യു എസ് വ്യോമാക്രമണത്തില്‍ 14 അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു

Posted on: July 21, 2015 11:31 am | Last updated: July 21, 2015 at 11:38 am

3000

കാബൂള്‍: തെക്കന്‍ കാബൂളില്‍ അമേരിക്കന്‍ വ്യോമ സേന നടത്തിയ ആക്രമണത്തില്‍ 14 അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. സൈനിക ചെക് പോയിന്റിന് നേരെ ഇന്നലെ രാവിലെയാണ് വ്യോമാക്രമണം നടന്നത്. താലിബാന്‍ ഭീഷണി നേരിടുന്ന പ്രദേശമാണ് ഇതെന്നാണ് അമേരിക്ക പറയുന്നത്.
ലോഗാര്‍ പ്രവിശ്യയിലെ ബരാകി ബരാക് ജില്ലയിലെ സൈനിക ചെക് പോയിന്റിന് നേരെ രണ്ട് യു എസ് ഹെലികോപ്റ്ററുകള്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് ജില്ലാ ഗവര്‍ണര്‍ മുഹമ്മദ് റഹീം അമീന്‍ എ എഫ് പിയോട് പറഞ്ഞു. വ്യോമാക്രമണം നടന്ന ഉടനെ ചെക് പോയിന്റിന് തീപിടിക്കുകയും 14 സൈനികര്‍ കൊല്ലപ്പെടുകയുമായിരുന്നു. അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെടാനിടയായ യു എസ് വ്യോമാക്രമണം ശ്രദ്ധയില്‍പ്പെട്ടതായും സംഭവത്തെ കുറിച്ച് അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും യു എസ് സൈന്യത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. മരണ സംഖ്യ ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ആക്രമണത്തിനിരയായ പ്രദേശം ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുള്ള പ്രദേശമായിരുന്നില്ലെന്നാണ് വിവരം. ആക്രമണം നടക്കുന്ന സമയത്ത് ബരാകി ബരാകില്‍ അഫ്ഗാന്‍ സൈന്യത്തിന്റെ പതാക പാറിക്കളിച്ചിരുന്നതായി ഗവര്‍ണറുടെ വക്താവ് ദിന്‍ മുഹമ്മദ് ദര്‍വേശ് പറഞ്ഞു.
13 വര്‍ഷമായി അഫ്ഗാനില്‍ യു എസ് നടത്തുന്ന അധിനിവേശങ്ങള്‍ക്കിടെ സാധാരണക്കാരായ ആയിരങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ അബദ്ധം എന്ന് ചൂണ്ടിക്കാട്ടി അമേരിക്കന്‍ സൈന്യം പലപ്പോഴും ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷപ്പെടുകയാണ് പതിവ്. കഴിഞ്ഞ ഡിസംബറില്‍ ഇതേ ജില്ലയില്‍ നാറ്റോ സൈന്യം നടത്തിയ മറ്റൊരു വ്യോമാക്രമണത്തില്‍ അഞ്ച് സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. നാറ്റോ സൈന്യം കഴിഞ്ഞ വര്‍ഷം ഡിസംബറോടെ അഫ്ഗാന്‍ ദൗത്യത്തിന് അന്ത്യം കുറിച്ചിരുന്നു. എന്നാല്‍ അഫ്ഗാന്‍ സൈന്യത്തിന് പരിശീലനം നല്‍കാനെന്ന പേരില്‍ ഇപ്പോഴും നാറ്റോ സൈന്യത്തിലെ ഒരു വിഭാഗം അഫ്ഗാനിലുണ്ട്.