Connect with us

Thrissur

ലോറിയിലെ വെള്ള വിതരണം കോര്‍പറേഷന് വന്‍ ബാധ്യതയാകുന്നു

Published

|

Last Updated

തൃശൂര്‍: വ്യവസ്ഥാപിതമായ ഓഡിറ്റ് റിപ്പോര്‍ട്ട് അവഗണിച്ച് കോര്‍പറേഷന്‍ കൗണ്‍സിലിന്റെ നിയമവിരുദ്ധവും സുതാര്യമല്ലാത്തതുമായ ലോറിവെള്ളവിതരണം കോര്‍പറേഷന് വന്‍ ബാധ്യതയാകുന്നു. കഴിഞ്ഞ പത്ത് വര്‍ഷം ലോറിവെള്ള വിതരണത്തിന് കോര്‍പറേഷന്‍ ചിലവാക്കിയത് 20 കോടിയിലേറെ രൂപ. ലോറിവെള്ളവിതരണം കൗണ്‍സിലര്‍മാര്‍ കറവപ്പശുവാക്കിയതിനാല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിലെ ബദല്‍ നിര്‍ദേശങ്ങളിലൊന്നുംതന്നെ നടപടിയെടുക്കാന്‍ കൗണ്‍സില്‍ തയ്യാറില്ല.
2014 ഫെബ്രുവരി 20നാണ് ജലവിതരണത്തിലെ ക്രമക്കേടുകളും ധൂര്‍ത്തും അഴിമതികളും ചൂണ്ടികാട്ടിയും ജലവിതരണം സുതാര്യവും കാര്യക്ഷമവുമാക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടുമുള്ള പഠനറിപ്പോര്‍ട്ട് എന്ന നിലയില്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് കൗണ്‍സില്‍ പരിഗണിച്ചില്ലെന്ന് മാത്രമല്ല റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ രാഷ്ട്രീയ പ്രേരിതവും അപകീര്‍ത്തിപരവുമാണെന്ന് ചൂണ്ടികാട്ടി തയ്യാറാക്കിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെടുകയും റിപ്പോര്‍ട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും ചെയ്തു.
കോര്‍പറേഷന്റെ ലോറിവെള്ളവിതരണംതന്നെ ക്രമവിരുദ്ധമാണെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ ലോറിവെള്ളം എത്തിക്കേണ്ടത് റവന്യു വകുപ്പാണ്. റവന്യു വകുപ്പ് അത് ചെയ്യുന്നില്ലെങ്കില്‍ പ്ലാന്‍ഫണ്ടില്‍നിന്നോ തനതുഫണ്ടില്‍നിന്നോ ചിലവഴിച്ച് ജലവിതരണം നടത്താന്‍ 30.5.2009 ന് സര്‍ക്കാര്‍ ഉത്തരവായിരുന്നു. എന്നാല്‍ റവന്യുവകുപ്പ് വരള്‍ച്ച ബാധിതമായി പ്രഖ്യാപിക്കുന്ന സ്ഥലങ്ങളിലെ ലോറിവെള്ളവിതരണം കോര്‍പറേഷനു നടത്താനാകും എന്ന് ഉത്തരവില്‍ പ്രത്യേകം വ്യക്തമാക്കിയിരുന്നതാണ്.
കോര്‍പറേഷന്‍ ആവശ്യപ്പെട്ടാല്‍ പരിശോധിച്ച് റവന്യു വകുപ്പ് പ്രഖ്യാപനം നടത്തുന്നതാണ്. കോര്‍പറേഷന്‍ ചിലവാക്കുന്ന തുക റവന്യു വകുപ്പില്‍നിന്ന് നേടിയെടുക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്.
പക്ഷെ ഇതൊന്നും പരിശോധിക്കാതെ ക്രമ വിരുദ്ധമായി എല്ലാവര്‍ഷവും തനത് ഫണ്ടുപയോഗിച്ച് ലോറിവെള്ളവിതരണം കരാര്‍ നല്‍കുകയാണ് കോര്‍പറേഷന്‍. റവന്യു വകുപ്പിന്റെ രേഖകളില്‍ കോര്‍പറേഷനില്‍ രൂക്ഷമായ വരള്‍ച്ച നേരിടുന്ന പ്രദേശങ്ങള്‍ ഇല്ല. കാരണം കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരോ കൗണ്‍സിലോ ഇങ്ങനെയൊരാവശ്യം ഉന്നയിച്ചിട്ടില്ല. ജലക്ഷാമം നേരിടുന്ന സ്ഥലങ്ങള്‍ സംബന്ധിച്ച് പഠനങ്ങളും കോര്‍പറേഷന്‍ നടത്തിയിട്ടില്ല. വരള്‍ച്ച ബാധിതപ്രദേശങ്ങള്‍ നിശ്ചയിച്ച് ലോറിവെള്ളവിതരണചിലവ് റവന്യൂവകുപ്പില്‍നിന്ന് സഹായം നേടുന്നതിലും കെടുകാര്യസ്ഥതയും അനാസ്ഥയുമാണ് കോര്‍പറേഷന്‍ നടത്തിയത്. ലോറിവെള്ളവിതരണ മോണിറ്ററിങ്ങിനും സംവിധാമില്ല.
