Connect with us

Kasargod

സഫിയ വധക്കേസ്: ഒന്നാം പ്രതി കെസി ഹംസയ്ക്ക് വധശിക്ഷ

Published

|

Last Updated

>>2006 ഡിസംബറിലാണ് സഫിയയെ കാണാതാകുന്നത്‌

>>ഒരു ദൃക്‌സാക്ഷി പോലും ഇല്ലാതെ പൂര്‍ണമായും
ശാസ്ത്രീയസാഹചര്യത്തെളിവുകളിലൂടെയാണ് കേസ് തെളിയിച്ചത്

കാസര്‍കോട്: സഫിയ വധക്കേസില്‍ ഒന്നാം പ്രതി പാവ്വല്‍ മാസ്തിക്കുണ്ടിലെ കെ സി ഹംസ (50)ക്ക് വധശിക്ഷ. തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷവും കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് ആറ് വര്‍ഷവും കഠിനതടവ് വേറെയും അനുഭവിക്കണം. പത്ത് ലക്ഷം രൂപ പിഴയടക്കാനും കോടതി വിധിച്ചു. പിഴ സംഖ്യയില്‍ നിന്ന് എട്ട് ലക്ഷം രൂപ സഫിയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം. ഹംസയുടെ ഭാര്യയും മൂന്നാം പ്രതിയുമായ മൈമൂന (38) ക്ക് ആറ് വര്‍ഷം തടവും നാലാം പ്രതിയും ഹംസയുടെ ബന്ധുവുമായ ആരിക്കാടി കുന്നിലിലെ അബ്ദുല്ല (58)യെ മൂന്ന് വര്‍ഷം കഠിന തടവിനും ശിക്ഷിച്ചു. ജില്ലാ സെഷന്‍സ് ജഡ്ജി എം ജെ ശക്തിധരനാണ് ശിക്ഷ വിധിച്ചത്.
തെളിവ് നശിപ്പിച്ചതിനും കുട്ടിയെ തട്ടിക്കൊണ്ടുപോയതിനും മൂന്ന് വര്‍ഷം വീതം തടവ് ശിക്ഷയാണ് മൈമൂനക്ക് വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. കൂടാതെ ഇവര്‍ അയ്യായിരം രൂപ പിഴയും അടക്കണം. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം അധിക തടവ് അനുഭവിക്കണം. അബ്ദുല്ലയും അയ്യായിരം രൂപ പിഴയടക്കണം. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം തടവ് ശിക്ഷ അധികം അനുഭവിക്കണം. ഇരുവരുടെയും ശിക്ഷ നടപ്പാക്കുന്നത് ആഗസ്റ്റ് പതിനാറ് വരെ കോടതി നിര്‍ത്തിവെച്ചു. ഇതേത്തുടര്‍ന്ന് ഇന്നലെ ഇവര്‍ക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്. ഹംസയെ കനത്ത പോലീസ് കാവലില്‍ ജയിലിലേക്ക് കൊണ്ടുപോയി. കേസിലെ രണ്ടാം പ്രതി മൊയ്തു ഹാജി, അഞ്ചാം പ്രതി റിട്ട. എ എസ് ഐ. പി എന്‍ ഗോപാലകൃഷ്ണന്‍ എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ നേരത്തെ വെറുതെ വിട്ടിരുന്നു.
കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെയും പബ്ലിക് പ്രോസിക്യൂട്ടറെയും ശാസ്ത്രീയ പരിശോധന നടത്തിയവരെയും അന്വേഷണത്തിന് വേണ്ട സഹായങ്ങള്‍ നല്‍കിയ ഗോവ പോലീസിനെയും വിധിന്യായത്തില്‍ കോടതി പ്രശംസിച്ചു. മടിക്കേരി അയ്യങ്കേരിയിലെ മൊയ്തു- ആഇശ ദമ്പതികളുടെ മകള്‍ സഫിയയെ (14) ഗോവയിലേക്ക് കൊണ്ടുപോയി ഫഌറ്റില്‍ വെച്ച് കൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളാക്കി ചാക്കില്‍ കെട്ടി കനാലില്‍ കുഴിച്ചിട്ടുവെന്നാണ് കേസ്.
2006 ഡിസംബര്‍ 22നാണ് സഫിയയെ ഗോവയിലെ ഹംസയുടെ ഫഌറ്റില്‍ വെച്ച് കൊലപ്പെടുത്തിയത്. മാസ്തിക്കുണ്ടിലെ ഹംസയുടെ വീട്ടില്‍ ജോലിക്ക് നിര്‍ത്തിയിരുന്ന പെണ്‍കുട്ടിയെ അവരുടെ രക്ഷിതാക്കളറിയാതെ ഗോവയിലേക്ക് കൊണ്ടുപോകുകയും ജോലി ചെയ്യുന്നതിനിടെ ചൂട് കഞ്ഞിവെള്ളം മറിഞ്ഞു പൊള്ളലേറ്റ സഫിയയെ മതിയായ ചികിത്സ നല്‍കാതെ കൊന്നു കഷ്ണങ്ങളാക്കി ചാക്കില്‍ കെട്ടി കാറില്‍ കൊണ്ടുപോയി കനാലില്‍ കുഴിച്ചുമൂടുകയും ചെയ്തുവെന്നാണ് കേസ്. ഹംസയാണ് കൊലപാതകം നടത്തിയതെന്ന് കോടതിയില്‍ തെളിഞ്ഞു. ഭാര്യ മൈമൂന കൊലപാതക കുറ്റം മറച്ചുവെച്ച് ഭര്‍ത്താവിനെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്നും കുട്ടിയെ രക്ഷിതാക്കളില്‍ നിന്ന് തട്ടിക്കൊണ്ടുപോയെന്നും കോടതി കണ്ടെത്തി. തെളിവ് നശിപ്പിച്ച് ഒന്നാം പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്നാണ് അബ്ദുല്ലക്കെതിരെയുള്ള കുറ്റം.
ആദ്യം ലോക്കല്‍ പോലീസാണ് കേസന്വേഷിച്ചത്. ക്രൈം ബ്രാഞ്ച് എസ് പി. കെ പി ഫിലിപ്, ഡി വൈ എസ് പി. കെ വി സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കൊലപാതകം തെളിയിക്കുകയും ചെയ്തത്.