മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന ബദല്‍രേഖയും ചില ന്യൂനപക്ഷ ചിന്തകളും

Posted on: July 27, 2015 6:00 am | Last updated: July 27, 2015 at 12:43 am

mvr11സി എം പി രൂപവത്കൃതമായിട്ട് ഇന്ന് 30 വര്‍ഷം തികയുകയാണ്. 1986 ജൂലൈ 27-ന് തൃശൂരില്‍ ചേര്‍ന്ന സി പി എം വിട്ട് പുറത്തുവന്ന പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷനിലാണ് പാര്‍ട്ടിയുടെ രൂപവത്കരണം.
രാഷ്ട്രീയ രംഗത്ത് വളരെ വിവാദം സൃഷ്ടിച്ച ബദല്‍ രേഖയാണ് സി എം പി രൂപവത്കരണത്തിന്റെ അടിസ്ഥാന ശില. കേരളത്തില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട ഐക്യമുന്നണി അടവുകളെ പറ്റി വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ 1985-86 കളില്‍ സി പി എമ്മില്‍ ഉണ്ടായി. ഇടത് മുന്നണിക്കെതിരായി നിലകൊള്ളുന്ന യു ഡി എഫ് അന്ന് കൂടുതല്‍ ശക്തിപ്പെടുകയും ചെയ്തിരുന്നു. അതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് എങ്ങനെ മുന്നണി ശക്തിപ്പെടുത്താമെന്ന ചര്‍ച്ച പാര്‍ട്ടിയില്‍ ഉണ്ടായത്. ന്യൂനപക്ഷ-ഭൂരിപക്ഷ പ്രശ്‌നങ്ങളെ സംബന്ധിച്ചുളള ചര്‍ച്ച ഇപ്പോള്‍ വീണ്ടും പ്രസക്തമായിരിക്കുന്ന സാഹചര്യത്തില്‍ അന്നത്തെ സംഭവങ്ങളെ സംബന്ധിച്ച് ഒരു എത്തിനോട്ടം നടത്തുന്നത് പ്രസക്തമാണ്.
പാര്‍ട്ടിയില്‍ വിവിധ ഘടകങ്ങളിലും സംഘടനകളിലും പാര്‍ട്ടി നയത്തെപറ്റി സ്വതന്ത്രവും കാര്യമാത്ര പ്രസക്തവുമായ ചര്‍ച്ചകള്‍ നടത്തുന്നത് പാര്‍ട്ടിയെ ഏകീകരിക്കുന്നതിന് പ്രയോജനപ്രദവും ആവശ്യവുമാണെന്നാണ് സി പി എം ഭരണഘടനയില്‍ പറയുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷങ്ങളുടെ പാര്‍ട്ടിയായ മുസ്‌ലിം ലീഗ്, കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുമായുളള സഖ്യം പാര്‍ട്ടിയെ ഒറ്റപ്പെടുത്തുവാനേ സഹായിക്കുകയുള്ളൂ എന്ന സി പി എം കേന്ദ്ര കമ്മിറ്റി കത്തിനെതിരായി എം വി രാഘവന്‍, പുത്തലത്ത് നാരായണന്‍, പി വി കുഞ്ഞിക്കണ്ണന്‍, ഇ കെ ഇമ്പിച്ചിബാവ, ടി ശിവദാസ മേനോന്‍, വി ദക്ഷിണാമൂര്‍ത്തി, പാട്യം രാജന്‍, പി വി മൂസാംകുട്ടി, സി കെ ചക്രപാണി എന്നീ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ചേര്‍ന്ന് കേരളത്തില്‍ ലീഗ്, കേരള കോണ്‍ഗ്രസ് പാര്‍ട്ടികളുമായുള്ള മുന്നണി പാര്‍ട്ടിക്ക് പ്രയോജനപ്പെടുമെന്നും, കേന്ദ്ര കമ്മിറ്റിയുടെ വാദം അടിസ്ഥാനരഹിതമാണെന്നും സമര്‍ഥിച്ചുകൊണ്ടും ഒരു ഭിന്നാഭിപ്രായ കുറിപ്പ് സംസ്ഥാന കമ്മിറ്റിക്ക് മുമ്പാകെയും, പാര്‍ട്ടി സമ്മേളനത്തിന് മുമ്പാകെയും അവതരിപ്പിക്കുന്നത്.
