ഉത്തേജക പാനീയങ്ങള്‍ നിരോധിക്കണം

Posted on: July 22, 2015 4:55 am | Last updated: July 21, 2015 at 9:07 pm

മാരകമായ രാസപദാര്‍ഥങ്ങള്‍ അടങ്ങിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ബഹുരാഷ്ട്ര കുത്തകയായ നെസ്‌ലെയുടെ മാഗി ന്യൂഡില്‍സിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തുകയുണ്ടായി. എന്നാല്‍ ഇതുപോലെ തന്നെ, ഒരുപക്ഷേ ഇതിലുപരി മാരകമായ പല ബഹുരാഷ്ട്ര കമ്പനി ഉത്പന്നങ്ങളും ഇപ്പോഴും നമ്മുടെ വിപണികളില്‍ യഥേഷ്ടം വിറ്റഴിക്കപ്പെടുന്നുണ്ട്. ഇവയില്‍ മുഖ്യമാണ് ആകര്‍ഷകമായ കുപ്പികളിലായി വിറ്റഴിക്കുന്ന ഉത്തേജക പാനീയങ്ങള്‍. ഇവയെക്കുറിച്ചു മുമ്പ് പല പഠനങ്ങളും നടത്തുകയും ആരോഗ്യത്തെ കാര്‍ന്നുതിന്നുന്ന പല രാസവസ്തുക്കളും അടങ്ങിയിട്ടുണ്ടെന്ന് തെളിഞ്ഞതുമാണ്. ഇത്തരം കൃത്രിമ പാനീയങ്ങളുടെ ഉപയോഗം മൂലം വര്‍ഷത്തില്‍ ഒരു ലക്ഷത്തിഎണ്‍പത്തിനാലായിരം പേര്‍ മരണപ്പെടുന്നുവെന്നാണ് ഈയിടെ ബോസ്റ്റണിലെ തഫ്റ്റ് യുനിവേഴ്‌സിറ്റിയിലെ ഡോ. ദാരിയൂഷ് മൊസാഫാറിയന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റെ പഠനത്തില്‍ കണ്ടെത്തിയത്. ഇവയുടെ നിരന്തര ഉപയോഗത്തെ തുടര്‍ന്ന് 2010ല്‍ പ്രമേഹബാധിതരായി 1,3,000 പേരും ഹൃദയസംബന്ധ രോഗങ്ങള്‍ പിടിപെട്ട് 45,000 പേരും ക്യാന്‍സര്‍ ബാധിതരായി 6450 പേരും മരിതച്ചതായി ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓസ്‌ട്രേലിയയിലെ അഡലൈഡ് സര്‍വകലാശാല, റോയല്‍ അഡലൈഡ് ആശുപത്രി, കാര്‍ഡിയോ വാസ്‌കുലര്‍ റിസര്‍ച്ച് സെന്റര്‍ എന്നിവിടങ്ങളിലെ ഗവേഷകര്‍ ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം നടത്തിയ പഠനം കാണിക്കുന്നത് ഉത്തേജക പാനീയങ്ങളുടെ ഉപയോഗം രക്തസമ്മര്‍ദം ഉയര്‍ത്തുകയും രക്തപ്രവാഹം മന്ദഗതിയിലാക്കുകയും രക്ത ധമനികളുടെ പ്രവര്‍ത്തനം തകരാറിലാക്കുകയും ചെയ്യുമെന്നാണ.് സ്ഥിരമായി ഉപയോഗിക്കണമെന്നില്ല. ഒരൊറ്റ എനര്‍ജി ഡ്രിങ്ക് കഴിക്കുന്നതിലൂടെ തന്നെ ഹൃദയാരോഗ്യം തകിടം മറിഞ്ഞേക്കാമെന്നും നല്ല ആരോഗ്യമുള്ളവരില്‍ പോലും ഇവ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നുമാണ് ഗവേഷക സംഘത്തെ നയിച്ച ഡോ. സ്‌കോട്ട് വില്ലോബി മുന്നറിയിപ്പ് നല്‍കുന്നത്. അമേരിക്കല്‍ ജേര്‍ണല്‍ ഓഫ് മെഡിസിനില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്തരം പാനീയങ്ങളുടെ ഉപയോഗം കുറക്കണമെന്ന് ഓസ്‌ട്രേലിയ മെഡിക്കല്‍ അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ബ്രിട്ടനില്‍ കുട്ടികള്‍ക്ക് കുപ്പിപ്പാനീയങ്ങളുടെ വില്‍പ്പന നിരോധിച്ചിരിക്കുകയാണ്. അമേരിക്ക കേന്ദമാക്കി പ്രവര്‍ത്തിക്കുന്ന മയോക്ലിനിക്ക് നടത്തിയ പഠനത്തിലെ വിവരങ്ങളും മേല്‍ നിഗമനങ്ങള്‍ സ്ഥിരീകരിക്കുന്നു.
