നീലഗിരിയില്‍ ചെറുകിട തേയില സംസ്‌കരണ ശാലകള്‍ക്ക് അനുമതി നല്‍കണം

Posted on: July 25, 2015 10:10 am | Last updated: July 25, 2015 at 10:10 am

ഗൂഡല്ലൂര്‍: നീലഗിരി ജില്ലയിലെ പ്രധാന കാര്‍ഷിക വിളയായ തേയിലയുടെ വിലത്തകര്‍ച്ച കര്‍ഷകരെയും തോട്ടംതൊഴിലാളികളെയും കടുത്ത പ്രതിസന്ധിയിലാക്കി. നീലഗിരിയുടെ സാമ്പത്തിക മേഖലക്ക് ഇത് വലിയ തിരിച്ചടിയായിരിക്കുകയാണ്. പച്ചതേയിലക്ക് കിലോ 6 രൂപയാണ് വില ലഭിക്കുന്നത്. ഇത് ഉത്പാദന ചിലവിന് പോലും തികയുന്നില്ല. വിലതകര്‍ച്ച രൂക്ഷമാകുമ്പോഴും അഭ്യന്തര വിപണിയില്‍ ചായപ്പൊടിയുടെ വിലയില്‍ യാതൊരുവിധ മാറ്റവുമില്ല. തേയിലക്ക് വിലയില്ലെങ്കിലും ചായപ്പൊടിക്ക് വന്‍ വിലയാണ്. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക വിളക്ക് മതിയായ വില ലഭിക്കുന്നില്ല. ചായപ്പൊടിയുടെ ഗുണനിലവാരം ഉറപ്പ് വരുത്തുകയാണ് ചെയ്യേണ്ടത്. വിലതകര്‍ച്ചക്ക് പ്രധാന കാരണം സഹകരണ ഫാക്ടറികളിലെ കെടുകാര്യസ്ഥതയാണ്. ജില്ലയില്‍ 60 ശതമാനം ജനങ്ങളും തേയിലയെ ആശ്രയിച്ച് കഴിയുന്നവരാണ്. ജില്ലയില്‍ 22,000 ചെറുകിട കര്‍ഷകര്‍ സഹകരണ ഫാക്ടറികളില്‍ അംഗങ്ങളാണ്. ജില്ലയില്‍ വന്‍കിട എസ്റ്റേറ്റുകളുടെയും പ്രവര്‍ത്തനം ഇപ്പോള്‍ താളംതെറ്റിയിരിക്കുകയാണ്. ആയിരക്കണക്കിന് തൊഴിലാളികളാണ് വിവിധ എസ്റ്റേറ്റുകളില്‍ ജോലി ചെയ്യുന്നത്. സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ടാന്‍ടി എസ്റ്റേറ്റ് തൊഴിലാളികളും ഇപ്പോള്‍ പ്രതിസന്ധിയിലാണ്. പാണ്ഡ്യാര്‍, ചേരങ്കോട്, കൊളപ്പള്ളി, നെല്ലിയാളം, ചേരമ്പാടി ടാന്‍ടി ഡിവിഷനുകളിലെ തൊഴിലാളികളാണ് ഏറെ പ്രയാസമനുഭവിക്കുന്നത്. 15 സഹകരണ ഫാക്ടറികളും, നൂറില്‍പ്പരം സ്വകാര്യ ഫാക്ടറികളുമാണ് നീലഗിരിയില്‍ പ്രവര്‍ത്തിക്കുന്നത്. മക്കളുടെ വിദ്യാഭ്യാസ ചെലവിന് എന്ത് ചെയ്യുമെന്നറിയാതെ അന്തിച്ച് നില്‍ക്കുകയാണ് കര്‍ഷകര്‍. ശ്രീലങ്ക, കെനിയ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നാണ് ഇപ്പോള്‍ എല്ലാ രാജ്യങ്ങളും ചായപ്പൊടി വാങ്ങുന്നത്. ആദ്യം പാക്കിസ്ഥാന്‍, ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നായിരുന്നു ചായപ്പൊടി വാങ്ങിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് മാറിയിരിക്കുകയാണ്. കാര്‍ഷിക മേഖലയെ സംരക്ഷിക്കാനും തേയിലക്ക് മതിയായ വില ലഭ്യമാക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇതുവരെ തയ്യാറായിട്ടില്ല. കര്‍ഷകരുടെ രക്ഷക്ക് ആരും എത്തുന്നില്ലെന്നതാണ് പരമാര്‍ഥം. അധികാരത്തില്‍ എത്തുന്നതിന് മുമ്പ് തേയിലയുടെ വില വര്‍ധിപ്പിക്കുമെന്ന് പെരുമ്പറയിട്ടവര്‍ ഇന്ന് ഒന്നും മിണ്ടുന്നില്ല.
കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണ്. നല്ല തേയില ഉത്പാദിപ്പിക്കുകയും, മായംചേര്‍ത്ത ചായപ്പൊടികള്‍ പിടിച്ചെടുക്കുകയും ചെയ്യുക. കുന്നൂര്‍ ലേല കേന്ദ്രത്തില്‍ നടക്കുന്ന ലേലം സുതാര്യമാക്കുകയും ചെയ്യുക. കാര്‍ഷിക മേഖല മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുകയാണ്. തേയിലയുടെ വിലതകര്‍ച്ച എല്ലാ മേഖലയെയും കാര്യമായി ബാധിച്ചിട്ടുണ്ട്.