Connect with us

Articles

പാരമ്പര്യത്തെ നിങ്ങള്‍ മെരുക്കിയില്ലെങ്കില്‍ പാരമ്പര്യം നിങ്ങളെ മെരുക്കും

Published

|

Last Updated

ഡേവിഡ്‌ലോവന്‍ഥാള്‍ (David Lowenthal) സമകാലിക ലോകം ശ്രദ്ധിക്കുന്ന ഒരു ഗ്രന്ഥകാരനാണ്. ലണ്ടനിലെ യൂനിവേഴ്‌സിറ്റി കോളജില്‍ റിസര്‍ച്ച് ഫെലോ, അമേരിക്കന്‍ ജിയോഗ്രാഫിക്കല്‍ സൊസൈറ്റി, ബ്രിട്ടീഷ് അക്കാദമി തുടങ്ങിയ പല അന്തര്‍ദേശീയ വിദ്യാപീഠങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഗവേഷക പ്രതിഭയാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധയാകര്‍ഷിച്ച ഒരു പഠനമാണ് ഭൂതകാലം ഒരു വിദേശ രാജ്യമാണ്”(past is a foreign country) എന്ന പുസ്തകം. ഹെറിറ്റേജ് സ്റ്റഡീസില്‍ ശ്രദ്ധേയമായ പഠനങ്ങള്‍ നടത്തിയിട്ടുള്ള പ്രൊഫ. സ്‌കറിയ സക്കറിയ സാര്‍ ആണ് ഈ ഗ്രന്ഥം എനിക്കു പരിചയപ്പെടുത്തിയത്. അതിലെ സുപ്രസിദ്ധമായ ഒരു കണ്ടെത്തലാണ് ഈ ലേഖനത്തിന്റെ ശീര്‍ഷകം ആയി നല്‍കിയിരിക്കുന്നത്. പൈതൃക പഠനം (Heritage studies) ഇന്ന് പല സര്‍വകലാശകളിലും അംഗീകരിക്കപ്പെട്ട ഒരു അക്കാദമിക് പഠനവിഷയമാണ്. ലോവന്‍ഥാളിന്റെ പുസ്തകങ്ങളാണ് ഈ വിഷയത്തില്‍ ഇന്നു ലഭ്യമായ മുഖ്യ വഴികാട്ടികള്‍. നിലവിളക്കിന്റെ ആത്മീയത മുതല്‍ യോഗയുടെ വിപണനസാധ്യത വരെ ചൂടുപിടിച്ച ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന കേരളീയ അന്തരീക്ഷത്തില്‍”ഭൂതകാലം ഒരു വിദേശ രാജ്യമാണ് എന്ന ലോവന്‍ഥാള്‍ പുസ്തകം ഏറെ പ്രസക്തമാണ്.
