വാസു ഒളിവില്‍ കഴിഞ്ഞത് മലയാളിയുടെ ഫാം ഹൗസില്‍; ആത്മഹത്യക്കുറിപ്പു ലഭിച്ചു

Posted on: July 20, 2015 1:16 pm | Last updated: July 22, 2015 at 12:14 am

aikara

മുംബൈ: ആനവേട്ടക്കേസിലെ മുഖ്യപ്രതി ഐക്കരമറ്റം വാസുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത് മലയാളിയുടെ ഫാം ഹൗസില്‍. മഹാരാഷ്ട്രയിലെ ഡോഡാമാര്‍ഗിലെ മൂവാറ്റുപുഴ സ്വദേശിയുടെ ഫാം ഹൗസിലാണ് ശനിയാഴ്ച രാത്രി വാസുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂവാറ്റുപുഴ സ്വദേശിയായ ഫാം ഹൗസ് ഉടമ തിരിച്ചറിഞ്ഞതോടെയാണ് വാസു ആത്മഹത്യ ചെയ്തത്. വാസുവിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഫോറസ്റ്റ് കേസ് കാരണം ഞാന്‍ പോവുകയാണെന്നും പെങ്ങളും ഭര്‍ത്താവും മകനും നിരപരാധിയെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു. തന്റെ കുടുംബാംഗങ്ങള്‍ നിരപരാധിയാണ് എന്ന് കത്തില്‍ പറയുന്നുണ്ട്. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് വാസുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൂവാറ്റുപുഴ സ്വദേശിയായ ഫാം ഹൗസ് ഉടമ മനോജ് ലുക്കൗട്ട് നോട്ടീസ് കണ്ട് തിരിച്ചറിഞ്ഞതോടെ വാസു ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഉടമ വാസുവിന് പണം നല്‍കി പറഞ്ഞുവിട്ടിരുന്നു. നാട്ടിലേക്ക് പോവുകയാണ് എന്നാണ് ഇയാള്‍ ഫാമുടമയോട് പറഞ്ഞത്. ഇന്നലെ വൈകിട്ടോടെയാണ് വാസു മരിച്ചതായി വീട്ടുകാര്‍ക്കു വിവരം ലഭിച്ചത്. സംഭവത്തോടനുബന്ധിച്ച് ഫാം ഉടമ മനോജിനെ ഫോറസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കുട്ടമ്പുഴ കൂവപ്പുഴ സ്വദേശിയായ വാസു ഇരുപതോളം ആനകളെ കാട്ടില്‍ കയറി വെടിവെച്ചതായി വിവരം ലഭിച്ചിരുന്നു. ഇയാള്‍ക്കുവേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഐക്കരമറ്റം വാസുവിന്റെ സഹോദരി അംബിക(50), ഭര്‍ത്താവ് പെരിങ്ങഴ അരീക്കാപ്പിള്ളില്‍ ലക്ഷ്മണന്‍(57), ബന്ധുവായ പുന്നയ്ക്കല്‍ സാജുവിന്റെ ഭാര്യ ഷൈജ(45) എന്നിവരെ കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ടി. എസ്. മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം വീടുകളില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ആനവേട്ടക്കേസില്‍ തിരുവനന്തപുരത്തുനിന്നും കൊച്ചിയില്‍ നിന്നുമായി മൊത്തം 16 പേരാണ് ഇതുവരെ അറസ്റ്റിലായത്