അനാഥാലയങ്ങളില്‍ പത്ത് വിദ്യാര്‍ഥികള്‍ക്ക് ഒരു കമ്പ്യൂട്ടര്‍

Posted on: July 28, 2015 5:20 am | Last updated: July 28, 2015 at 12:20 am

തിരുവനന്തപുരം: അനാഥാലയങ്ങളിലെ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പത്ത് വിദ്യാര്‍ഥികള്‍ക്ക് ഒരു കമ്പ്യൂട്ടര്‍ വേണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി ഓര്‍ഫനേജ് കണ്‍ട്രോള്‍ നിയമത്തിന്റെ ചട്ടം ഭേദഗതി വരുത്താന്‍ തീരുമാനിച്ചു. നിയമസഭയില്‍ കെ എന്‍ എ ഖാദര്‍ കൊണ്ടുവന്ന ഭേദഗതി അംഗീകരിക്കുകയായിരുന്നു. അനാഥാലയങ്ങള്‍ പരിശോധിക്കുന്നതിന് കൂടുതല്‍ പേര്‍ക്ക് അധികാരം നല്‍കണമെന്ന ഭേദഗതിയും അംഗീകരിച്ചു. സോഷ്യല്‍ വെല്‍ഫയര്‍ ഡയറക്ടര്‍, സര്‍ക്കാര്‍ സെക്രട്ടറിമാര്‍, അവരുടെ പ്രതിനിധികള്‍, നിയമസഭയുടെ കുട്ടികളുടെയും സ്ത്രീകളുടെയും സമിതി എന്നിവര്‍ക്ക് കൂടി അനാഥാലയങ്ങള്‍ പരിശോധിക്കാം. അനാഥാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ മാത്രം ഫോണ്‍ ഉപയോഗിക്കാനുള്ള അനുമതിയില്‍ ഇളവ് നല്‍കാനുള്ള നിര്‍ദേശവും കുട്ടികളുടെ സ്ഥലംമാറ്റ രജിസ്റ്റര്‍ സൂക്ഷിക്കണമെന്ന ഭേദഗതിയും അംഗീകരിച്ചു. ഉപേക്ഷിക്കപ്പെട്ട കുട്ടികളെ കൂടി അനാഥാലയങ്ങളില്‍ പ്രവേശനം നല്‍കണമെന്ന് ഭേദഗതിനിര്‍ദേശം നയപരമായ തീരുമാനമെടുത്ത ശേഷം പരിഗണിക്കാമെന്ന് സാമൂഹികനീതി മന്ത്രി ഡോ. എം കെ മുനീര്‍ അറിയിച്ചു.