മനുഷ്യന്‍ അവന്റെ വര്‍ത്തമാന കാലത്തിലേക്കു പൊടുന്നനെ ഏതോ അന്യഗ്രഹത്തില്‍ നിന്നു പൊഴിഞ്ഞുവീണ ഒരു ജീവിയല്ല. അതിദീര്‍ഘമായ ഒരു ഭൂതകാലത്തിന്റെ പിന്‍ബലത്തോടെ, ഭാവിയെ ലക്ഷ്യമാക്കി വര്‍ത്തമാനകാലത്തിലൂടെ സഞ്ചരിക്കുകയാണ് ചെയ്യുന്നത്. നമ്മള്‍ മനുഷ്യര്‍ കാലത്തിന്റെ കാവല്‍ക്കാരോ കാലത്തിന്റെ ഉടമസ്ഥരോ അല്ല. കാലത്തോടൊപ്പം നമ്മള്‍ ജീവിക്കുകയാണ് എന്ന ദാര്‍ശനിക നിലപാടാണ് ഗ്രന്ഥകാരന്‍ പുലര്‍ത്തുന്നത്. ഭൂതകാലത്തെ എല്ലാവരും ഒരേ തരത്തിലല്ല മനസ്സിലാക്കുന്നത്. നമ്മുടെ പൂര്‍വികര്‍ അവരുടെ ഭൂതകാലത്തെ മനസ്സിലാക്കിയതില്‍ നിന്നും വ്യത്യസ്തമായ അര്‍ഥതലങ്ങളില്‍ ഇന്ന് കാലത്തെ മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും നമുക്ക് കഴിയും. ഈ മനസ്സിലാക്കലും വ്യാഖ്യാനിക്കലുമാണ് നമ്മുടെ വര്‍ത്തമാനകാല ജീവിതത്തെ രൂപപ്പെടുത്തുന്നത്. പൈതൃകം ഒരേസമയം ഒരു പോഷണവും ഒരു പാഷാണവുമായി മാറുന്നത് നമുക്ക് കാണാം. പാഷാണം ഒരു ഔഷധമാണെന്നു വൈദ്യശാസ്ത്രം. പക്ഷേ അതിനു കൃത്യമായ ചില അളവും തൂക്കവും ഒക്കെയുണ്ട്. അതു തെറ്റിയാല്‍ ഔഷധം എന്ന നിലയിലുള്ള അതിന്റെ ഗുണം നഷ്ടപ്പെടുകയും വിനാശകാരിയായ ഫലങ്ങള്‍ ഉളവാക്കുകയും ചെയ്യും. അതുകൊണ്ടാണ് ലോവന്‍ഥാള്‍ പറയുന്നത് പാരമ്പര്യങ്ങളെ നിങ്ങള്‍ മെരുക്കിയെടുക്കണം അതല്ലെങ്കില്‍ അത് നിങ്ങളെ മെരുക്കും.
പാരമ്പര്യം =പൈതൃകം എന്നൊരു സമവാക്യം നമ്മള്‍ രൂപപ്പെടുത്തിക്കഴിഞ്ഞു. പൈതൃകം എന്നാല്‍ പിതാവില്‍ നിന്നു പകര്‍ന്നുകിട്ടുന്നതെന്നാണ് അര്‍ഥമെങ്കില്‍ മാതാവ് വഴി കിട്ടുന്നതിനെ മാതൃകം എന്ന പേരില്‍ പഠനവിധേയമാക്കേണ്ടതല്ലേ? .ഒരുപക്ഷേ ഇങ്ങനെ മാതാവില്‍ നിന്നു പകര്‍ന്നുകിട്ടുന്നവയെ തന്നെയാകാം മാതൃക എന്നു നമ്മള്‍ വിളിക്കുന്നത്. മാതാവില്‍ നിന്നു മാത്രമാണ് നമുക്ക് മാതൃക ലഭിക്കുന്നത്. പൈതൃകം എന്നു പറയുന്ന പലതും മാതൃകയാക്കാന്‍ കൊള്ളാത്തവയും അഥവാ മാതൃകയാക്കിയാല്‍ സംഘര്‍ഷങ്ങളിലും സ്‌ഫോടനങ്ങളിലും കലാശിക്കുന്നവയും ആകാം. ഇസ്‌ലാമിക പൈതൃകം തീവ്രവാദവും ഭീകരപ്രവര്‍ത്തനവുമൊക്കെയാണെന്നു തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണല്ലോ ഐ എസും അല്‍ഖാഇദയുമൊക്കെ ഇറാന്‍, ഇറാഖ്, ഈജിപ്ത് തുടങ്ങിയ പൗരാണിക സംസ്‌കാര കേന്ദ്രങ്ങളെ വിഷലിപ്തമാക്കിക്കൊണ്ടിരിക്കുന്നത്. എന്താണ് ഇസ്‌ലാമിക മാതൃക? ദൈവത്തെ അതിന്റെ സൂക്ഷ്മാമാര്‍ഥത്തില്‍ ഉള്‍ക്കൊണ്ട് പ്രവാചകവചസ്സുകള്‍ക്കു മനുഷ്യസാഹോദര്യത്തിലൂന്നിയ സമകാലിക വ്യാഖ്യാനങ്ങള്‍ ചമയ്ക്കുകയെന്ന ഉത്കൃഷ്ടമായ മാതൃക എന്ന പാഠവും നമുക്ക് മുന്നിലുണ്ട്.
