Connect with us

Malappuram

പെരിന്തല്‍മണ്ണ നഗരസഭാ ബസ് സ്റ്റാന്‍ഡ്; തറക്കല്ലിടല്‍ അടുത്ത മാസം രണ്ടിന്

Published

|

Last Updated

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭ നിര്‍മിക്കാനിരിക്കുന്ന മൂന്നാമത് ഹൈടെക് ബസ് സ്റ്റാന്‍ഡ് നിര്‍മാണവുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. ബസ് സ്റ്റാന്‍ഡിന്റെ തറക്കല്ലിടല്‍ അടുത്ത മാസം രണ്ടിന് നടക്കും.
നിര്‍മാണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത് ഏറണാകുളത്തെ സേവ്യര്‍ ആന്‍ഡ് സണ്‍സിനാണ്. ടെന്‍ഡറിന് അടുത്ത് ചേരാനിരിക്കുന്ന കൗണ്‍സിലില്‍ വെച്ച് തീരുമാനിക്കും. 9.60 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തിന് പെരിന്തല്‍മണ്ണ അര്‍ബന്‍ ബേങ്കാണ് 10 കോടി രൂപ വായ്പയായി നല്‍കുന്നത്. നേരത്തെ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഹൈടെക് ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സിന്റെ സ്ഥല വിസ്തീര്‍ണം കണക്കാക്കി മുന്‍കൂര്‍ ലേല വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി പണം കണ്ടെത്തുവാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ തീരുമാനം മാറ്റി ബേങ്കുകളില്‍ നിന്നും വായ്പയെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തിന് നഗരസഭ ഫ്രീ ക്വാളിഫിക്കേഷന്‍ ടെന്‍ഡര്‍ ആയിരുന്നു വിളിച്ചിരുന്നത്. ടെന്‍ഡറുകളില്‍ അഞ്ചുപേര്‍ പങ്കെടുത്തിരുന്നെങ്കിലും രണ്ടുപേരാണ് അര്‍ഹത നേടിയത്. ഇതില്‍ തിരുവനന്തപുരത്തെ അബ്ദുല്‍ വഹാബ് 2.7 ശതമാനം കുറച്ചും എറണാകുളത്തെ സേവ്യര്‍ ആന്റ് സണ്‍സ് 5.1 ശതമാനം കുറച്ചുമാണ് ടെന്‍ഡര്‍ നല്‍കിയിരുന്നത്. ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്‌സില്‍ 50 ബസുകള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്തു യാത്രക്കാരെ കയറ്റി ഇറക്കാനുള്ള പാര്‍ക്കിംഗ് യാര്‍ഡ്, പൊതുജനങ്ങള്‍ക്ക് ബസ് കാത്തിരിക്കുന്നതിന് സൗകര്യപ്രദമായും ആവശ്യമായ ഇരിപ്പിടത്തോടുകൂടിയുള്ള കാത്തിരിപ്പ് കേന്ദ്രം. വിശ്രമ മുറികള്‍, ടോയ്‌ലറ്റ്, ഡോര്‍മെറ്ററി, താമസ സൗകര്യം, ടെലഫോണ്‍, എ ടി എം സംവിധാനങ്ങള്‍, വ്യാപര ഭക്ഷണ ശാലകള്‍, മാര്‍ട്ടി ഫഌക്‌സ് തീയേറ്റര്‍, ഓഡിറ്റോറിയം, ഓഫീസ് മുറികള്‍ തുടങ്ങിയ എല്ലാ ആധുനിക സൗകര്യങ്ങളും വിഭാവനം ചെയ്തിട്ടുണ്ട്. ഒരു അത്യാധുനിക വ്യാപാര സമുച്ഛയമാണ് നഗരസഭ ആഗ്രഹിക്കുന്നത്. ഇതില്‍ ബസ് സ്റ്റാന്‍ഡിന്റെ ഒന്നാമത്തെ നിലയും ബസുകള്‍ നിര്‍ത്തിയിടാനുള്ള പാര്‍ക്കിംഗ് യാര്‍ഡുമാണ് ആദ്യഘട്ടമെന്ന നിലയില്‍ പൂര്‍ത്തിയാവുക. പെരിന്തല്‍മണ്ണ നഗരസഭ ഓഫീസ് കെട്ടിടത്തിന്റെ പിറക് വശത്തെ നഗരസഭക്ക് സൗജന്യമായി ലഭിച്ച സ്ഥലത്താണ് ബസ് സ്റ്റാന്‍ഡ് ഉയരുന്നത്. ബസ് സ്റ്റാന്‍ഡിലേക്കുള്ള മൂന്ന് റോഡുകളുടെ ടെന്‍ഡര്‍ നടപടികള്‍ നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു.

Latest