്ന സ്‌നേഹത്തിന്റെ മന്ത്രസ്വരമായിരുന്നു സദസിനോട് സംവദിക്കാനുപയോഗിച്ചത്. പ്രസിഡന്റ് പദവിയേക്കാള്‍ അംഗീകാരവും ആദരവും ഒരു അധ്യാപകനുണ്ടെന്ന് കലാം വിശ്വസിച്ചിരുന്നു. രാഷ്ട്രപതിയായിരിക്കുമ്പോഴുള്ള തിരക്കുകള്‍ മാറ്റിവെച്ച് കലാം വിദ്യാര്‍ഥികളോടും അധ്യാപകരോടും സംവദിക്കാനായി രാജ്യമൊട്ടുക്ക് ഓടി നടന്നു. എന്‍ജിനീയര്‍, ശാസ്ത്രജ്ഞന്‍, പ്രാസംഗികള്‍, എഴുത്തുകാരന്‍, ചിന്തകന്‍… ഇങ്ങനെ അനന്ദമായ വിശേഷങ്ങള്‍ക്ക് ഉടമയായ കലാമിന് ഏറ്റവും ഇഷ്ടം താനൊരു അധ്യാപകനായി അറിയപ്പെടുക എന്നതായിരുന്നു. സ്‌നേഹവും സഹാനുഭൂതിയുമാണ് അധ്യാപകന് വേണ്ട പ്രഥമ ഗുണം. കുട്ടികളെ പ്രചോദിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക, അവരെ ആകര്‍ഷിക്കുക, ആശ്ചര്യപ്പെടുത്തുക, പുതുമ മങ്ങാതെ പഠിപ്പിക്കുക, മാര്‍ഗദര്‍ശനം നടത്തുക, ദിശാബോധം പകരുക ഇതാണ് അധ്യാപനത്തില്‍ സംഭവിക്കേണ്ടത്. ഇതെല്ലാം ഒത്തിണങ്ങിയ ഒരു അധ്യാപകന്‍.
ഒരു രാജ്യത്തിന്റെ വികസനത്തിന് ഓരോ വ്യക്തികളെയും പ്രചോദിപ്പിച്ച അധ്യാപകന്‍. അവസാന ശ്വാസത്തിലും മറ്റുള്ളവരെ പ്രചോദിപ്പിക്കാനായിരുന്നു എ പി ജെ അബ്ദുല്‍ കലാമിന്റെ പരിശ്രമം. അതിനായി അവശതകളും അതിര്‍ത്തികളും മറികടന്ന് എ പി ജെ സഞ്ചരിച്ചുകൊണ്ടിരുന്നു. അറിവുകള്‍ പകര്‍ന്നു നല്‍കി മുന്നോട്ട് നടക്കുന്നതിനിടയില്‍ അവസാനമായി കലാം എന്ന അധ്യാപകന്‍ ട്വിറ്ററില്‍ കുറിച്ചു. വാസയോഗ്യമായ ഭൂമിയെക്കുറിച്ച് ക്ലാസെടുക്കാന്‍ ഞാന്‍ ഷില്ലോംഗ് ഐ ഐ എമ്മിലേക്ക് പോവുകയാണ്.