ഹിന്ദുമതം എന്നപേരില്‍ ഒരു മതം ഇല്ലാതിരിക്കെ അങ്ങനെയുണ്ടെന്നു വരുത്തി, വിവിധ ജാതി സമൂഹങ്ങളെ ഒരേ കുടക്കീഴില്‍ അണിനിരത്തി, കാലം കൈയൊഴിഞ്ഞ ദേശീയത, മതപരതതുടങ്ങിയ സാമൂഹിക വൈകൃതങ്ങളെ പുനരാനയിക്കുകയാണ് ഹൈന്ദവ മതപൈതൃകം എന്ന് പ്രവീണ്‍ തൊഗാഡിയ മുതല്‍ വെള്ളാപ്പള്ളി വരെയുള്ളവര്‍ വിളിച്ചു കൂവുന്നു. ഇതിന്റെ അപകടം ഭാവിയുടെ മറ്റൊരു ഭീക്ഷണിയായിരിക്കുന്നു. വിശ്വഹിന്ദു പരിഷത്ത് പറയുന്ന ഈ ഭാരതീയ പൈതൃകം രൂപപ്പെടു ന്നതിന് മുമ്പ് ഈ പ്രദേശത്ത് അധിവസിച്ചിരുന്ന വിവിധ ജാതി ജനസമൂഹങ്ങള്‍ക്ക് അവരുടേതായ ഒരു മാതൃപാരമ്പര്യം (മാതൃകം) ഉണ്ടായിരുന്നു. സ്വത്വരാഷ്ട്രീയത്തിന്റെ പിന്‍ബലത്തോടെ അത്തരം മാതൃകാ പാരമ്പര്യങ്ങളും ഉത്തേജിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്. അങ്ങനെവന്നാല്‍ വരാനിരിക്കുന്ന ദശകങ്ങള്‍ ഈ പിതൃപാരമ്പര്യത്തിന്റെയും മാതൃപാരമ്പര്യത്തിന്റെയും വ്യര്‍ഥമായ ഏറ്റുമുട്ടലുകളില്‍ കലുഷിതമാകാന്‍ ഇടയുണ്ട്.
ഈ പശ്ചാത്തലത്തില്‍ വേണം നിലവിളക്കു കൊളുത്തുന്നവരും നിലവിളക്കു കെടുത്താത്തവരും എന്ന നിലയില്‍ കേരളീയ മുസ്‌ലിംകളെ രണ്ടുതട്ടിലാക്കി സംവാദങ്ങള്‍ കൊഴുപ്പിക്കുന്നതിന്റെയും യോഗാഭ്യാസങ്ങള്‍ നിര്‍ബന്ധിതമാക്കണം എന്നു ശഠിക്കുന്നവരും അതിനെ എതിര്‍ക്കുന്നവരും എന്നിങ്ങനെ ഭിന്നതട്ടുകളിലായി കേരളീയ ജനസാമാന്യത്തെ വിഭജിക്കാന്‍ ഊര്‍ജം പാഴാക്കുന്നതിന്റെയും അപകടം മനസ്സിലാക്കാന്‍. മുസ്‌ലിംകളെ ലക്ഷ്യമാക്കി ഇപ്പോള്‍ കേസരി ഉള്‍പ്പടെയുള്ള പ്രസിദ്ധീകരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രോശം- മുസ്‌ലിംകളില്‍ ഒരുവിഭാഗം നിലവിളക്കിനെ എതിര്‍ക്കുന്നവരും മറ്റൊരു വിഭാഗം