National
മേമന്റെ ദയാഹരജി: മഹാരാഷ്ട്രയില്‍ തിരക്കിട്ട കൂടിക്കാഴ്ചകള്‍
		
      																					
              
              
            മുംബൈ: മുംബൈ ഭീകരാക്രമണ കേസില്‍ കുറ്റാരോപിതനായി വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന യാക്കൂബ് മേമന്‍ സമര്‍പ്പിച്ച ദയാഹരജിയില്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ സി എച്ച് വിദ്യാസാഗര്‍ റാവു ആഭ്യന്തര വകുപ്പിലെയും നിയമവകുപ്പിലെയും ഉന്നതരുമായി കൂടിക്കാഴ്ച ആരംഭിച്ചു. മേമന്‍ സമര്‍പ്പിച്ച ഹരജിയില്‍ തങ്ങളുടെ അഭിപ്രായം ദേവേന്ദ്ര ഫട്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്. മേമന്റെ തെറ്റുതിരുത്തല്‍ ഹരജി സുപ്രീം കോടതി തള്ളിയതോടെ ഈ മാസം 30 വധശിക്ഷ നടപ്പാക്കാനിരിക്കുകയാണ്.
അഡീഷനല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തരം) കെ പി ബാക്ഷിയുമായി ഗവര്‍ണര്‍ ഇന്നലെ സംസാരിച്ചു. അഡ്വക്കറ്റ് ജനറല്‍ അനില്‍ സിംഗിന്റെ അഭിപ്രയവും തേടിയിട്ടുണ്ട്. നിയമ, നീതിന്യായ ഉദ്യോഗസ്ഥരുമായി ഗവര്‍ണര്‍ കൂടുയാലോചന തുടരും.
കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ആരാഞ്ഞപ്പോള്‍, വിഷയത്തില്‍ തീരുമാനമൊന്നുമായിട്ടില്ലെന്നും ഗവര്‍ണറുടെ പരിഗണനയിലിരിക്കുകയുമാണെന്നും ഉന്നത വൃത്തങ്ങള്‍ പ്രതികരിച്ചു. സുപ്രീം കോടതിയുടെ നിര്‍ദേശമനുസരിച്ച് മുന്നോട്ട് പോകുമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാറിനുള്ളതെന്നാണ് സൂചന. അതേസമയം, ഈ മാസം 30ന് വധശിക്ഷ നടപ്പാക്കേണ്ടിവരുമെന്ന നിലയിലുള്ള ക്രമീകരണങ്ങളുമായാണ് മുന്നോട്ടുപോകുന്നതെന്ന് ഉന്നത വൃത്തങ്ങള്‍ പറയുന്നു. തീയതി സുപ്രീം കോടതി അറിയിച്ചുകഴിഞ്ഞു. ഒരു കോടതിയും ഇത് സ്റ്റേ ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ തീയതി മാറ്റത്തിന്റെ പ്രശ്‌നം ഉദിക്കുന്നില്ലെന്നും ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് പരസ്യമാക്കാന്‍ മുഖ്യമന്ത്രി ഫട്‌നാവിസ് തയ്യാറായിട്ടില്ല. ഈ മാസം 29ന് പ്രസ്താവന നടത്തുമെന്നാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്. വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് കാണിച്ച് മേമന്‍ നല്‍കിയ പുതിയ ഹരജി തിങ്കളാഴ്ചയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലിലാണ് ഇപ്പോള്‍ മേമന്‍ ഉള്ളത്. വധശിക്ഷ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മേമന്‍ സമര്‍പ്പിച്ച ഹരജി 2015 ഏപ്രില്‍ ഒമ്പതിന് സുപ്രീം കോടതി തള്ളിയിരുന്നു. പുനഃപരിശോധനാ ഹരജിയില്‍ തുറന്ന കോടതിയിലാണ് മൂന്നംഗ ബഞ്ച് വാദം കേട്ടത്. സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. 2007 ജൂലൈ 27നാണ് മുംബൈയിലെ പ്രത്യേക ടാഡ കോടതി യാക്കൂബ് മേമന് വധശിക്ഷ വിധിച്ചത്. വിധി സുപ്രീം കോടതി ശരിവെക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് സമര്‍പ്പിച്ച ദയാ ഹരജി കഴിഞ്ഞ ഏപ്രിലിലാണ് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി തള്ളിയത്. മുംബൈ സ്‌ഫോടന പരമ്പര കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഏകയാളാണ് യാക്കൂബ് മേമന്‍.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

