Connect with us

Gulf

ഇസ്‌ലാമിക പഠന കോണ്‍ഫറന്‍സ് ഷാര്‍ജയില്‍ തുടങ്ങി; ഇന്ത്യയില്‍ നിന്ന് 20 പേര്‍

Published

|

Last Updated

ഷാര്‍ജ: ഷാര്‍ജ ഭരണാധികാരിയും യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ സംഘടിപ്പിക്കുന്ന അല്‍ മുന്‍തദ 15-ാമത് അന്താരാഷ്ട്ര ഇസ്‌ലാമിക പഠന കോണ്‍ഫറന്‍സിനു ഷാര്‍ജയില്‍ തുടക്കമായി. നിരവധി രാജ്യങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ആഗോളതലത്തില്‍ പ്രശസ്തമായ ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ ചര്‍ച്ച ചെയ്യുകയും തനതായ ഇസ്‌ലാമിക ആശയങ്ങള്‍ പ്രബോധനം ചെയ്യുന്നതിനും വേണ്ടിയുള്ള പദ്ധതികള്‍ക്ക് രൂപംകൊടുക്കുകയും ചെയ്യും.
ഷാര്‍ജ ഇസ്‌ലാമിക് ഫോറത്തിന്റെ മേല്‍നോട്ടത്തിലാണ് പരിപാടികള്‍ നടക്കുന്നത്. അറബ് ലോകത്തുള്ള പ്രമുഖ പണ്ഡിതന്മാരാണ് ക്ലാസുകള്‍ നയിക്കുന്നത്. ഇന്ത്യയില്‍ നിന്ന് കാരന്തൂര്‍ മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യയുടെ കീഴിലായി മലപ്പുറം മഅ്ദിന്‍, കുറ്റിയാടി സിറാജുല്‍ ഹുദാ, അരീക്കോട് മജ്മഅ്, കൊളത്തൂര്‍ ഇര്‍ഷാദിയ്യ എന്നീ സ്ഥാപനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 20 വിദ്യാര്‍ഥികള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് ഇസ്‌ലാമിക് ഫോറം, ഐ സി എഫ് എന്നിവയുടെ നേതൃത്വത്തില്‍ ഷാര്‍ജ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. ഡോ. അയ്മന്‍ നാജി സലാം, അബ്ദുന്നാസിര്‍ വാണിയമ്പലം, അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ്, അബ്ദുല്‍ ഖാദിര്‍ സഖാഫി പങ്കെടുത്തു.

Latest