അനുകൂലിക്കുന്നവരും ആണെന്നാണ്. അനുകൂലിക്കുന്നവര്‍ക്ക് ദേശീയ മുസ്‌ലിംകള്‍ എന്ന പദവി. എതിര്‍ക്കുന്നവര്‍ക്ക് വിദേശചാരന്‍ എന്ന ആക്ഷേപം. പൊതുചടങ്ങുകള്‍ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്യുക എന്ന സമ്പ്രദായത്തില്‍ നിന്നു മാറിനിന്നതിന്റെ പേരില്‍ മന്ത്രി അബ്ദുര്‍റബ്ബ് വിമര്‍ശവിധേയനായിരിക്കുന്നു. അദ്ദേഹത്തിന്റെ ചില മുന്‍ഗാമികളും ഇതേ രീതിയില്‍ പെരുമാറിയിട്ടുണ്ട്. അന്നൊന്നും ഉയര്‍ന്നുവരാത്ത പ്രതിഷേധം ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതും ഒരു കെട്ട കാലത്തിന്റെ സൂചനയാണ്. നടന്‍ മമ്മൂട്ടിയും ഹുസൈന്‍ രണ്ടത്താണിയും എം എന്‍ കാരശ്ശേരിയുമൊക്കെ വിമര്‍ശ പക്ഷത്ത് അണിചേരുക കൂടി ചെയ്തതോടെ, നിലവിളക്കാരാധകര്‍ക്കു ശക്തി വര്‍ധിച്ചു.
നിലവിളക്കു കൊളുത്തല്‍ അനിസ്‌ലാമികം എന്നു കരുതുന്ന മന്ത്രിക്കു ചടങ്ങില്‍ നിന്ന് വിട്ടുനിന്നു വേണമെങ്കില്‍ ഒരു വിവാദം ഒഴിവാക്കാമായിരുന്നു. മന്ത്രിയോടുള്ള ബഹുമാനാര്‍ഥം സംഘാടകര്‍ക്ക് നിലവിളക്കു കൊളുത്തല്‍ ഒഴിവാക്കി, പൊതു സ്വീകാര്യതയുള്ള മറ്റെതെങ്കിലും രൂപം സ്വീകരിക്കാമായിരുന്നു. രണ്ടും നടന്നില്ല.
നിലവിളക്ക് ഒരു മത ചിഹ്നം മാത്രമല്ല, ഒരു സവര്‍ണ മേധാവിത്തചിഹ്നം കൂടിയാണ്. അതിനെ കേരളീയ പാരമ്പര്യത്തിന്റെ പൊതുപൈതൃകം ആക്കാനുള്ള നീക്കം പല കാരണങ്ങളാല്‍ എതിര്‍ക്കപ്പെടേണ്ടതാണ്. ഇപ്പോള്‍ തന്നെ ഇത്തരം ഒട്ടേറെ ചിഹ്നങ്ങള്‍ പൊതുസമ്മിതിനേടി രംഗത്തു വന്നുകഴിഞ്ഞു. ആദ്യമൊക്കെ അപകടരഹിതം എന്നുതോന്നുന്ന ഇത്തരം ചിഹ്നവത്കരണങ്ങള്‍ ആശയസമന്വയങ്ങള്‍ക്കു പകരം ആശയസംഘര്‍ഷങ്ങള്‍ക്കു വഴിയൊരുക്കിയതിന്റെ ചരിത്രം നമുക്ക് മുന്നിലുണ്ട്.
