ക്വാറികള്‍ തുറന്നു; വിലയും കുത്തനെ കൂട്ടി

Posted on: July 23, 2015 11:30 am | Last updated: July 23, 2015 at 11:30 am

quarry-equipmentകല്‍പ്പറ്റ: ഒന്നര വര്‍ഷത്തോളം നീണ്ട ഇടവേളക്ക് ശേഷം ജില്ലയില്‍ ക്വാറികള്‍ പ്രവര്‍ത്തനം പുനാരാരംഭിച്ചു. ഒരു വര്‍ഷക്കാലം പ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. അതേസമയം ക്വാറി തുറന്നതോടെ കരിങ്കല്‍ ഉത്പന്നങ്ങള്‍ക്ക് ക്വാറി ഉടമകള്‍ വിലയും കുത്തനെ കൂട്ടി.
അമ്പലവയല്‍ മേഖലയിലെ പതിനെട്ട് റവന്യു ക്വാറികള്‍ക്കും മൂന്ന് പട്ടയ ക്വാറികള്‍ക്കുമാണ് പാറപൊട്ടിക്കുന്നതിന് ഒരു വര്‍ഷത്തേക്കാണ് അനുമതി. ജൂലായ് പതിമൂന്നിനാണ് ക്വാറികള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. ഇന്നലെ മുതല്‍ പാറ ഖനനം തുടങ്ങി. ക്വാറികള്‍ പ്രവര്‍ത്തനം ആരംഭിച്ചത് നിര്‍മാണ മേഖലക്ക് ഉണര്‍വേകും. കരിങ്കല്‍ ഉത്പന്നങ്ങളുടെ ക്ഷാമം നിര്‍മാണമേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരുന്നു. സര്‍ക്കാറിന്റെ പല പ്രവൃത്തികള്‍ക്കും കരിങ്കല്‍ ക്ഷാമം തിരിച്ചടിയായി. ഈ സാഹചര്യത്തില്‍ മാര്‍ച്ചില്‍ ക്വാറികള്‍ക്ക് താത്കാലിക പ്രവര്‍ത്താനാനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതും പര്യാപ്തമാകാതെ വന്നതോടെയാണ് പരിസ്ഥിതിക്ക് ഗുരുതരമായ ആഘാതമേല്‍പ്പിക്കാത്ത ക്വാറികള്‍ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടിയെടുത്തത്. ഇതിന്റെ ഭാഗമായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ അമ്പലവയല്‍ മേഖലയിലെ ക്വാറികളില്‍ പരിശേധന നടത്തിയിരുന്നു. തുടര്‍ന്നാണ് 21 ക്വാറികള്‍ക്ക് എന്‍ ഒ സി ലഭിച്ചത്. ഇതേ സമയം ക്വാറി തുറന്നതോടെ കരിങ്കല്‍ ഉത്പന്നങ്ങള്‍ക്ക് വിലകൂട്ടുകയാണ് ക്വാറി ഉടമകള്‍ ചെയ്തിരിക്കുന്നത്. അഞ്ഞൂറ് മുതല്‍ ആയിരം രൂപ വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 1500 രൂപയായിരുന്ന ഒരു ലോഡ് കരിങ്കല്ലിന് 2000 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. ഒന്നരയിഞ്ച് മെറ്റലിന് 2000 രൂപയുണ്ടായിരുന്നത് 2900 രൂപയായി. അരയിഞ്ച് മെറ്റല്‍ 3000 ല്‍ നിന്ന് 3750 ഉം മെറ്റല്‍ ചിപ്‌സ് 1300ല്‍ നിന്ന് 2000വും, സോളിംഗിന് 1500ല്‍ നിന്ന് 2000 രൂപയാക്കിയും ഉയര്‍ത്തി. കഴിഞ്ഞ ദിവസം അമ്പലവയലില്‍ ചേര്‍ന്ന് ക്വാറി ഉടമകളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ക്വാറികള്‍ക്കുള്ള സീനറേജ് തുക 12.50 പൈസയില്‍ നിന്ന് ഒറ്റയടിക്ക് ആയിരം രൂപയാക്കി സര്‍ക്കാര്‍ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് വര്‍ധന നടപ്പാക്കിയതെന്ന് ക്വാറി ഓണേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. 2015 ഫെബ്രുവരിയിലാണ് സീനറേജ് ഫീ ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇത് മുന്‍കാല പ്രാബല്ല്യത്തോടെയായിരിക്കും നിലവില്‍ വരിക. ഇത് കണക്കിലെടുത്ത് താത്കാലിക വര്‍ദ്ധനവാണ് ഏര്‍പ്പെടുത്തിയതെന്നും ക്വാറി ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി യൂസഫ് അറിയിച്ചു.
എന്നാല്‍ വിലവര്‍ധന തീരുമാനം ഏകപക്ഷീയമായാണ് നടപ്പാക്കിയതെന്ന് ഐ ന്‍ ടി യുസി നേതാവ് മണികണ്ഠന്‍ പറഞ്ഞു.