നമ്മുടെ ഭരണഘടന രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുള്ള മൗലികമായ അവകാശങ്ങള്‍ പോലും ഇന്ന് ഇവര്‍ക്ക് ലഭിക്കുന്നില്ലെന്നും ഈ വിഭാഗത്തെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തയ്യാറാകണമെന്നും സി പി എം പാര്‍ട്ടി പരിപാടിയില്‍ അടിവരയിട്ട് പറഞ്ഞിട്ടുള്ള കാര്യം ബദല്‍ രേഖയില്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. വസ്തുത ഇതായിരിക്കെ ന്യൂനപക്ഷങ്ങളുടെ പൊതുവായ താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാല്‍ അത് ന്യൂനപക്ഷ പ്രീണനമാകുമെന്നും ഭൂരിപക്ഷ വിഭാഗങ്ങള്‍ക്ക് എതിരാകുമെന്നുമുള്ള വാദത്തിന് യാതൊരു അടിസ്ഥാനവുമില്ല. ബദല്‍ രേഖയില്‍ ഒപ്പിട്ട നേതാക്കളെ കൂടാതെ ഇ കെ നയനാര്‍ അടക്കമുളള പ്രമുഖരായ പല നേതാക്കളും ഈ ഭിന്നാഭിപ്രായ കുറിപ്പിനോട് അന്ന് യോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
മുസ്‌ലിം ലീഗ്, കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുമായുള്ള തിരഞ്ഞെടുപ്പ് ധാരണയെ തള്ളിക്കളയാന്‍ ആഹ്വാനം ചെയ്യുന്ന ആ കേന്ദ്ര കമ്മിറ്റിയുടെ കത്തില്‍ 1965ല്‍ മുസ്‌ലിം ലീഗുമായി പരിമിതമായ ധാരണ ഉണ്ടാക്കിയതിനെയും 1967ല്‍ പൊതു പരിപാടിയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് മുന്നണി ഉണ്ടാക്കിയതിനെയും 1974ല്‍ അഖിലേന്ത്യാ മുസ്‌ലിം ലീഗിനെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ പങ്കാളികളാക്കിയതിനെയും, 1970ല്‍ കേരള കോണ്‍ഗ്രസുമായി ഹ്രസ്വകാല ധാരണ ഉണ്ടാക്കിയതിനെയും എല്ലാം ന്യായീകരിക്കുകയും ചെയ്തു. 1980ലെ പാര്‍ലിമെന്റ് നിയമസഭാ തിരഞ്ഞെടുപ്പുകളെ പറ്റി സി പി എം കേന്ദ്ര കമ്മിറ്റിയുടെ റിവ്യൂവില്‍ ഇപ്രകാരം പറഞ്ഞു: കേരളത്തില്‍ നമ്മുടെ മുന്നണി കൂടുതല്‍ വിശാലമാണ്, അതില്‍ കേരള കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് എന്നിവ കൂടിയുണ്ട്. പാര്‍ട്ടിയുടെ ഈ വിജയം വളരെ സുപ്രധാനമാണ്. അതില്‍ നിന്നും ഒരു കാര്യം വെളിവാകുന്നു. എവിടെവിടെ നമ്മുടെ കാര്യത്തിന്റെ അടിസ്ഥാനത്തില്‍ മറ്റ് പാര്‍ട്ടികളുമായി തന്ത്രപരമായ ധാരണ ഉണ്ടാക്കിയോ, അവിടവിടെ ഫലം അനുകൂലമായിരുന്നു, നാം ദുര്‍ബലമായിരിക്കുന്ന ഇടങ്ങളില്‍ നമ്മുടെ തന്ത്രം മറ്റുളളവര്‍ അംഗീകരിക്കാത്തത് മൂലം ഫലം പ്രതികൂലവുമായിരുന്നു. വിശാല മുന്നണിക്ക് വേണ്ടിയുളള സമരത്തില്‍ അമിതാധികാരത്തിന് എതിരായ വിപുലമായ മുന്നണിയുടെ വിജയകരമായ തെളിവാണ് കേരളത്തിലെ മുന്നണി.’
1985ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇടതുപക്ഷ മുന്നണിക്കുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്വം അഖിലേന്ത്യാ മുസ്‌ലിം ലീഗിന്റെ ചുമലില്‍ കെട്ടിവെക്കാനാണ് കേന്ദ്ര കമ്മിറ്റിയുടെ കത്തില്‍ കൂടി നേതൃത്വം ശ്രമിച്ചത്. കത്തില്‍ ലീഗുമായുളള മുന്നണിയെ തിരസ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു.