ഉദാഹരണത്തിന് ക്രിസ്ത്യാനികളും മുസ്‌ലിംകളും യഹൂദരും ഒരേപോലെ വിഗ്രഹാരാധനക്കെതിരായിരുന്നു. ചില രാഷ്ട്രീയ ഭരണാധികാരികളുടെ താത്പര്യത്തിനു വഴങ്ങി കുരിശ് ഒരു ആരാധനാചിഹ്നമായി ക്രസ്ത്യാനികള്‍ സ്വീകരിച്ചു തുടങ്ങി. അള്‍ത്താരയില്‍ മാത്രമല്ല ക്രിസ്ത്യന്‍ സ്ത്രീകളുടെ മാറിടത്തില്‍ പോലും വിവിധതരം കുരിശുകള്‍ അലങ്കാരമായി പ്രത്യക്ഷപ്പെട്ടുതുടങ്ങി. പിന്നീട് ആ കുരിശിലേക്കു മരിച്ചുകിടക്കുന്ന യേശു ചേക്കേറി. വെറും കുരിശോ യേശുവിന്റെ തൂങ്ങപ്പെട്ട രൂപം ആലേഖനം ചെയ്ത കുരിശോ എന്നതിനെക്കുറിച്ച് പൗരസ്ത്യ ക്രിസ്ത്യാനികളും പാശ്ചാത്യ ക്രിസ്ത്യാനികളും തമ്മില്‍ തര്‍ക്കം രൂക്ഷമായി. പള്ളികളിലെ കുരിശില്‍ നിന്നും ക്രിസ്തു ഇറങ്ങിപ്പോകുകയും പിശാച് ആ സ്ഥാനത്ത് കയറിക്കൂടുകയും ചെയ്തു എന്ന ആക്ഷേപവും മാര്‍ട്ടിന്‍ ലൂഥര്‍ തന്റെ മതപരിഷ്‌കരണ വിപ്ലവത്തിന്റെ ഭാഗമായി ഉന്നയിക്കുകയുണ്ടായി. കുരിശ് ആദ്യം, യേശു പിന്നെ, പിന്നെ മാലാഖമാരും പുണ്യവാളന്മാരും; എന്തിനു പിശാചുക്കള്‍ പോലും ദേവാലയങ്ങളിലും വീടുകളിലുമൊക്കെ വണങ്ങപ്പെടേണ്ട പ്രതിമകളായി ഇടം പിടിച്ചു. ഇതാണ് വിഗ്രഹാരാധനയുടെ അപകടം. വിശേഷം ഗ്രഹിക്കപ്പെടേണ്ടത് എന്ന അര്‍ഥത്തില്‍ പ്രാചീന ആചാര്യന്മാര്‍, അഗ്നി, വായു, വെള്ളം, മണ്ണ് തുടങ്ങിയ ഭൗതികപദാര്‍ഥങ്ങളെ ദൈവീകതയുടെ പ്രതീകങ്ങളായി ചിത്രീകരിച്ചു- അവയെല്ലാം കേവലം പൊരുളിന്റെ നിഴലുകളാണെന്നു മനസ്സിലാക്കുന്നതിനു പകരം ബുദ്ധിയില്ലാത്ത മനുഷ്യന്‍ പൊരുളിനെ തള്ളി നിഴലിനെ തന്നെ ആരാധിച്ചു. അര്‍ഥശ്യൂന്യമായ ഈ ആരാധനയാണ് പാരമ്പര്യ മതങ്ങളെ അതിന്റെ ജീര്‍ണതയിലേക്കു നയിച്ച പൗരോഹിത്യ വാഴ്ചക്കു കീഴ്‌പ്പെടുത്തിയത്. വന്നു വന്നു ഇപ്പോള്‍ മതം എന്നാല്‍ പുരോഹിതന്മാര്‍ക്കു വേണ്ടി പുരോഹിതന്മാര്‍ നടത്തുന്ന പുരോഹിതന്മാരുടെ ഏര്‍പ്പാടായിരിക്കുന്നു. (Church is the priest,for the priest,by the priest) ഈ ഒരു മാതൃകയാണ് വി എച്ച് പി ലക്ഷ്യമാക്കുന്നത്.
