ഇന്ത്യക്ക് തോല്‍വി; പരമ്പര സമനില

Posted on: July 20, 2015 10:19 am | Last updated: July 20, 2015 at 10:19 am
പുറത്തായ സഞ്ജു പവലിയനിലേക്ക്‌
പുറത്തായ സഞ്ജു പവലിയനിലേക്ക്‌

ഹരാരെ: ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ സിംബാബ്‌വെക്ക് ജയം. മലയാളി താരം സഞ്ജു വി സാംസണ്‍ അരങ്ങേറിയ മത്സരത്തില്‍ പത്ത് റണ്‍സിനാണ് ടീം ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയത്. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പര 1-1ന് സമനിലയിലായി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടപ്പെടുത്തി 135 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
മോശമല്ലാത്ത ടോട്ടല്‍ പിന്തുടര്‍ന്ന ഇന്ത്യക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെട്ടു. ഇന്നിംഗ്‌സിന്റെ മൂന്നാം പന്തില്‍ ഓപണറും ക്യാപ്റ്റനുമായ അജിങ്ക്യ രഹാനെ(4) പുറത്തായി. മുരളി വിജയും(13)ക്ക് മികച്ച തുടക്കം മുതലാക്കാനായില്ല. 25 പന്തില്‍ 42 റോബിന്‍ ഉത്തപ്പ തകര്‍പ്പന്‍ പ്രകടനം നടത്തിയെങ്കിലും ഏഴാം ഓവറില്‍ വില്ല്യംസിന്റെ പന്തില്‍ പുറത്തായി. മനീഷ് പാണ്ഡെ (പൂജ്യം), കേദാര്‍ ജാദവ് (അഞ്ച്) എന്നിവര്‍ വന്നതും പോയതുമറിഞ്ഞില്ല. പിന്നീട് സ്റ്റുവര്‍ട്ട് ബിന്നിയും(23 പന്തില്‍ 24) സഞ്ജു സാംസണും (24 പന്തില്‍ 19) പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെക്കെത്തിക്കാനായില്ല. ഒടുവില്‍ വാലറ്റത്തെയും ചുരുട്ടിക്കൂട്ടി സിംബാബ്‌വെ ഇന്ത്യക്കെതിരെ ആദ്യ ട്വന്റി ട്വന്റി ജയം സ്വന്തമാക്കി. സിംബാബ്‌വെക്ക് വേണ്ടി വേണ്ടി ഗ്രെയിം ക്രിമര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
ചാമു ചിബാബ (67)യുടെ മികച്ച ബാറ്റിംഗാണ് സിംബാബ്‌വെ ഇന്നിംഗ്‌സിന് കരുത്താതയത്. ചിബാബയാണ് മാന്‍ ഓഫ് ദ മാച്ച്. ഇന്ത്യക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍, മോഹിത് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റും സന്ദീപ് ശര്‍മ, സ്റ്റുവര്‍ട്ട് ബിന്നി, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.