“”കുടിവെള്ളവിതരണത്തിനായി കോടികള്‍ തനതുഫണ്ടില്‍നിന്ന് ഓരോ വര്‍ഷവും ചെലവഴിക്കുന്ന നഗരസഭ കരാറുകാര്‍ നിശ്ചയിക്കുന്ന ഉയര്‍ന്ന നിരക്കുകള്‍ കാര്യമായ വിയോജിപ്പില്ലാതെ അംഗീകരിക്കുകയും. ഇവര്‍ നല്‍കുന്ന സുതാര്യമല്ലാത്തതും പെരുപ്പിച്ചതുമായ കണക്കുകള്‍ അംഗീകരിച്ച് നല്‍കുന്നതിന്റെയും കാരണങ്ങള്‍ പരിശോധിക്കണമെന്ന്”” ഓഡിറ്റ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
ഒരേ കരാറുകാര്‍ക്കുതന്നെ ടെണ്ടര്‍ ക്ഷണിക്കാതെ അടുത്തവര്‍ഷവും ജലവിതരണത്തിന് അനുമതി നല്‍കിയതും ക്രമവിരുദ്ധമെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടിയിരുന്നു. വേനലില്‍ രൂക്ഷമായ വരള്‍ച്ചയില്‍ മാത്രം ടെണ്ടര്‍ വിളിച്ചുനല്‍കേണ്ട ലോറിവെള്ളം വിതരണകരാര്‍ ഒരു വര്‍ഷത്തേക്കാക്കികൊണ്ട് നിയമവിരുദ്ധമായാണ് കൗണ്‍സില്‍ ഈ ആരോപണത്തിന് പരിഹാരമുണ്ടാക്കിയത്. ലോറിവെള്ളവിതരണം നഗരസഭ സ്ഥിരം സംവിധാനമാക്കി മാറ്റിയതാണ് ഈ വര്‍ഷം പെരുമഴക്കാലത്തും, ലോറിവെള്ളവിതരണം കരാറുകാര്‍ തുടര്‍ന്നതായി രേഖപ്പെടുത്തി ബില്‍ നല്‍കാന്‍ കാരണം. 3.58 കോടിയാണ് ഈ വര്‍ഷത്തെ ബില്‍. സ്വയാശ്രയ കുടിവെള്ളപദ്ധതികള്‍, വേനല്‍മഴയില്‍ കിണര്‍ നിറക്കാന്‍ മഴ പൊലിമ പദ്ധതി തുടങ്ങി പദ്ധതികള്‍ നഗരസഭ പ്രഖ്യാപിച്ചിരുന്നതാണെങ്കിലും ലോറിവെള്ളവിതരണം ആഘോഷമാക്കിയ കൗണ്‍സിലര്‍മാര്‍ പൊന്‍മുട്ടയിടുന്ന താറാവിനെകൊല്ലാന്‍ തയ്യാറായില്ല. സ്വയാശ്രയ പദ്ധതിയെന്ന പേരില്‍ 300 പദ്ധതികള്‍ നടപ്പാക്കിയെന്ന മേയര്‍ പ്രഖ്യാപിക്കുമ്പോഴും ലോറിവെള്ളവിതരണബില്‍ കുത്തനെ ഉയര്‍ന്നതായാണ് കണക്ക്. മാത്രമല്ല, വീടുകളില്‍ മാത്രം കണക്ഷന്‍ നല്‍കാന്‍ ഉദ്ദേശിച്ച് ഗുണഭോക്താക്കളെ ഏല്‍പ്പിച്ച് നടപ്പാക്കേണ്ട സ്വയാശ്രയപദ്ധതി അവഗണിച്ച് തെരുവ് ടാപ്പുകള്‍ മാത്രമുള്ള കോര്‍പറേഷന്‍ പദ്ധതിയാക്കി മാറ്റുകയും ചെയ്തു. ഇതിനെതിരെ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടും ഉത്തരവ് മാനിക്കാനും പാലിക്കാനും കൗണ്‍സില്‍ തയ്യാറായിട്ടില്ല. നിയമവിരുദ്ധമായ പദ്ധതി നഗരത്തിന് കനത്ത തുടര്‍ ബാധ്യത സൃഷ്ടിച്ച് നടപ്പാക്കികൊണ്ടിരിക്കയാണ്.
73 ശതമാനം വീടുകളിലും കിണറുകളുള്ള നഗരത്തില്‍ കുറഞ്ഞ ചിലവില്‍ വേനല്‍മഴവെള്ള സംഭരണപദ്ധതിയായ മഴപൊലിമ പദ്ധതി ഒറ്റവര്‍ഷം കൊണ്ട് നടപ്പാക്കി ലോറിവെള്ളവിതരണം ഒഴിവാക്കാമായിരുന്നുവെങ്കിലും ബജറ്റിലെ പ്രഖ്യാപനമല്ലാതെ ഒറ്റവീടുകളില്‍ പോലും പദ്ധതി നടപ്പാക്കാന്‍ കൗണ്‍സില്‍ താല്‍പ്പര്യം കാട്ടിയില്ല. നഗരത്തിലെ നിലവിലുള്ള ജലവിതരണപദ്ധതിയിലെ പ്രശ്‌നങ്ങളും പോരായ്മകളും ചൂണ്ടികാട്ടി പരിഹരിക്കുന്നതിന് കൗണ്‍സിലര്‍മാരുടെ കണ്ണ് തുറപ്പിക്കാവുന്ന ആധികാരികമായ നിര്‍ദേശങ്ങള്‍ ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ടായിരുന്നുവെങ്കിലും ലോറിവെള്ളവിതരണം കറവപ്പശുവാക്കിയ കൗണ്‍സിലര്‍മാര്‍ റിപ്പോര്‍ട്ട് തീര്‍ത്തും അവഗണിക്കുകയായിരുന്നു.

 

---- facebook comment plugin here -----

Latest