Connect with us

Kerala

ബാര്‍ കോഴ: കെ ബാബുവിനെതിരെ കേസില്ല

Published

|

Last Updated

തിരുവനന്തപുരം: ബാര്‍കോഴ ആരോപണത്തില്‍ മന്ത്രി കെ ബാബുവിനെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ സംഘം നല്‍കിയ ക്വിക്ക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ അംഗീകരിച്ചു. സാക്ഷിമൊഴികളില്‍ പൊരുത്തക്കേടുണ്ടെന്നും മതിയായ തെളിവുകളുടെ അഭാവത്തില്‍ ബാബുവിനെതിരെ കേസെടുക്കേണ്ടെന്നും വിജിലന്‍സ് തീരുമാനിച്ചു. എസ് പി. കെ എം ആന്റണിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ബാര്‍ ലൈസന്‍സിനും ലൈസന്‍സ് ഫീസിന് ഇളവ് നല്‍കുന്നതിനുമായി മന്ത്രി കെ ബാബുവിന് പത്ത് കോടി നല്‍കിയെന്ന ബിജു രമേശിന്റെ ആരോപണത്തെ തുടര്‍ന്ന് വിജിലന്‍സ് എറണാകുളം ഡി വൈ എസ് പി. എം എന്‍ രമേശിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ആരോപണം ഉന്നയിച്ച ബിജു രമേശ്, ബാറുടമ റസീഫ്, ബാര്‍ ഹോട്ടല്‍ ഉടമ അസോസിയേഷന്‍ ഭാരവാഹികള്‍, മന്ത്രി കെ ബാബു എന്നിവരില്‍ നിന്ന് അന്വേഷണസംഘം മൊഴിയെടുത്തിരുന്നു. ഇതില്‍ ബിജു രമേശും റസീഫും മാത്രമാണ് ബാബുവിനെതിരെ മൊഴി നല്‍കിയത്.
ബാര്‍ ഉടമകളില്‍ നിന്ന് കെ ബാബു കോഴ കൈപ്പറ്റിയെന്ന് ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയായ ബിജു രമേശ് മജിസ്‌ട്രേറ്റ് മുമ്പാകെ നല്‍കിയ രഹസ്യ മൊഴിയില്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് ഇതേക്കുറിച്ച് ത്വരിത അന്വേഷണം നടത്താന്‍ എറണാകുളം വിജിലന്‍സ് എസ് പിയെ ഡയറക്ടര്‍ ചുമതലപ്പെടുത്തി. എന്നാല്‍, രഹസ്യമൊഴിയില്‍ പറയാത്ത കാര്യങ്ങള്‍ കൂടി അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ബിജു പറഞ്ഞു. താന്‍ നേരിട്ട് അമ്പത് ലക്ഷം രൂപ നല്‍കിയെന്നും ദൃക്‌സാക്ഷികളുണ്ടെന്നുമായിരുന്നു ബിജു മൊഴി നല്‍കിയത്.
എന്നാല്‍, പണം കൈമാറിയതിനോ കൈപ്പറ്റിയതിനോ വ്യക്തമായ തെളിവില്ലെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. രണ്ട് സാക്ഷികള്‍ കേസില്‍ താത്പര്യമുള്ളവരാണെന്നും എങ്കിലും അവരുടെ മൊഴിയും ബിജുവിന്റെ മൊഴിയും തമ്മില്‍ വൈരുധ്യമുണ്ടെന്നും എസ് പി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മറ്റു സാക്ഷികള്‍ തങ്ങള്‍ മന്ത്രി ബാബുവിനു പണം നല്‍കിയിട്ടില്ലെന്നും പറഞ്ഞു. ഈ സാഹചര്യത്തില്‍ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ കേസ് എടുക്കാന്‍ തെളിവില്ലെന്നും ഡയറക്ടര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും അനുകൂലമായതിനാല്‍ മന്ത്രിയെ പൂര്‍ണമായും കുറ്റവിമുക്തനാക്കിയുള്ള റിപ്പോര്‍ട്ടാണ് സംഘം സമര്‍പ്പിച്ചത്. ബിജു രമേശ് വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നാണ് ആരോപണം ഉന്നയിച്ചതെന്നായിരുന്നു മന്ത്രിയുടെ മൊഴി. ഒന്നര മാസം മുമ്പാണ് ഈ റിപ്പോര്‍ട്ട് നല്‍കിയതെങ്കിലും എസ് പിയുടെ റിപ്പോര്‍ട്ട് ഡയറക്ടര്‍ അംഗീകരിച്ച് അന്വേഷണം അവസാനിപ്പിക്കാന്‍ ഉത്തരവിട്ടത് കഴിഞ്ഞ ദിവസമാണ്.