150 കിലോ ഹെറോയിനുമായി 120 അംഗ സംഘത്തെ പിടികൂടി

Posted on: July 16, 2015 4:29 pm | Last updated: July 16, 2015 at 4:29 pm

AR-307149797അബുദാബി: 150 കിലോ ഗ്രാം ഹെറോയിനുമായി 120 അംഗ മയക്കുമരുന്നു കടത്ത് സംഘത്തെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പാക്കിസ്ഥാനില്‍ നിന്നു യു എ ഇയിലേക്ക് മയക്കുമരുന്നു കടത്താന്‍് ശ്രമിച്ച സംഘത്തെയാണ് പാക്കിസ്ഥാനിലെ മയക്കുമരുന്നു വിരുദ്ധ വിഭാഗവുമായി സഹകരിച്ച് യു എ ഇ പിടികൂടിയത്.
പിടിയിലായവരില്‍ 40 പേര്‍ സ്ഥിരമായി മയക്കുമരുന്നു കടത്തുന്നവരും 80 മയക്കുമരുന്നിന് അടിമകളാവുകയും സംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയും ചെയ്തവരുമാണ്. യു എ ഇ മയക്കുമരുന്നു വിരുദ്ധ വിഭാഗമാണ് സംഘത്തെ പിടികൂടിയത്. രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം തകര്‍ക്കാന്‍ സാധിച്ചതായി ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആന്റി നാര്‍കോട്ടിക്‌സ് ഫെഡറല്‍ ഡയറക്ടറേറ്റ് ജനറല്‍ ഡയറക്ടര്‍ ജനറല്‍ കേണല്‍ സഈദ് അബ്ദുല്ല അല്‍ സുവൈദി വ്യക്തമാക്കി. മയക്കുമരുന്നു ഉപയോഗവുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ ഉണ്ടാവുന്ന സാഹചര്യത്തിലാണ് ഇത്തരം നിരോധിതവസ്തുക്കള്‍ രാജ്യത്ത് എത്തിക്കുന്നവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. രാജ്യത്ത് മയക്കുമരുന്ന് എത്തിക്കാന്‍ സഹായിക്കുന്നവരെ കണ്ടെത്താനുള്ള പരിശ്രമത്തിന്റെ ഭാഗമായിരുന്നു പാക്കിസ്ഥാനിലെ മയക്കുമരുന്നു വിരുദ്ധ വിഭാഗവുമായി യോജിച്ചുള്ള പ്രവര്‍ത്തനം. ഏഷ്യയില്‍ നിന്നുള്ളവരാണ് പിടിയിലായവരെല്ലാം. അബുദാബിയില്‍ മയക്കുമരുന്നു ഉപയോഗിക്കുന്ന പലര്‍ക്കും ഒരേ ഉറവിടത്തില്‍ നിന്നാണ് അവ ലഭിക്കുന്നതെന്ന് ബോധ്യപ്പെട്ടതോടെയാണ് അന്വേഷണം ഊര്‍ജിതമാക്കിയത്.
വിദേശത്തു നിന്നുള്ള ഫോണ്‍ കോളിന്റെ അടിസ്ഥാനത്തിലായിരുന്നു സംഘം യു എ ഇയില്‍ മയക്കുമരുന്നു വ്യാപാരം നിയന്ത്രിച്ചിരുന്നത്. ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ പിന്തുണയോടെയായിരുന്നു മയക്കുമരുന്നു വിരുദ്ധ സംഘം രാജ്യത്തെ ഓപറേഷന് നേതൃത്വം നല്‍കിയത്. മയക്കുമരുന്നു സംഘത്തെ നിയന്ത്രിക്കുന്നത് രാജ്യത്തിന് പുറത്തുനിന്നുള്ള ആളായതായിരുന്നു അന്വേഷണ സംഘം നേരിട്ട ഏറ്റവും വലിയ വെല്ലുവിളി.
ഇത്തരം ഒരു സംഘത്തെ തകര്‍ക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ രാജ്യത്ത് മയക്കുമരുന്നിന് അടിപ്പെട്ട് മരിക്കുന്നവരുടെയും മറ്റ് പ്രശ്‌നങ്ങളില്‍ അകപ്പെടുന്നവരുടെയും എണ്ണം വര്‍ധിക്കാന്‍ ഇടയാക്കുമായിരുന്നു. സംഘത്തെ കുടുക്കുന്നതിന് ആവശ്യമായ നടപടിക്ക് ശൈഖ് സെയ്ഫ് വേഗം പകര്‍ന്നതാണ് വലയിലാക്കാന്‍ സഹായിച്ചത്. മയക്കുമരുന്നു കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയും യു എ ഇയില്‍ നിന്നു നാടുകടത്തുകയും ചെയ്ത അകില്‍ ഖാന്‍ എന്ന ആളായിരുന്നു സംഘത്തിന് നേതൃത്വം നല്‍കിയത്. ഇയാള്‍ ഓപ്പറേഷന്റെ ഭാഗമായി പാക്കിസ്ഥാനില്‍ അറസ്റ്റിലായതും രാജ്യത്തിന്റെ മയക്കുമരുന്ന് കടത്തിന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരും.
പാക്കിസ്ഥാനിലേക്ക് നാടുകടത്തപ്പെട്ട ശേഷം അവിടെ നിന്നു നിയന്ത്രിച്ചായിരുന്നു അലി യു എ ഇയില്‍ മയക്കുമരുന്നു വ്യാപാരം നടത്തിയത്. താന്‍ യു എ ഇയില്‍ താമസിച്ചിരുന്ന കാലത്ത് ബന്ധം സ്ഥാപിച്ച മയക്കുമരുന്നിന് അടിമകളായവരെയായിരുന്നു ഇതിനായി ഉപയോഗപ്പെടുത്തിയത്.