ജാതി സംഘടനകളെ, മതസംഘടനകളായി പരിവര്‍ത്തനപ്പെടുത്തുക എന്നതാണിതിന്റെ ആദ്യഘട്ടം. ഇതിനെ പാരമ്പര്യവത്കരണം (Traditionlism) എന്നു വിളിക്കാം. ഇത് ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു. രണ്ടാം ഘട്ടം സിദ്ധാന്തവത്കരണമാണ്(Dogmatism) അതാണിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അടുത്തഘട്ടം സ്ഥാപനവത്കരണമാണ്(Establishmentism) ഇതോടൊപ്പം മുന്നേറുന്ന മറ്റൊരു പ്രക്രിയയാണ് നിഗൂഢവത്കരണം(Mystisism) ഈ നാലു തൂണുകളിലാണ് ലോകത്തിലെ ഏറ്റവും വലിയ സംഘടിത മതമായ ക്രിസ്തു മതം നിലനില്‍ക്കുന്നതെന്നു സെബാസ്റ്റ്യന്‍ കാപ്പന്‍”യേശുവും സ്വാതന്ത്ര്യവും” (Jeasus and freedom) എന്ന പുസ്തകത്തില്‍ സമര്‍ഥിക്കുന്നുണ്ട്.
മതരംഗത്തു നടക്കുന്ന നിശുദ്ധവത്കരണത്തിന്റെ മാധ്യമം ആണ് ചിഹ്നവത്കരണം (Symbolism) ഒരു ചിഹ്നം ചൂണ്ടിക്കാണിച്ച് അതിനപ്പുറമുള്ള മറ്റൊന്നിലേക്കു നയിക്കുകയാണ് ചിഹ്നങ്ങള്‍ നിറവേറ്റേണ്ട ദൗത്യം. ഇതു ചെയ്യാതെ ചിഹ്നങ്ങള്‍ ചിഹ്നങ്ങളായി തന്നെ ഒടുങ്ങിപോകുന്നു. അതോടെ ചിഹ്നം ഒരു പ്രത്യേക അര്‍ഥവും ഉത്പാദിപ്പിക്കാതെ വിഗ്രഹങ്ങളായി തരംതാഴുന്നു. പ്രാകൃത മതങ്ങള്‍ക്കു സംഭവിച്ച ഈ അപകടത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടാണ് എല്ലാ പ്രവാചകന്മാരും എല്ലാവിധവിഗ്രഹവത്കരണത്തെയും എതിര്‍ത്തത്.
ഒരു ബഹുസ്വരസമൂഹത്തില്‍ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ആചാരാനുഷ്ഠാനങ്ങളെ, അതു ഭൂരിപക്ഷത്തിന് സ്വീകാര്യമെങ്കില്‍ പോലും മറ്റൊരു ന്യൂനപക്ഷത്തിനു അതില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടുക എന്നതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വം. യഹോവയുടെ സാക്ഷികള്‍ എന്ന നൂതനക്രൈസ്തവ വിഭാഗം ഏതെങ്കിലും ഒരു രാജ്യത്തിന്റെ ദേശീയ പതാകയെ വന്ദിക്കുകയോ ദേശീയഗാനം ആലപിക്കുകയോ ചെയ്യാറില്ല. ഈ പ്രശ്‌നം കേരളത്തില്‍ തന്നെ ഒട്ടേറെ സങ്കീര്‍ണമായ നിയമപ്രശ്‌നങ്ങള്‍ ഉയര്‍ത്തി. അവര്‍ക്കതിനുള്ള അവകാശം അംഗീകരിച്ചു കൊടുക്കുന്നതിനൊടുവില്‍ അവര്‍ക്കു സുപ്രീം കോടതിയെ തന്നെ സമീപിക്കേണ്ടിവന്നു.
നിര്‍ദോഷമെന്നു കരുതുന്ന ചിഹ്നങ്ങള്‍ പോലും ക്രമേണ മനുഷ്യമനസ്സില്‍ വിദ്വേഷത്തിനും, അകല്‍ച്ചക്കും വഴിയൊരുക്കുന്നതിന്റെ ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. ചിഹ്നങ്ങള്‍ വഴി മനുഷ്യനെ അടയാളപ്പെടുത്തുന്ന ഏര്‍പ്പാട് ഇന്ത്യയില്‍ പെരുകിവരികയാണ്. ജനിച്ചനാടിന്റെ അടയാളങ്ങള്‍, വളര്‍ന്ന മതത്തിന്റെ അടയാളങ്ങള്‍, ജീവിക്കുന്ന രാജ്യത്തിന്റെ അടയാളങ്ങള്‍ ഇതിലൊക്കെ ചില സൗകര്യങ്ങളുണ്ടെങ്കിലും-ചില അപകടങ്ങളും പതിയിരിപ്പുണ്ട്.
