കലാമിന്റെ ചിത്രത്തില്‍ മാല ചാര്‍ത്തി; ഝാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍

Posted on: July 22, 2015 10:01 pm | Last updated: July 23, 2015 at 12:02 am

abdul kalam1കൊടര്‍മ: മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിന്റെ ചിത്രത്തില്‍ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി നീരായാദവ് മാല ചാര്‍ത്തിയതിനെ ചൊല്ലി ഝാര്‍ഖണ്ഡില്‍ വിവാദം.
കൊടര്‍മയിലെ സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രിയുടെ നടപടി. പരിപാടിയുടെ മുഖ്യാതിഥിയായിരുന്ന നീരായാദവ് സ്മാര്‍ട്ട്കഌസ്സ് ഉദ്ഘാടനം ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു മാലചാര്‍ത്തല്‍ ചടങ്ങ് നടത്തിയത്. അതേസമയം ജീവിച്ചിരിക്കുന്ന വ്യക്തിക്ക് ആദരാഞ്ജലി അര്‍പ്പിച്ചെന്ന് ആരോപിച്ച് പലരും രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. യാദവിനൊപ്പം ബി ജെ പി എംഎല്‍ എ ജയ്‌സ്വാള്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്നിവരും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. ഇവര്‍ക്കാര്‍ക്കും വിവരം മനസ്സിലായില്ല.
അതേസമയം അവിടെയുണ്ടായിരുന്ന മറ്റ് ചിലര്‍ മന്ത്രിയുടെ പ്രവൃത്തിയില്‍ അത്ഭുതപ്പെടുകയും സാധാരണ മരിച്ച വ്യക്തിക്കാണ് ഇത്തരത്തില്‍ ആദരവ് നല്‍കുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തു.
സംഭവം വിവാദമായതോടെ മന്ത്രിയെ ന്യായീകരിച്ച് പാര്‍ട്ടിപ്രവര്‍ത്തകര്‍ രംഗത്ത് വന്നിട്ടുണ്ട്. മന്ത്രിയും തന്റെ നടപടി ന്യായീകരിച്ച് രംഗത്തെത്തി. മഹാന്മാരായ നേതാക്കളെ ആദരിക്കാന്‍ സാധാരണ മാല ചാര്‍ത്താറുണ്ടെന്നും മഹാനായ ശാസ്ത്രജ്ഞനായ കലാമിന്റെ ചിത്രത്തില്‍ മാല ചാര്‍ത്തുന്നതില്‍ തെറ്റൊന്നുമില്ലെന്ന് പിന്നീട് മന്ത്രി പറഞ്ഞു.