Alappuzha
എഴുത്തുകാരുടെ അന്താരാഷ്ട്ര സംഗമം ചെങ്ങന്നൂരില്‍
ആലപ്പുഴ: പീപ്പിള്‍സ് ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്‌സ് ആന്‍ഡ് മോര്‍ (പമ്പ) “സൗത്ത് ഇന്ത്യ റൈറ്റേഴ്‌സ് എന്‍സൈബിള്‍” എന്ന പേരില്‍ ചെങ്ങന്നൂരില്‍ സംഘടിപ്പിച്ചിരിക്കുന്ന എഴുത്തുകാരുടെ അന്താരാഷ്ട്ര സംഗമം 24 മുതല്‍ 26 വരെ ചെങ്ങന്നൂരില്‍ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അങ്ങാടിക്കല്‍ പമ്പാ തീരം ആയൂര്‍വേദ റിസോര്‍ട്ടില്‍ നടക്കുന്ന പരിപാടി 24ന് ഉച്ചകഴിഞ്ഞ് മൂന്നിന് തമിഴ് സാഹിത്യകാരി സി എസ് ലക്ഷ്മി ഉദ്ഘാടനം ചെയ്യും.പി സി വിഷ്ണുനാഥ് എംഎല്‍എ അധ്യക്ഷത വഹിക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖ എഴുത്തുകാരെകൂടാതെ വിദേശത്തുനിന്നുള്ള എഴുത്തുകാരും പരിപാടിയില്‍ പങ്കെടുക്കും. ഈ വര്‍ഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ എഴുത്തുകാര്‍ക്ക് പ്രാമുഖ്യം നല്കിയാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നതെന്ന് പമ്പ ഡയറക്ടര്‍ കനകഹാമ വിഷ്ണുനാഥ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
മലയാളത്തിലെ പ്രമുഖ യുവഎഴുത്തുകാരെക്കൂടാതെസംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് തിരഞ്ഞെടുത്ത 100 ഓളം പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ സഹകരണത്തോടെയാണ് അന്താരാഷ്ട്ര സാഹിത്യോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.26ന് പരിപാടി സമാപിക്കും. കേരളീയ കലാരൂപങ്ങളും പ്രശസ്ത സിനിമകളും സംഗമത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കാണുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. പത്രസമ്മേളനത്തില്‍ യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ ഓഫീസര്‍ ചന്ദ്രികാ ദേവിയും പങ്കെടുത്തു.




