ആര്‍ ടി എ വാട്ടര്‍ ടാക്‌സികള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു

Posted on: July 23, 2015 4:36 pm | Last updated: July 23, 2015 at 4:36 pm

Water-Taxi
ദുബൈ: വാട്ടര്‍ ടാക്‌സികള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചതായി ആര്‍ ടി എ മാര്‍ക്കറ്റിംഗ് ആന്‍ഡ് കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ മുആസ അല്‍ മറി അറിയിച്ചു. ഏത് സമയത്തും ആര്‍ ടി എയുടെ പോര്‍ട്ടലിലൂടെ വാട്ടര്‍ ടാക്‌സികള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുമെന്ന് അവര്‍ പറഞ്ഞു. വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്ന ഹോട്ടലുകള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് വാട്ടര്‍ ടാക്‌സികള്‍ അതിഥികള്‍ക്കായി മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സംവിധാനത്തിലൂടെ സാധിക്കും. കാര്‍ണിവല്‍, സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍ എന്നിവക്കായി അതിഥികളായി എത്തുന്നവര്‍, അഢംബര നൗകകളില്‍ അതിഥികളെ സ്വീകരിക്കുന്നവര്‍ എന്നിവര്‍ക്കും ഇത് ഏറെ ഉപകാരപ്പെടുമെന്നാണ് ആര്‍ ടി എ പ്രതീക്ഷിക്കുന്നത്.
ജൈറ്റെക്‌സ്, ദ ബിഗ് 5 എക്‌സ്‌പോ, ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവല്‍ തുടങ്ങിയ പ്രധാന ആഘോഷങ്ങള്‍ക്കായി അനേകായിരം സന്ദര്‍ശകരാണ് ദുബൈയിലേക്ക് എത്തുന്നത്.
ആര്‍ ടി എയുടെ വെബ്‌സൈറ്റ് വഴി വളരെ എളുപ്പത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. ഓരോ 10 മിനുട്ടും ഇടവിട്ടാണ് വാട്ടര്‍ ടാക്‌സികള്‍ സര്‍വീസ് നടത്തുന്നത്. രാവിലെ 10 മുതല്‍ രാത്രി ഒമ്പത് വരെയാണ് വാട്ടര്‍ ടാക്‌സികളുടെ സര്‍വീസ് സമയം.