Connect with us

Kerala

എല്ലാ ജില്ലകളിലും കെ സി എ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കും

Published

|

Last Updated

കൊല്ലം: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് സംസ്ഥാനമാക്കി മാറ്റാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ കര്‍മ പദ്ധതി തയ്യാറാക്കി. ഇതിന്റെ ഭാഗമായി വിഷന്‍ 20:20ല്‍ ഉള്‍പ്പെടുത്തി എല്ലാ ജില്ലകളിലും സ്വന്തം സ്ഥലത്ത് ക്രിക്കറ്റ് സ്റ്റേഡിയം സ്ഥാപിക്കും. ഇതുകൂടാതെ സെലിബ്രേറ്റിംഗ് എക്‌സലന്‍സ് പദ്ധതി നടപ്പാക്കിവരികയാണ്.
93 ശതമാനത്തിലധികം തുകയണ് ക്രിക്കറ്റിനുവേണ്ടി ഇതിനകം ചെലവഴിച്ചത്. ഇത് മറ്റു സംസ്ഥാനത്തെ അപേക്ഷിച്ച് കൂടുതലാണ്. നിലവില്‍ രാജ്യത്തെ മികച്ച ക്രിക്കറ്റ് സംസ്ഥാനവും കേരളം തന്നെയാണ്. കാസര്‍കോട്ടും തിരുവനന്തപുരത്തിനടുത്ത് മംഗലപുരത്തും ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ നിര്‍മാണ നടപടികള്‍ പുരോഗമിക്കുകയാണ്. കൊല്ലത്ത് എഴുകോണില്‍ അഞ്ച്‌കോടി രൂപ മുടക്കി വാങ്ങിയ പത്ത് ഏക്കര്‍ സ്ഥലത്ത് സ്റ്റേഡിയം നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ടി സി മാത്യു പറഞ്ഞു. ഇടുക്കി ജില്ലയിലും കോഴിക്കോടും സ്റ്റേഡിയം നിര്‍മാണത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള നടപടി തുടങ്ങിയിട്ടുണ്ട്.
തൊടുപുഴയിലെ ക്രിക്കറ്റ് സ്റ്റേഡിയം സ്റ്റേറ്റ് അക്കാദമിയായി ഉയര്‍ത്തും. വിജിലന്‍സ് കേസിലെ വിധി അസോസിയേഷന് പുത്തനുണര്‍വ് പകര്‍ന്നിട്ടുണ്ട്. ക്രിക്കറ്റിനെതിരെ ഒരുവിഭാഗം ഒളിഞ്ഞു തെളിഞ്ഞും നടത്തുന്ന പ്രവര്‍ത്തനം ക്രിക്കറ്റിനെ നന്നാക്കാനല്ല മറിച്ച് കായികലോകത്തിന് നഷ്ടം വരുത്താനാണെന്നും ടി സി മാത്യു പറഞ്ഞു.
കൊല്ലത്തെ ആശ്രാമം മൈതാനം മനോഹരമാക്കി ക്രിക്കറ്റ് കളിക്കാര്‍ക്ക് പ്രയോജനപ്പെടുത്തുന്നതിന് സജ്ജമാക്കാന്‍ അസോസിയേഷന്‍ തയ്യാറാണെന്നും പ്രസിഡന്റ് പറഞ്ഞു. അസോസിയേഷന്റെ ഭാവി പരിപാടികള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ടി സി മാത്യു ഇക്കാര്യങ്ങള്‍ അറിയിച്ചത്.