സന്ദര്‍ശകരെ സ്വീകരിക്കാന്‍ രാജ്യത്തെ ഉദ്യാനങ്ങള്‍ ഒരുങ്ങി

Posted on: July 16, 2015 4:33 pm | Last updated: July 16, 2015 at 4:33 pm

അബുദാബി: പെരുന്നാള്‍ ആഘോഷിക്കാനെത്തുന്ന സന്ദര്‍ശകരെ സ്വീകരിക്കാന്‍ രാജ്യത്തെ ഉദ്യാനങ്ങള്‍ ഒരുങ്ങിയതായി അധികൃതര്‍. ഇതിന്റെ ഭാഗമായി രാജ്യത്തെ മിക്ക ഉദ്യാനങ്ങളിലും ബന്ധപ്പെട്ട നഗരസഭാ അധികൃതരുടെ മേല്‍നോട്ടത്തില്‍ മിനുക്കുപണികള്‍ നടത്തിയിട്ടുണ്ട്. നിലവില്‍ ചില പാര്‍ക്കുകളില്‍ പ്രവര്‍ത്തനരഹിതമായി കിടക്കുന്ന സൗകര്യങ്ങളൊക്കെ നവീകരണ പ്രവര്‍ത്തികള്‍ നടത്തി പ്രവര്‍ത്തനസജ്ജമാക്കിയതായും അധികൃതര്‍ അറിയിച്ചു.
സ്വദേശികളും വിദേശികളുമായി വന്‍ ജനാവലി ഈദാഘോഷത്തിന്റെ ഭാഗമായി ഉദ്യാനങ്ങളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സന്ദര്‍ശകരായി കുടുംബങ്ങളെയാണ് കൂടുതല്‍ പ്രതീക്ഷിക്കുന്നതെന്നതിനാല്‍ കുട്ടികളുമായും മറ്റും ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങളും ഉദ്യാനങ്ങളില്‍ ശക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം സ്വസ്ഥമായി ആഘോഷത്തിനെത്തുന്നവര്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കുന്ന പൂവാല ശല്യമുള്‍പെടെയുള്ള സാമൂഹികവിരുദ്ധ പ്രവണതകളെ നിരീക്ഷിക്കാനും നടപടിയെടുക്കാനും നടപടി സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.
രാജ്യത്തെ പ്രധാനപ്പെട്ട പാര്‍ക്കുകളിലെല്ലാം ഈദിന്റെ മുന്നോടിയായി പ്രത്യേക വിനോദ പരിപാടികള്‍ ഒരുക്കിയതായും അധികൃതര്‍ വ്യക്തമാക്കി. കുടുംബങ്ങളെയും പ്രത്യേകിച്ച് കുട്ടികളെയും ലക്ഷ്യം വെച്ചുള്ളവയാണ് ഇതിലധികവും. അതേ സമയം, ഈ പെരുന്നാളിന് ഉദ്യാനങ്ങളിലും മറ്റും അത്ര വലിയ തള്ളിക്കയറ്റം ഉണ്ടാകില്ലെന്ന് വിലയിരുത്തപ്പെടുന്നു. 50 ഡിഗ്രിയോടടുത്ത ചൂടും രാത്രികാലങ്ങളില്‍ അനുഭവപ്പെടുന്ന അസഹ്യമായ അന്തരീക്ഷ ഈര്‍പ്പവുമാണ് ഇതിന് കാരണമാവുക.
അതോടൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേനല്‍കാല അവധിയിലാണെന്നതും പാര്‍ക്കിലും മറ്റും കുടുംബങ്ങളുടെ സാന്നിധ്യം കുറയാന്‍ ഇടയാക്കുമെന്ന് നിരീക്ഷിക്കപ്പെടുന്നു. സ്‌കൂള്‍ അവധിയും റമസാനും കടുത്ത ചൂടും എല്ലാം ഒരുമിച്ചെത്തിയതിനാല്‍ നിരവധി കുടുംബങ്ങള്‍ സ്വദേശങ്ങളിലേക്ക് മടങ്ങിയിരിക്കുകയാണ്, പ്രത്യേകിച്ചും മന്‍സൂണ്‍ കാലാവസ്ഥ നിലനില്‍ക്കുന്ന കേരളം പോലെയുള്ള സ്ഥലങ്ങളില്‍ നിന്നുള്ള കുടുംബങ്ങള്‍.
പടക്കംപൊട്ടിക്കുന്നതുള്‍പെടെയുള്ള ഫയര്‍ വര്‍ക്കുകള്‍ ഈദാഘോഷത്തിന്റെ ഭാഗമായി നടത്തുന്നത് കര്‍ശനമായി നിയന്ത്രിച്ചതിനാല്‍ പാര്‍ക്കുകള്‍ പോലെയുള്ള സ്ഥലങ്ങളില്‍ ഇവ ചെയ്യുന്നത് കടുത്ത നടപടികള്‍ക്ക് കാരണമാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.