Wayanad
പഴമക്കാരുടെ ഔഷധക്കൂട്ട് ഓര്‍മയായി; വിപണിയില്‍ വിവിധ കമ്പനികളുടെ ഔഷധ കഞ്ഞിക്കൂട്ടുകള്‍
 
		
      																					
              
              
            കല്‍പ്പറ്റ: പഴമക്കാര്‍ അതീവശുദ്ധിയോടെ വീടുകളില്‍ തയാറാക്കിയിരുന്ന ഔഷധക്കൂട്ടുകള്‍ കാലം മാറിയപ്പോള്‍ കമ്പനികള്‍ പായ്ക്കറ്റുകളിലാക്കി വിപണിയില്‍.
കര്‍ക്കിടകം ആയതോടെ ആരോഗ്യം വീണ്ടെടുക്കാനും ശാരീരികബലം വര്‍ധിപ്പിക്കുന്നതിനുമായി വിവിധതരം ഔഷധകഞ്ഞിക്കൂട്ടുകള്‍ വിപണികളില്‍ സുലഭമായി. എത്തിച്ചിരിക്കുന്നത്. ഇവയുടെ ചേരുവയിലും ഔഷധ ഗുണത്തിലും സംശയങ്ങളുണ്ടെങ്കിലും മലയാളിക്ക് പായ്ക്കറ്റുകളെ ആശ്രയിക്കാതെ മാര്‍ഗമില്ല. അണുകുടുംബമായതോടെ ഔഷധക്കൂട്ട് നിര്‍മിക്കാന്‍ കാരണവന്‍മാരുടെ സേവനം ഇല്ലാതായി. പണ്ട് തൊടികളില്‍ സുലഭമായിരുന്ന ഔഷധച്ചെടികളിപ്പോള്‍ കണികാണാനില്ല. കീടനാശിനി, കളനാശിനി പ്രയോഗത്തില്‍ ഔഷധച്ചെടികളുടെ മൂലവേരുപോലും ഇല്ലാതായി ക്കഴിഞ്ഞു. തന്‍മൂലം ഓട്ടപ്പാച്ചലിനിടയില്‍ കമ്പനികളുടെ പായ്ക്കറ്റ് കൂട്ടുകള്‍ തന്നെ മലയാളികള്‍ക്ക് ആശ്രയം.പ്രമുഖ ആയുര്‍വേദ കമ്പനികളെല്ലാം തന്നെ ഔഷധ കഞ്ഞിക്കൂട്ടുകള്‍ ഒരു മാസം മുമ്പേ തയ്യാറാക്കി വിപണിയില്‍ എത്തിച്ചിട്ടുണ്ട്.
പ്രാദേശിക വൈദ്യശാലകള്‍ സ്വന്തം നിലയിലും കഞ്ഞിക്കൂട്ടുകള്‍ വില്‍പനക്ക് തയ്യാറാക്കിയിട്ടുണ്ട്. കര്‍ക്കിടക മാസത്തില്‍ മലയാളികള്‍ ആരോഗ്യപരിപാലനത്തില്‍ പുലര്‍ത്തിപ്പോരുന്ന ചിട്ടവട്ടങ്ങളുടെ ഭാഗമാണ് ഔഷധ കഞ്ഞി സേവ. നല്ല മഴയുള്ളപ്പോഴാണ് ഔഷധ സേവ നടത്തേണ്ടത്. കഴിഞ്ഞവര്‍ഷത്തെക്കാള്‍ വിലക്കൂടുതലാണ് ഇത്തവണ ഔഷധക്കഞ്ഞി കിറ്റുകള്‍ക്ക്. ഒരു കിലോ കഞ്ഞിക്കൂട്ടിന് ഇത്തവണ 100 മുതല്‍ 160 വരെയാണ് വില. കഴിഞ്ഞ വര്‍ഷം 130 മുതല്‍ 200 രൂപവരെയായിരുന്നു. ദാരിദ്ര്യം വയറിനെ മഥിക്കുന്ന കര്‍ക്കിടക നാളുകളില്‍ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന ഈര്‍പ്പത്തിന്റെ സ്വാധീനത്താല്‍ ആരോഗ്യവും പ്രതിരോധ ശേഷിയും ക്ഷയിക്കുമെന്നാണ് വൈദ്യമതം. ഇതിനെ പ്രതിരോധിക്കുവാനും ആരോഗ്യം നിലനിര്‍ത്താനുമാണ് ഔഷധ സേവ നടത്തുന്നത്. കര്‍ക്കിടക മാസത്തില്‍ പഴമക്കാരുടെ ശീലമായിരുന്നു ഔഷധ സേവ. ഔഷധസമ്പുഷ്ടമായ പച്ചമരുന്നുകള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന കഞ്ഞികൊണ്ട് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ശരീരത്തിനുണ്ടായ പ്രതിലോമകരമായ ക്ഷതങ്ങള്‍ പരിഹരിക്കുകയാണ് ഔഷധ സേവയുടെ ഉദേശം. മുപ്പതോളം ആയുര്‍വേദ ഔഷധങ്ങളാണ് ഔഷധ കഞ്ഞികൂട്ടിലുണ്ടാവുക. ഞവര അരിയാണ് കഞ്ഞിക്കായി ഉപയോഗിക്കുന്നത്. ദശ പുഷ്പങ്ങള്‍ എന്നറിയപ്പെടുന്ന വിഷ്ണു ക്രാന്തി (കൃഷ്ണ ക്രാന്തി), ചെറുകറുക, മുയല്‍ചെവിയന്‍ (ഒരിചെവിയന്‍), തിരുതാളി, ചെറുള, നിലപ്പന(നെല്‍പാത), കയ്യോന്നി (കൈതോന്നി, കയ്യുണ്ണി), പൂവാംകുറുന്തല്‍, മുക്കുറ്റി, ഉഴിഞ്ഞ എന്നിവയും കീഴാര്‍നെല്ലി, ചെറുകടലാടി, കക്കും കായ, ഉലുവ, കരിങ്കുറിഞ്ഞി, അരിയാറ്, ജീരകം, അയമോദകം, ചുക്ക്, ആശാളി എന്നീ ഔഷധങ്ങളും തഴുതാമ, കുറുന്തോട്ടി, പൂവാംകുറുന്നില, ചെറൂള, പുത്തരിചുണ്ട എന്നിവയുടെ വേരുകളുമാണ് പ്രധാനമായും ഉപയോഗിക്കുന്ന ഔഷധങ്ങള്‍. കുത്തിയെടുത്ത പൊടിയരി, ഗോതമ്പ്, പച്ചരി, ചെറുപയറ് തുടങ്ങിയ ധാന്യങ്ങള്‍ ഒറ്റയ്‌ക്കോ കൂട്ടായോ കഞ്ഞിവെച്ച് അതില്‍ ആവശ്യത്തിന് ഔഷധക്കൂട്ട് ചേര്‍ത്ത് ഉപയോഗിക്കുന്ന പതിവുമുണ്ട്.
പശുവിന്‍ പാലോ തേങ്ങാപ്പാലോ ചേര്‍ത്തും ചുവന്ന ഉള്ളി, ജീരകം എന്നിവ നെയ്യില്‍ മൂപ്പിച്ചെടുത്ത് കഞ്ഞിയില്‍ ചേര്‍ത്തും പ്രാദേശികമായി ഉപയോഗിക്കുന്നുണ്ട്. ഏഴുദിവസമങ്കിലും ഈ കഞ്ഞി കുടിച്ചങ്കില്‍ മാത്രമേ ശരിയായ ഫലം കിട്ടൂ എന്നാണ് ആചാര്യന്മാരുടെ മതം. ചിങ്ങംംമുക്കുറ്റി, കന്നികീഴാര്‍നെല്ലി, തുലാംംചെറൂള, വൃശ്ചികംംതഴുതാമ, ധനുുമുയല്‍ചെവിയന്‍, മകരംം കുറുന്തോട്ടി, കുംഭംംചെറുകറുക, മീനംംചെറുകടലാടി, മേടംംപൂവാംകുറുന്നില, ഇടവംംകക്കും കായ, മിഥുനംം ഉലുവ, കര്‍ക്കടകംംആശാളി എന്നിങ്ങനെയാണ് ഓരോ മാസത്തിനുമുള്ള ഔഷധങ്ങള്‍.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          