താപനില 50 ഡിഗ്രിയിലേക്കെത്തി

Posted on: July 25, 2015 4:38 pm | Last updated: July 25, 2015 at 4:38 pm

bigstock-A-Thermometer-On-The-Beach-Nea-44945242-310x233
അല്‍ ഐന്‍: രാജ്യത്ത് താപനില 50 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയതായി ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ഇന്നലെയാണ് കാലാവസ്ഥ 50 ഡിഗ്രിയിലേക്ക് എത്തിയതെന്നും കേന്ദ്രം അറിയിച്ചു. രാജ്യത്ത് ഇന്നലത്തെ കുറഞ്ഞ താപനില 24.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. ചൂട് ക്രമാതീതമായി വര്‍ധിച്ചതോടെ പകല്‍ സമയത്ത് പ്രത്യേകിച്ചും ഉച്ചക്ക് റോഡുകളില്‍ ഉള്‍പെടെ ആളുകള്‍ കുറയുന്നുണ്ട്. ഉച്ച സമയങ്ങളില്‍ അത്യാവശ്യങ്ങള്‍ക്കായി ഇറങ്ങേണ്ടുന്നവര്‍ മാത്രമാണ് സഞ്ചരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന കാലമാണ് ജൂലൈ ആഗസ്റ്റ് മാസങ്ങള്‍. ഇക്കുറിയും അതിന് മാറ്റമില്ല. വരും ദിവസങ്ങളില്‍ ചൂട് ഇനിയും വര്‍ധിച്ചേക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ നല്‍കുന്ന സൂചന.
കഴിഞ്ഞ ആഴ്ചയില്‍ റാസല്‍ ഖൈമയിലും ഷാര്‍ജയുടെ ചില ഭാഗങ്ങളിലും മഴ പെയ്തിരുന്നു. മഴയെത്തുടര്‍ന്ന് ഇവിടങ്ങളിലെ പര്‍വതപ്രദേശങ്ങളില്‍ ചൂടിന് ചെറിയ ശമനം വന്നിരുന്നു. ഈ ഭാഗങ്ങളും മഴ പിന്‍മാറിയതോടെ കടുത്ത ചൂടിലേക്ക് നീങ്ങുകയാണ്. ചൂടിനൊപ്പം അന്തരീക്ഷ ഈര്‍പം ക്രമാതീതമായി ഉയര്‍ന്നതും ജനജീവിതം ദുസ്സഹമാക്കിയിരിക്കയാണ്. രാത്രിയും പുലര്‍ച്ചെയുമാണ് അന്തരീക്ഷ ഈര്‍പം പാരമ്യത്തിലെത്തുന്നത്. ഇത് വിവിധ ആവശ്യങ്ങള്‍ക്കായി രാത്രിയിലും ആളുകളെ പുറത്തിറങ്ങുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ്.
ചൂട് കനത്തതോടെ അതിന്റെ പ്രതിഫലനങ്ങള്‍ കമ്പോളത്തിലും പ്രകടമായിട്ടുണ്ട്. ബര്‍ദുബൈ, ദേര തുടങ്ങിയ കച്ചവട കേന്ദ്രങ്ങളില്‍ പകല്‍ സമയത്ത് ഉപഭോക്താക്കള്‍ വളരെ കുറഞ്ഞിട്ടുണ്ട്.
ചൂട് കനത്തതിനാല്‍ പകല്‍ സമയങ്ങളില്‍ ആളുകള്‍ പുറത്തിറങ്ങുന്നത് കുറഞ്ഞിട്ടുണ്ടെന്ന് ദേരയില്‍ റെഡിമെയ്ഡ് കച്ചവടം നടത്തുന്ന നാദാപുരം സ്വദേശി അഫ്‌സല്‍ അഭിപ്രായപ്പെട്ടു. വൈകുന്നേരവും രാത്രിയിലുമാണ് ആളുകള്‍ കുറേശ്ശെയെങ്കിലും പുറത്തിറങ്ങുന്നത്. ചില ദിവസങ്ങളില്‍ അന്തരീക്ഷ ഈര്‍പം ക്രമാതീതമാവുന്നതിനാല്‍ രാത്രി കാലങ്ങളിലും പ്രതീക്ഷിച്ച കച്ചവടം ലഭിക്കാത്ത സ്ഥിതിയാണ്. കച്ചവടം സാധാരണ നിലയിലേക്ക് എത്തണമെങ്കില്‍ ചൂടിന് അല്‍പം ശമനം വരേണ്ടിയിരിക്കുന്നുവെന്നും അഫ്‌സല്‍ പറഞ്ഞു.