കേരളത്തിലെ ഇടതു മുന്നണിയില്‍ അഖിലേന്ത്യാ മുസ്‌ലിം ലീഗ് ഉള്ളതുകൊണ്ട് ഇവിടെ ഹിന്ദുമുന്നണി ശക്തിപ്പെട്ടു എന്നും ഹിന്ദു മുന്നണിക്ക് കിട്ടിയ വോട്ടുകള്‍ പാര്‍ട്ടി വോട്ടുകള്‍ ആണെന്നും അങ്ങനെ ഹിന്ദുമുന്നണി ശക്തിപ്പെട്ടത് തന്നെ ഇവിടെ അഖിലേന്ത്യാ ലീഗ് നമ്മുടെ കൂടെ ഉള്ളതുകൊണ്ടാണെന്നും കുറിപ്പില്‍ പ്രതിപാദിച്ചിരുന്നു. യഥാര്‍ഥത്തില്‍ ഇത് വസ്തുതകളുമായി യോജിക്കുന്ന വാദമല്ലായിരുന്നു. ഹിന്ദുമുന്നണി സി പി എം വോട്ടുകള്‍ നേടിയിട്ടുണ്ടെന്നുളളത് ശരിയാണ്. എന്നാല്‍ അവര്‍ക്ക് ലഭിച്ചതില്‍ ബഹുഭൂരിപക്ഷം വോട്ടുകളും കോണ്‍ഗ്രസ് വോട്ടുകള്‍ ആയിരുന്നെന്നാണ് വസ്തുതകള്‍ അണിനിരത്തി ബദല്‍ രേഖയില്‍ ചൂണ്ടിക്കാട്ടിയത്. പരാജയ കാരണം ലീഗിന്റെ ചുമലില്‍ വെച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പാര്‍ട്ടി നേതൃത്വം ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടര്‍ന്ന് 1985ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലമായി ഉണ്ടായ സഹതാപ തരംഗത്തെ കണ്ടതായേ നടിച്ചില്ല. ബദല്‍ രേഖയില്‍ വിമര്‍ശപരമായി ഇത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മുസ്‌ലിം ലീഗിനെ മുന്നണിയില്‍ നിന്നും പുറത്താക്കാന്‍ വേണ്ടി അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് സി പി എം കേന്ദ്ര കമ്മിറ്റി പാര്‍ട്ടി അംഗങ്ങള്‍ക്കുളള ഈ കത്തില്‍ കൂടി ഉന്നയിച്ചത്. 1967ല്‍ ലീഗുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കിയപ്പോള്‍ പാര്‍ട്ടി ശക്തിപ്പെട്ടുവെന്നും എന്നാല്‍ 1980-82ല്‍ അഖിലേന്ത്യാ ലീഗുമായി ചേര്‍ന്നുകൊണ്ടുളള മുന്നണികൊണ്ട് പാര്‍ട്ടി ക്ഷീണിച്ചെന്നുമാണ് കേന്ദ്ര കമ്മിറ്റി കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നത്. സി പി എം നേതാവായിരുന്ന എം വി രാഘവനേയും കൂട്ടരേയും പുറത്താക്കിക്കൊണ്ട് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി 1986 ജൂണ്‍ 24ന് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു: പരിപാവനമെന്ന് അവര്‍ പ്രചരിപ്പിക്കുന്ന ശരീഅത്ത് സംരക്ഷണത്തിന്റെ പേരിലുളള പ്രാകൃത സമ്പ്രദായങ്ങള്‍ക്ക് സി പി എം കൂട്ടുനില്‍ക്കാത്തതല്ലേ അവര്‍ (മുസ്‌ലിം ലീഗ)് മുന്നണിയില്‍ നിന്നും തെറ്റിപ്പിരിയാന്‍ കാരണം.
മുസ്‌ലിം ലീഗിനെ ശരിഅത്ത് അംഗീകരിക്കുന്ന തനി പ്രാകൃത സംഘടനയായിട്ടാണ് സി പി എം കണ്ടിരുന്നതെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. സി പി എം കേന്ദ്ര കമ്മിറ്റി കത്തില്‍ കേരള കോണ്‍ഗ്രസിനെപ്പറ്റി പറയുന്നത് നോക്കുക:’കേരള കോണ്‍ഗ്രസും അതിന്റെ പിന്നിലുള്ള കത്തോലിക്കാ പളളിയും ശക്തിപ്പെടുത്താനാണ് രാഷ്ട്രീയ പരിതസ്ഥിതി ഉപയോഗിച്ചത്. വിദ്യാഭ്യാസ വകുപ്പിന്മേല്‍ ആ പാര്‍ട്ടിക്ക് ലഭിച്ച നിയന്ത്രണം ഒരുതരത്തില്‍ 1957ലെ വിദ്യാഭ്യാസ ബില്ലിന്റെ നേട്ടങ്ങളെ ഫലശുന്യമാക്കിയിരിക്കുകയാണ്.
