പൊന്മുണ്ടം എച്ച് എസ് എസിലെ വിദ്യാര്‍ഥികള്‍ ആശങ്കയില്‍

Posted on: July 25, 2015 10:17 am | Last updated: July 25, 2015 at 10:17 am

കല്‍പകഞ്ചേരി: പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്തതിനാല്‍ പൊന്മുണ്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ ഥികള്‍ ആശങ്കയില്‍.
ഇക്കഴിഞ്ഞ 21 നാണ് വിദ്യാഭ്യാസ വകുപ്പ് പ്ലസ് വണ്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചത്. എന്നാല്‍ പൊന്മുണ്ടം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രഥമ കൊമേഴ്‌സ് ബാച്ചിലെ 48 വിദ്യാര്‍ഥികളുടെ പരീക്ഷയുടെ ഫലമാണ് ഇനിയും പ്രസിദ്ധീകരിക്കാതെ കിടക്കുന്നത്. ഇത് വിദ്യാര്‍ഥികളുടെ തുടര്‍ പഠനത്തിന് പ്രയാസം സ്യഷ്ടിക്കപ്പെടുമോ എന്ന ആശങ്കയാണ് രക്ഷിതാക്കളും ഉയര്‍ത്തുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ വെബ് സൈറ്റില്‍ ഈ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ മാര്‍ക്ക് ലിസ്റ്റ് നോക്കുമ്പോള്‍ ഒഴിഞ്ഞ ഭാഗമാണ് കാണപ്പെടുന്നത്.
പരീക്ഷ ഫലം പ്രസിദ്ധീകരിക്കാത്തത് ഈ മാസം 27ന് അവസാന തീയതിയായ സേ ഇംപ്രൂവ് മെന്റിന്‍ അപേക്ഷിക്കാന്‍ വിദ്യാര്‍ഥികള്‍ക്കുള്ള അവസരം നഷ്ടപ്പെടാനും ഇടയാക്കുമെന്നും ഇവര്‍ ആശങ്കപ്പെടുന്നു. അതേ സമയം ഈ വിഷയവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ തിരുവനന്തപുരം ഓഫീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അടുത്ത ദിവസം തന്നെ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തുമെന്ന് അധിക്യതര്‍ അറിയിച്ചതായും പി ടി എ പ്രസിഡന്റ് സിദ്ദീഖ് പുല്ലാട്ട് പറഞ്ഞു.