അര്‍ഥശ്യൂന്യമായ അടയാളപ്പെടുത്തലുകളുടെ അപകടങ്ങളെക്കുറിച്ച് നമ്മുടെ പുതിയ തലമുറയെ എങ്കിലും ബോധ്യപ്പെടുത്താന്‍ പര്യാപ്തമായ രീതിയില്‍ നമ്മുടെ പാഠ്യപദ്ധതികള്‍ പുനഃസംവിധാനപ്പെടുത്തണം. രൂക്ഷമായ വര്‍ഗീയലഹളയുടെ പശ്ചാത്തലത്തില്‍ സ്വന്തം സഹോദരനെ നഷ്ടപ്പെട്ട സഹോദരിമാര്‍ സഹോദരസ്ഥാനത്തു നിന്നുകൊണ്ട് തന്നെ സംരക്ഷിക്കുമെന്നു സങ്കല്‍പിക്കുന്ന പുരുഷന്റെ കൈത്തണ്ടയില്‍ കെട്ടിക്കൊടുക്കുന്ന രക്ഷാബന്ധന്‍ എന്ന കറുത്ത ചരട് വിഭിന്നമായ ഒരു സാഹചര്യത്തില്‍ കേരളത്തിലെ ഇടതുപക്ഷ യുവാക്കളുടെ കൈത്തണ്ടയില്‍ പോലും വ്യാപകമായി കാണപ്പെടുമ്പോള്‍ അതെന്തിനെന്ന ചോദ്യം ആരും അവരോട് ചോദിച്ചുകേള്‍ക്കുന്നില്ല. ജനിച്ചുവീഴുന്ന എല്ലാ ശിശുക്കളുടെയും കാതുകുത്തിച്ചു മഞ്ഞലോഹം അണിയുന്നതിനു പിന്നില്‍ പഴയ കാലത്ത് ചില സങ്കല്‍പങ്ങളൊക്കെ ഉണ്ടായിരുന്നു. അടിമ ഉടമ വ്യവസ്ഥയുടെ അതിവിശിഷ്ടമായിരുന്നു ഈ കാതുകുത്തല്‍. മനുഷ്യരുടെ മാത്രമല്ല വളര്‍ത്തു മൃഗങ്ങളുടെയും കാതുതുളച്ചു ഉടമസ്ഥന്മാരുടെ അടയാളങ്ങള്‍ പതിപ്പിച്ചിരുന്നു. ഈ ഏര്‍പ്പാടിപ്പോള്‍ പെണ്‍കുട്ടികളില്‍ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു. ഇതും ഒരുതരം ഉടമസ്ഥാവകാശത്തിന്റെ വെളിപ്പെടുത്തലാണെന്നു വരുന്നു. എന്തിനിതൊക്കെ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ കഴിയുന്ന ആചാരാനുഷ്ഠാനങ്ങളെ ആരും ചോദ്യം ചെയ്യേണ്ടതില്ല. മറ്റാരും ചോദിക്കുന്നില്ലെങ്കില്‍ക്കൂടി ഇത്തരം ആചാരാനുഷ്ഠാനങ്ങളുടെയും അടയാളസമുച്ചയങ്ങളുടെയും അടിമകളായി ജീവിക്കുന്നവര്‍ സ്വയം ചോദിച്ച് ഉത്തരം തേടുമ്പോഴാണ് പാരമ്പര്യങ്ങളെ നമുക്ക് മെരുക്കിയെടുക്കാന്‍ കഴിയുന്നത്. അല്ലാത്ത പക്ഷം പാരമ്പര്യം നമ്മളെ മെരുക്കും.

Latest