കേരള കോണ്‍ഗ്രസ്, ലീഗ് കക്ഷികളുമായി ഒരു കാലത്തും ബന്ധപ്പെടുകയില്ലെന്ന് പ്രഖ്യാപിക്കുന്ന കേന്ദ്ര കമ്മിറ്റിയുടെ അഭിപ്രായം പാര്‍ട്ടിയെയും ബഹുജന പ്രസ്ഥാനത്തേയും മുസ്‌ലിം-ക്രിസ്ത്യന്‍ ജനസമൂഹത്തില്‍ നിന്നു ഒറ്റപ്പെടുത്താന്‍ മാത്രമേ സഹായിക്കുകയുള്ളൂ എന്ന് ബദല്‍ രേഖ അടിവരയിട്ട് ചൂണ്ടിക്കാട്ടി. വിവിധ രംഗങ്ങളിലെ തൊഴിലാളികളെയും സാധാരണക്കാരായ ജനങ്ങളെയും പാര്‍ട്ടിയുമായി ബന്ധപ്പെടുത്താന്‍ അനുയോജ്യമായ ഒരു നയമേ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിക്കാവൂ എന്ന അംഗീകൃത നയത്തിന്റെ അടിസ്ഥാനത്തിലാണ് എം വി രാഘവനും കൂട്ടരും ഈ അഭിപ്രായം രേഖപ്പെടുത്തിയത്. സമൂഹത്തിലെ ഭൂരിപക്ഷത്തിലും ന്യൂനപക്ഷത്തിലുമുള്ള ജനങ്ങളെയാകെ വര്‍ഗാടിസ്ഥാനത്തില്‍ ഇടതുപക്ഷത്തോടൊപ്പം അണിനിരത്താന്‍ കഴിഞ്ഞാലേ ഇടതു പക്ഷത്തിന്റെ ലക്ഷ്യം നിറവേറ്റപ്പെടുകയുള്ളൂ.
തനിക്കെതിരായി കൈക്കൊണ്ട അച്ചടക്ക നടപടിക്കെതിരായി സംസ്ഥാന കമ്മിറ്റിക്ക് എം വി രാഘവന്‍ നല്‍കിയ കത്തില്‍ പറയുന്നു:’ശരീഅത്ത് പോലുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുമ്പോള്‍ പാര്‍ട്ടിയെ വര്‍ഗീയവാദികള്‍ മതവിരോധികള്‍ എന്ന് മുദ്രകുത്തി മുസ്‌ലിം ജനവിഭാഗങ്ങളില്‍ നിന്നും അകറ്റാന്‍ ശ്രമിക്കുമെന്നും അത് കണക്കിലെടുത്താലേ പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ കഴിയൂ എന്നും ഞാന്‍ വ്യക്തമാക്കിയിരുന്നു. അത് കണക്കിലെടുക്കാത്തതിന്റെ ഫലം മുസ്‌ലിം വര്‍ഗീയ വാദികള്‍ ഒന്നിക്കുന്നിടത്തേക്കാണ് ചെന്നെത്തിയത്. മതവിരോധ പ്രസ്ഥാനമായി കമ്യൂണിസ്റ്റ് പാര്‍ട്ടി ലോകത്തൊരിടത്തും വളര്‍ന്നിട്ടില്ല. നമ്മുടേത് ഒരു മതവിരുദ്ധ പ്രസ്ഥാനവുമല്ല. മുസ്‌ലിമായാലും, ക്രിസ്ത്യാനിയായാലും ഹിന്ദുവായാലും സിഖുകാരനായാലും ഏത് മതത്തിലും ജാതിയിലും പെട്ടവരായാലും അവരെ വര്‍ഗപരമായി അണിനിരത്തുകയാണ് വേണ്ടത്.’
രാജ്യത്തെ ന്യൂപക്ഷങ്ങള്‍ക്ക് വേണ്ടി ഉറക്കെ ശബ്ദിച്ചുകൊണ്ടും അതിന്റെ അടിസ്ഥാനത്തിലുള്ള’ബദല്‍ രേഖ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുമാണ് സി എം പി രൂപവത്കരിച്ചത്. സ്ഥാപക നേതാവായ എം വി രാഘവന്‍; മറ്റ് നേതാക്കളായ ചാത്തുണ്ണി മാസ്റ്റര്‍, സി കെ ചക്രപാണി, കൃഷ്ണന്‍ നമ്പ്യാര്‍, സി പി മൂസാംകുട്ടി, സി ജി പണിക്കര്‍, വാസുദേവ മേനോന്‍, പി ബാലന്‍, പി എം ഗോപാലന്‍, കറുത്തമ്പു, ധര്‍മ്മന്‍ തുടങ്ങിയവര്‍ ഇതിനകം കാലയവനികക്കുളളില്‍ മറഞ്ഞു.