ഇത്തരം റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹരജി പരിഗണിക്കവെ, ശീതളപാനീയങ്ങള്‍ ഇടക്കിടെ പരിശോധിക്കണമെന്ന് കേന്ദ്ര ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് 2013 ഒക്‌ടോബറില്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഉത്തേജക പാനീയങ്ങളിലെ ചേരുവകളെന്തെന്ന് പരിശോധിക്കണമെന്നും കുട്ടികളെ ലക്ഷ്യമാക്കി കമ്പനികള്‍ നടത്തുന്ന പരസ്യങ്ങള്‍ നിരോധിക്കണെന്നും ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍, ജസ്റ്റിസ് എ കെ സിക്രി എന്നിവരടങ്ങുന്ന ബഞ്ച് ഉത്തരവിടുകയുമുണ്ടായി. ഇതടിസ്ഥാനത്തില്‍ നടന്ന പരിശോധനയില്‍ വയറിലെ ക്യാന്‍സര്‍ ബാധക്ക് കാരണമാകുന്ന രാസവസ്തുക്കള്‍ അടങ്ങിയതായി തെളിഞ്ഞ മൂന്നൂറിലധികം ശീതള പാനീയങ്ങള്‍ നിരോധിക്കാന്‍ കേന്ദ്ര ഭക്ഷ്യസുരക്ഷാ വിഭാഗം സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. പാനീയങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാനും വില്‍പ്പന നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്താനുമായിരുന്നു നിര്‍ദേശം. എന്നാല്‍ ഇവയില്‍ ബഹുഭൂരിഭാഗവും അന്തര്‍ദേശീയ കമ്പനികളുടെ ഉത്പന്നങ്ങളായതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ നിര്‍ദേശം നടപ്പിലാക്കാന്‍ വിമുഖത കാണിക്കുകയാണ്.
കോര്‍പറേറ്റുകള്‍ക്കും വമ്പന്മാര്‍ക്കുമെതിരെ നടപടി സ്വീകരിക്കാന്‍ നമ്മുെട ഭരണകൂടങ്ങള്‍ക്ക് പൊതുവെ വിമുഖതയാണ്. കമ്പനികള്‍ വിലക്കെടുക്കുന്ന ഉദ്യോഗസ്ഥ ലോബിയാണല്ലോ സര്‍ക്കാറിന് ഉപദേശവും നിര്‍ദേശവും നല്‍കുന്നത്. ജനങ്ങള്‍ വിഷാംശം അടങ്ങിയ പാനീയങ്ങള്‍ കുടിച്ചു മരിച്ചാലും തരക്കേടില്ല, കുത്തകകളുടെ അപ്രീതി സമ്പാദിക്കാന്‍ അവര്‍ക്കാകില്ല. ഇവരെ ബഹുരാഷ്ട്ര കുത്തകകളുടെ സ്വാധീനവലയത്തില്‍ നിന്ന് മുക്തമാക്കി നിരോധം നടപ്പിലാക്കുന്നതിന് ബഹുജന സമ്മര്‍ദം ശക്തമാക്കേണ്ടതുണ്ട്. ഇതോടൊപ്പം അപകടകരമായ ഉത്തേജക പാനീയങ്ങള്‍ ഉപയോഗിക്കുകയില്ലെന്ന് പ്രതിജ്ഞയെടുക്കുകയും വേണം. അമേരിക്കയുടെ ഇറാന്‍ അധിനിവേശ കാലത്ത് ബഹുരാഷ്ട കുത്തകകള്‍ക്കെതിരെ നടന്ന ക്യാമ്പയിനിന്റെ ഭാഗമായി രാജ്യത്തുടനീളം പാനീയങ്ങളുള്‍പ്പെടെ അവരുടെ ഉത്പന്നങ്ങള്‍ക്ക് പ്രഖ്യാപിച്ച ബഹിഷ്‌കരണം വന്‍ വിജയമായിരുന്നു. പാശ്ചാത്യ ശക്തികളുടെ അധിനിവേശത്തിനെതിരായ പ്രതിഷേധമായിരുന്നു അന്നത്തെ ബഹിഷ്‌കരണത്തിന് നിദാനമെങ്കില്‍, ഇന്നിപ്പോള്‍ നമ്മുടെയും പുതുതലമുറയുടെയും ജീവന്‍ രക്ഷിക്കാനാണ് ശക്തമായ ക്യാമ്പയിനും ബഹിഷ്‌കരണവും അനിവാര്യമായി വന്നിരിക്കുന്നത്. പകരം ഇളനീര്‍, പഴവര്‍ഗ സത്തുകള്‍ പോലുള്ള പ്രകൃതിദത്തവും പോഷക ഗുണങ്ങളടങ്ങിയതുമായ പാനീയങ്ങളിലേക്ക് മടങ്ങാം നമുക്ക്.