മാര്‍ച്ച് യാത്രക്കാരെ വലച്ചില്ല; എ ഡി ജി പിയുടെ നിര്‍ദേശം നടപ്പാക്കി

Posted on: July 22, 2015 3:24 pm | Last updated: July 22, 2015 at 3:24 pm

കോഴിക്കോട്: മത രാഷ്ട്രീയ സംഘടനകളുടെ പ്രതിഷേധ പരിപാടികള്‍ വാഹന ഗതാഗതത്തെ തടസപ്പെടുത്തരുതെന്ന എ ഡി ജി പി എന്‍ ശങ്കര്‍ റെഡ്ഡിയുടെ നിര്‍ദേശം ഇന്നലെ തന്നെ നടപ്പിലാക്കി. ഏത് സംഘടന മാര്‍ച്ചോ ധര്‍ണയോ നടത്തിയാലും ഗതാഗതം തടസ്സപ്പെടുത്തരുതെന്നായിരുന്നു എ ഡി ജി പിയുടെ നിര്‍ദേശം.
ഇതിനാവശ്യമായ നടപടികള്‍ സാഹചര്യത്തിനനുസരിച്ച് ട്രാഫിക് പോലീസ് കൈകൊള്ളണമെന്നും അദ്ദേഹം നിര്‍ദേശിച്ചിരുന്നു. ഇത്തരം സാഹചര്യത്തില്‍ വണ്‍വേ റോഡുകള്‍ ഗതാഗതത്തിനായി രണ്ടു വശത്തേക്കും തുറന്ന് കൊടുക്കണമെന്നും നിര്‍ദേശത്തിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പ്രതിഷേധ പരിപാടികള്‍ക്കിടയില്‍ വാഹന ഗതാഗതം തടസപ്പെടുത്തിയ പോലീസ് നടപടിക്ക് ഏറെ പഴി കേള്‍ക്കേണ്ടി വന്നിരുന്നു. ട്രാഫിക് നിരോധിച്ച് മാര്‍ച്ചിനെ നേരിട്ട പോലീസ് നടപടി വലിയ വിമര്‍ശനത്തിനും വഴി വച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് എ ഡി ജി പി എന്‍ ശങ്കര്‍ റെഡ്ഡി കഴിഞ്ഞ ദിവസം കമ്മീഷണര്‍ പി എ വത്സനും ഉത്തരമേഖല ട്രാഫിക് സൂപ്രണ്ട് വി കെ അക്ബറിനും ട്രാഫിക് നിയന്ത്രിക്കാന്‍ ബദല്‍ നിര്‍ദേശം നല്‍കിയിരുന്നത്. ഈ നിര്‍ദേശങ്ങള്‍ അക്ഷരം പ്രതി നടപ്പാക്കിയാണ് ഇന്നലെ എസ് എഫ് ഐ മാര്‍ച്ചിനിടെ പോലീസ് ഗതാഗതം നിയന്ത്രിച്ചത്.
ട്രാഫിക് പൂര്‍ണമായും നിരോധിക്കാതെ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ ചെറിയ പരിഷ്‌കാരം വരുത്തുകയായിരുന്നു. ഇന്നലത്തെ ട്രാഫിക് പരിഷ്‌കരണത്തില്‍ ചെറിയ ബ്ലോക്ക് അനുഭവപ്പെട്ടങ്കിലും യാത്രക്കാര്‍ക്ക് കഴിഞ്ഞ ദിവസങ്ങളിലെ പോലെ വലിയ ദുരിതം അനുഭവിക്കേണ്ടി വന്നില്ല. മാനാഞ്ചിറ സ്‌ക്വറിന് ചുറ്റുമുള്ള റോഡ് ടുവേ ആക്കി തുറുന്നു കൊടുത്താണ് പോലീസ് ട്രാഫിക് പരിഷ്‌കരണം നടപ്പിലാക്കിയത്.
ബാങ്ക് റോഡിലൂടെ മാനാഞ്ചിറ ഭാഗത്തേക്ക് വന്ന വാഹനങ്ങള്‍ ബാങ്ക് റോഡ് ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് ടൗണ്‍ ഹാളിന് മുന്നിലൂടെ എല്‍ഐ സി ജംഗ്ഷനിലേക്ക് കടന്നു പോയി. ഈ റൂട്ടിലെ സിറ്റി സര്‍വീസ് ബസുകള്‍ കിഡ്‌സണ്‍ കോര്‍ണറില്‍ നിന്ന് തിരിഞ്ഞ് വൈക്കം മുഹമ്മദ് ബഷീര്‍ റോഡ് വഴി ടൗണ്‍ ഹാളിന് മുന്നിലൂടെ കടന്നു പോയി. പാളയം ഭാഗത്ത് നുന്നും വന്ന ചെറിയ വാഹനങ്ങള്‍ പി എം താജ് റോഡ് വഴി കിഡ്‌സണ്‍ കോര്‍ണറിലേക്ക് പോവുകയായിരുന്നു. മാവൂര്‍ റോഡ് രാജാജി റോഡ്, പാവമണി റോഡ് വഴി ചുറ്റി വന്ന പ്രകടനം കടന്ന് പോകുന്നത് വരെ 10 മിനിറ്റ് സമയത്തേക്ക് പാവമണി റോഡിലൂടെ വാഹനങ്ങള്‍ പോയില്ല.
ഈ സമയം മൊഫ്യൂസല്‍ സ്റ്റാന്റില്‍ നിന്നും സര്‍വീസ് ആരംഭിച്ച ബസുകള്‍ എരഞ്ഞിപ്പാലം ബൈപ്പാസിലൂടെ സര്‍വീസ് നടത്തി.