സി എം പി അതിന്റെ രാഷ്ട്രീയ നിലപാടില്‍ കഴിഞ്ഞ വര്‍ഷം മൗലിക മാറ്റം വരുത്തി. സംസ്ഥാനത്തെ യു ഡി എഫ് മുന്നണിയില്‍ നിന്നും പുറത്തുവരാനും ഇടതു മുന്നണിയുമായി എല്ലാ നിലയിലും സഹകരിച്ച് പ്രവര്‍ത്തിക്കാനുമാണ് പാര്‍ട്ടിയുടെ തൃശൂര്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചത്. കോട്ടയത്ത് ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസിലെ രാജ്യത്തെ ഇടത് ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ശക്തിപ്പെടുത്താന്‍ പാര്‍ട്ടി മുന്നോട്ട് വരണമെന്ന രാഷ്ട്രീയ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. എം വി രാഘവന്‍ തന്നെയായിരുന്നു ഈ തീരുമാനത്തിന് നേതൃത്വം നല്‍കിയത്. മഹാ ഭൂരിപക്ഷം പേരും ഈ തീരുമാനം അംഗീകരിക്കുകയുണ്ടായി.
രാജ്യത്ത് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രമാദമായ അഴിമതികളുടെയും ജനദ്രോഹ നടപടികളുടെയും കാര്യത്തില്‍ യു പി എ സര്‍ക്കാറിന്റെ എല്ലാ റെക്കോര്‍ഡുകളെയും തകര്‍ത്ത് മുന്നോട്ടു പോവുകയാണ്. വര്‍ഗീയത ഊതി വീര്‍പ്പിക്കാനും ജനങ്ങളെ വര്‍ഗീയമായി വിവിധ ചേരികളിലാക്കി അതില്‍ നിന്നും മുതലെടുക്കാനുമാണ് സര്‍ക്കാറിന്റെ നീക്കം. കേരളത്തിലാകട്ടെ കടുത്ത വര്‍ഗീയത ഇളക്കിവിടുകയാണ് ബി ജെ പി ചെയ്യുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെയാകെ ന്യൂനപക്ഷ വക്താക്കളായി ചിത്രീകരിക്കാന്‍ ഇടതുപക്ഷത്തുള്ള ചില നേതാക്കള്‍ പോലും തയ്യാറാകുന്ന ദയനീയ ചിത്രവും ഇവിടെ കാണാന്‍ കഴിയുന്നു. അതുകൊണ്ട് തന്നെ രാജ്യത്തെ ഇടത് പ്രസ്ഥാനങ്ങള്‍ക്ക് വളരെ വലിയ ചുമതലകളാണ് ഈ കാലഘട്ടത്തില്‍ ഏറ്റെടുക്കാനുള്ളത്.
ഇടത് പാര്‍ട്ടികളുടെ വിപുലമായ ഐക്യം കെട്ടിപ്പടുക്കേണ്ടതിന്റെയും ഇടത് മതേതര മുന്നണി വിപുലമായി സംഘടിപ്പിക്കേണ്ടതിന്റെയും ഉത്തരവാദിത്വം സി പി എമ്മിനും സി പി ഐക്കും തന്നെയാണുള്ളത്. ആ ഉത്തരവാദിത്വം നിര്‍വഹിക്കുന്ന കാര്യത്തില്‍ ഈ പാര്‍ട്ടികള്‍ ഇപ്പോഴും അറച്ച് നില്‍ക്കുന്നതാണ് ഇടത് പക്ഷത്തിന്റെ പിന്നോട്ടടിയുടെ പ്രധാന കാരണം.
ഇന്ത്യാ മഹാരാജ്യത്തിലെയും നമ്മുടെ സംസ്ഥാനത്തിലെയും ജനകീയ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാവുകയാണ്. ഏറ്റവും ഒടുവില്‍ ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും വര്‍ഗീയത ഒരുകാലത്തും ഉണ്ടാകാത്ത നിലയില്‍ ശക്തിപ്പെടുകയും ചെയ്തിരിക്കുന്നു. ബഹുജനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളും ശക്തമായ യോജിച്ച പ്രക്ഷോഭങ്ങളും കൊണ്ട് മാത്രമേ ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുകയൂള്ളൂ.