റമസാനില്‍ ശീഷവലിക്കാന്‍ സൗകര്യം ചെയ്ത 33 കഫേകള്‍ അടപ്പിച്ചു

Posted on: July 21, 2015 6:39 pm | Last updated: July 21, 2015 at 6:39 pm

2386453157ദുബൈ: റമസാനില്‍ നിയമം ലംഘിച്ച് ശീഷവലിക്കാന്‍ സൗകര്യം ചെയ്തുകൊടുത്ത 33 സ്ഥാപനങ്ങള്‍ ദുബൈ നഗരസഭാ അധികൃതര്‍ അടപ്പിച്ചു. സ്ഥാപനത്തിനകത്ത് പ്രത്യേകം അടച്ചിട്ട കാബിനുകളിലിരുന്ന് ശീഷവലിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യം ചെയ്തുകൊടുത്ത സ്ഥാപനങ്ങളാണ് നഗരസഭ അടപ്പിച്ചത്.
നഗരസഭയുടെ കീഴിലെ പൊതുജനാരോഗ്യ വിഭാഗത്തിലെ പുകയില വിരുദ്ധ നിയമത്തിന്റെ ഭാഗമായാണ് സ്ഥാപനങ്ങള്‍ അടപ്പിച്ചത്. മറ്റു നിയമലംഘനങ്ങള്‍ നടത്തിയ നിരവധി സ്ഥാപനങ്ങള്‍ക്ക് നഗരസഭ നോട്ടീസ് നല്‍കുകയും പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. റമസാനില്‍ മാത്രം നിയമലംഘനത്തിന് നഗരസഭ വിവിധയിടങ്ങളിലെ സ്ഥാപനങ്ങള്‍ക്ക് ചുമത്തിയ പിഴ ഏഴ് ലക്ഷം ദിര്‍ഹം കവിയുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു.
റമസാനില്‍ നഗരത്തിലെ കഫേകളില്‍ നടക്കുന്ന രാത്രി സദസ്സുകളില്‍ നിയമലംഘനമുണ്ടായേക്കുമെന്ന ധാരണയുടെ അടിസ്ഥാനത്തില്‍ പൊതുജനാരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ നടത്തിയ വ്യാപക പരിശോധനയിലാണ് നിരവധി സ്ഥാപനങ്ങള്‍ പിടിക്കപ്പെട്ടത്. നഗരസഭയുടെ അനുമതിയില്ലാതെ ശീഷ സര്‍വീസുകള്‍ നടത്തിയതിനാണ് സ്ഥാപനങ്ങളധികവും നടപടി നേരിട്ടത്. 18 വയസില്‍ താഴെ പ്രായമുള്ള കുട്ടികളോടൊപ്പമെത്തിയ കുടുംബങ്ങളിലെ മുതിര്‍ന്നവര്‍ കുട്ടികള്‍ക്കൊപ്പമിരുന്ന് ശീഷവലിക്കാന്‍ സൗകര്യം ചെയ്തുകൊടുത്തതിനും ചില സ്ഥാപനങ്ങള്‍ പിടിക്കപ്പെട്ടു.
നഗരസഭയുടെ നിയമമനുസരിച്ച് തുറസ്സായ സ്ഥലങ്ങളില്‍ മാത്രമേ ശീഷ വലിക്കാന്‍ സൗകര്യം ചെയ്യാവൂ. വായു സഞ്ചാരമില്ലാത്ത ഇത്തരം കാബിനുകളിലും അടച്ചിട്ട മുറികളിലും പുകവലിക്കുന്നതും നിയമവിരുദ്ധമാണ്. 18 വയസ്സില്‍ താഴെയുള്ള കുട്ടികളെ ശീശവലിക്കുന്ന സ്ഥലങ്ങളിലേക്ക് ഒരുകാരണവശാലും പ്രവേശിപ്പിക്കരുതെന്ന് നഗരസഭയുടെ കര്‍ശന നിയമം നേരത്തെ സ്ഥാപന ഉടമകളെ അറിയിച്ചതാണ്.
ഇതിന്റെ ഭാഗമായി 18ല്‍ താഴെയുള്ളവര്‍ക്ക് പ്രവേശനമില്ലെന്ന് അറബിയിലും ഇംഗ്ലീഷിലുമുള്ള നോട്ടീസ് സ്ഥാപനത്തില്‍ ഒറ്റനോട്ടത്തില്‍ കാണുന്നസ്ഥലത്ത് തന്നെ പതിച്ചിരിക്കണമെന്നതും കര്‍ശന നിയമമാണ്. ഈ നിയമം മാനിക്കാതിരുന്ന വിവിധ സ്ഥാപനങ്ങളില്‍ നിന്ന് ഒരു ലക്ഷം ദീര്‍ഹമാണ് നഗരസഭ പിഴ ഇനത്തില്‍ ഈ റമസാനില്‍ ഈടാക്കിയത്.