സി പി എം നേതാക്കളെ കേസുകളില്‍ പ്രതയാക്കാന്‍ ആസൂത്രിത നീക്കം: കോടിയേരി

Posted on: July 17, 2015 3:30 pm | Last updated: July 19, 2015 at 9:26 am
SHARE

kodiyeri 2തിരുവനന്തപുരം: സി പി എം നേതാക്കളെ കേസില്‍ പ്രതിയാക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുവെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കതിരൂര്‍ മനേജ് വധക്കേസില്‍ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ പ്രതിയാക്കാന്‍ സി ബി ഐയെ ബി ജെ പി ചട്ടുകമാക്കുന്നു. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് വരാനിരിക്കെ പ്രമുഖ നേതാക്കളെ പ്രവര്‍ത്തന രംഗത്ത് നിന്ന് അകറ്റി നിര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

നാല് വര്‍ഷത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട 26 സിപിഎം പ്രവര്‍ത്തകരില്‍ 16 പേരെയും കൊലപ്പെടുത്തിയത് ആര്‍ എസ് എസുകാരാണ്. ഇവയില്‍ ഒരു കേസില്‍ പോലും സി ബി ഐ അന്വേഷണം നടത്തുകയോ യു എ പി എ പോലുള്ള കടുത്ത നിയമങ്ങള്‍ ചുമത്തുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കതിരൂര്‍ മനോജ് വധക്കേസില്‍ സി പി എം നേതാവ് പി ജയരാജന്‍ പ്രതിയായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കോടിയേരിയുടെ പ്രസ്താവന. സി പി എമ്മിന്റെ സംസ്ഥാന നേതാക്കളെ കേസുകളില്‍ പ്രതിയാക്കണമെന്ന വി എം സുധീരന്റെ പ്രസ്താവനയില്‍ ആഭ്യന്തര വകുപ്പിനോടുള്ള അസഹിഷ്ണുതയാണ് നിഴലിക്കുന്നത്. സി പി എമ്മിനുള്ള സുധീരന്റെ കത്ത് ഏല്‍ക്കുന്നത് ആഭ്യന്തര മന്ത്രിക്കാണ്. ചെന്നിത്തലയെ കുത്താന്‍ സുധീരന്‍ സി പി എമ്മിനെ മറയാക്കുന്നു. ആഭ്യന്തര വകുപ്പിനെതിരെ പരാതിയുണ്ടെങ്കില്‍ അക്കാര്യം തുറന്ന് പറഞ്ഞ് മന്ത്രിയെ മാറ്റാന്‍ സുധീരന്‍ തയ്യാറാകണം. തൃശ്ശൂരില്‍ രണ്ട് സി പി എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ കെ പി സി സി പ്രസിഡന്റിനേയും ഡി സി സി പ്രസിഡന്റിനേയും പ്രതിയാക്കാന്‍ കഴിയുമോയെന്നും കോടിയേരി ബാലകൃഷ്ണന്‍ വര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.