Connect with us

International

ലിബിയന്‍ തുറമുഖത്ത് നിന്ന് 2,700ത്തിലധികം അഭയാര്‍ഥികളെ രക്ഷപ്പെടുത്തിയെന്ന് ഇറ്റലി

Published

|

Last Updated

ട്രിപ്പോളി: ലിബിയന്‍ തുറമുഖത്ത് അകപ്പെട്ടിരുന്ന 2,700ലധികം അഭയാര്‍ഥികളെ രക്ഷപ്പെടുത്തിയതായി ഇറ്റാലിയന്‍ നാവിക സേന. ലിബിയന്‍ തുറമുഖത്തു നിന്ന് 55 കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നാണ് ഇത്രയും പേരെ നാവിക സേന രക്ഷപ്പെടുത്തിയതെന്ന് ഇറ്റാലിയന്‍ നാവിക സേനാ വക്താവ് പറഞ്ഞു. 13 ബോട്ടുകളിലായാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. ഇതുവരെ കടല്‍മാര്‍ഗം യൂറോപ്പിലെത്തിയ അഭയാര്‍ഥികളുടെ എണ്ണം 1,50,000 കവിഞ്ഞു. അഭയാര്‍ഥികളില്‍ കൂടുതല്‍ പേരും എത്തിയിരിക്കുന്നത് ഗ്രീസിലും ഇറ്റലിയിലുമാണെന്ന് അഭയാര്‍ഥികളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഏജന്‍സി ഐ ഒ എം പറഞ്ഞു. രണ്ടായിരത്തിനടുത്ത് ആളുകള്‍ ഇതുവരെ അഭയാര്‍ഥി പ്രവാഹത്തിനിടയില്‍ മെഡിറ്ററേനിയല്‍ കടലില്‍ മുങ്ങിമരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ മരണ നിരക്ക് ഇരട്ടിയാണെന്നും ഐ ഒ എം പറഞ്ഞു. ഓരോ ദിവസവും ശരാശരി ആയിരത്തോളം പേര്‍ ഗ്രീക്കിലെത്തുന്നുണ്ടെന്നും അവര്‍ക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം ആവശ്യമാണെന്നും യു എന്‍ അഭയാര്‍ഥി സംഘടന ചൂണ്ടിക്കാട്ടി.
യുദ്ധങ്ങളും ആഭ്യന്തര സംഘര്‍ഷങ്ങളും രൂക്ഷമായ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ അഭയാര്‍ഥികളും എത്തുന്നത്. ഇതിനിടെ, മനുഷ്യക്കടത്ത് പണം സമ്പാദിക്കാനുള്ള മാര്‍ഗമായി സ്വീകരിച്ചവര്‍ സാഹചര്യം ചൂഷണം ചെയ്യുന്നുണ്ട്.

Latest