രക്ഷാപാക്കേജിന് ഗ്രീക്ക് പാര്‍ലിമെന്റിന്റെ പിന്തുണ

Posted on: July 17, 2015 5:14 am | Last updated: July 16, 2015 at 11:16 pm
SHARE

The head of radical leftist Syriza party Tsipras speaks to supporters after winning the elections in Athensഏഥന്‍സ്: യൂറോപ്യന്‍ യൂനിയന്‍ നിര്‍ദേശിച്ച കടുത്ത പരിഷ്‌കരണ നടപടികള്‍ക്ക് ഗ്രീസ് പാര്‍ലിമെന്റ് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. പുതിയ രക്ഷാപാക്കേജ് രാജ്യത്തെ എങ്ങനെ ബാധിക്കുമെന്ന വിഷയത്തില്‍ ദീര്‍ഘനേരം അംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ച നടന്നിരുന്നു. ഇതിന് ശേഷമാണ് ഇന്നലെ രാവിലെ മുതല്‍ വോട്ടെടുപ്പ് ആരംഭിച്ചത്. 300 അംഗങ്ങളുള്ള പാര്‍ലിമെന്റില്‍ 229 പേരും രക്ഷാപാക്കേജിനെ അനുകൂലിച്ച് വോട്ട് ചെയ്തു. ബാക്കിയുള്ളവരില്‍ ചിലര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. മറ്റു ചില അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. മുന്‍ ധനമന്ത്രി യാനിസ് വറൈഫകിസ്, ഊര്‍ജ മന്ത്രി പനഗോഷ്യസ് ലഫാസനിസ്, ഡെപ്യൂട്ടി ലേബര്‍ മന്ത്രി ദിമ്രിതിസ് സ്ട്രൗടുലിസ് തുടങ്ങിയവര്‍ വിട്ടുനില്‍ക്കുകയോ എതിര്‍ക്കുകയോ ചെയ്തു. വോട്ടെടപ്പിന് മുന്നോടിയായി, രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ച നേരിടാന്‍ എല്ലാവരും അനുകൂലമായി വോട്ട് രേഖപ്പെടുത്തണമെന്ന് ഗ്രീക്ക് പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസ് അഭ്യര്‍ഥിച്ചിരുന്നു. ഐ എം എഫിന് കൊടുത്തുതീര്‍ക്കേണ്ട തുക നല്‍കാനാകാതെ പ്രതിസന്ധിയിലായ ഗ്രീസിന് മൂന്നാം രക്ഷാ പാക്കേജ് യൂറോപ്യന്‍ യൂനിയന്‍ അനുവദിച്ചിരുന്നു. പകരം കടുത്ത പരിഷ്‌കരണ നടപടികള്‍ക്ക് ഗ്രീസ് സന്നദ്ധമാകേണ്ടി വരുമെന്നും നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. ഹിതപരിശോധനയിലൂടെ ഗ്രീക്ക് ജനങ്ങള്‍ തള്ളിയ പല വ്യവസ്ഥകളും അംഗീകരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസ് സമവായ നിര്‍ദേശത്തിന് വഴങ്ങിയത്.
ഗ്രീക്ക് പാര്‍ലിമെന്റിന്റെ അംഗീകാരം ഉണ്ടെങ്കില്‍ മാത്രമാണ് പുതിയ കരാര്‍ നിലവില്‍ വരിക. ഈ സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച വോട്ടെടുപ്പ് നടത്തിയത്. ഗ്രീക്ക് പാര്‍ലിമെന്റിന് പുറമെ യൂറോസോണ്‍ അംഗരാജ്യങ്ങളിലെ പാര്‍ലിമെന്റുകളും ഇതിന് അംഗീകാരം നല്‍കണം.
പുതിയ ധാരണപ്രകാരം ഗ്രീസിന് 8,600 കോടി യൂറോ (9,600 കോടി ഡോളര്‍) ആണ് ലഭിക്കുക. ഇത് മൂന്നാം രക്ഷാ പാക്കേജ് ആയിരിക്കും. ഈ പാക്കേജ് ലഭ്യമാകണമെങ്കില്‍ 5000 കോടി യൂറോയുടെ പൊതുമേഖലാ ഓഹരികള്‍ വിറ്റഴിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടി വരും. റസ്റ്റോറന്റുകള്‍ക്കും കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്കുമടക്കം 23 ശതമാനം ഏകീകൃത വാറ്റ് നിരക്ക് പ്രഖ്യാപിക്കുമെന്നും 2016 ഓടെ പ്രതിരോധ ചെലവില്‍ 300 മില്യണ്‍ യൂറോയുടെ കുറവ് വരുത്തുമെന്നും ഗ്രീക്ക് ടെലികോം ഭീമനായ ഒ ടി ഇയുടെ അവശേഷിക്കുന്ന ഓഹരികളും വിറ്റഴിക്കുമെന്നും പ്രഖ്യാപിക്കുന്ന പുതിയ പ്രൊപ്പോസല്‍ മുന്നോട്ട് വെച്ചതോടെയാണ് യൂറോപ്യന്‍ സെന്‍ട്രല്‍ ബേങ്കും യൂറോപ്യന്‍ കമ്മീഷനും നിര്‍ണായകമായ ചര്‍ച്ചക്ക് തയ്യാറായതും ഇപ്പോഴത്തെ ധാരണ സാധ്യമായതും.